By Malakkallu Express:November 23, 2014
മന്ത്രിയറിഞ്ഞോ? കാസര്‍കോട്ടുനിന്ന് തസ്തികകളും കടത്തുന്നു
കാസര്‍കോട്: ജീവനക്കാരില്ലാതെ ഫയലുകള്‍ അട്ടികിടക്കുന്ന കാസര്‍കോട്ടുനിന്ന് തസ്തികയും അടര്‍ത്തിമാറ്റുന്നു. പഞ്ചായത്തുവകുപ്പിലാണ് മന്ത്രിപോലും അറിയാതെ ജീവനക്കാരെ ജില്ലയില്‍നിന്ന് കടത്തിയിരിക്കുന്നത്. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍നിന്ന് സീനിയര്‍ ക്ലാര്‍ക്കിന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍നിന്ന് ക്ലാര്‍ക്കിന്റെയും തസ്തികയാണ് ഭരണസൗകര്യത്തിന്റെപേരില്‍ പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിലേക്ക് മാറ്റിയിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍നിന്ന് ഓരോതസ്തിക അടര്‍ത്തിയെടുത്തിട്ടുണ്ടെങ്കിലും കാസര്‍കോട്ടുനിന്നുമാത്രമാണ് രണ്ടെണ്ണമുള്ളത്. നേരത്തേ ജോലിക്രമീകരണത്തിന്റെഭാഗമായി ജീവനക്കാരെ തിരുവനന്തപുരത്തേയ്ക്ക് നിയോഗിക്കുക പതിവായിരുന്നു. തെക്കുനിന്നുള്ള ജീവനക്കാര്‍ ഈ സൗകര്യം ഉപയോഗിച്ച് രക്ഷപ്പെടുക പതിവായിരുന്നു. എന്നാല്‍, ജോലി തിരുവനന്തപുരത്തും കൂലി കാസര്‍കോട്ടും എന്ന സ്ഥിതി ഓഡിറ്റ് വിഭാഗം പിടിച്ചതോടെ അത് നിലച്ചു. പുതിയവഴി തേടുന്നതിന്റെഭാഗമായാണ് തസ്തികതന്നെ ഡയറക്ടറുടെ ഓഫീസിലേക്ക് മാറ്റിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.പഞ്ചായത്തുകളില്‍ ജീവനക്കാരില്ലാത്തത് ഭരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് തസ്തികകള്‍തന്നെ അടര്‍ത്തിയെടുത്തത് പുറത്തുവന്നിരിക്കുന്നത്.
mathrubhoomi

