Headlines
By Malakkallu Express:November 09, 2014

അമേരിക്കന്‍ തിരിച്ചുവരവ് കരുതലോടെ

ലോകത്തിന്റെ തന്നെ സാമ്പത്തിക തലസ്ഥാനമെന്ന് അവകാശപ്പെടുന്ന നഗരമാണ് അമേരിക്കയിലെ ന്യൂയോര്‍ക്ക്. ഓഹരി വിപണിയുടെ ആസ്ഥാനമായി അറിയപ്പെടുന്ന വാള്‍ സ്ട്രീറ്റും നാസ്ഡാക്കും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ടൈം സ്‌ക്വയറും നില്‍ക്കുന്ന മന്‍ഹട്ടന്‍ ഡൗണ്‍ടൗണ്‍ ആണ് ന്യൂയോര്‍ക്കിലെ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്. സാമ്പത്തിക മേഖലയില്‍ തിരിച്ചുവരവിന്റെ നേരിയ സൂചനകള്‍ ന്യൂയോര്‍ക്കിലെ തെരുവുകള്‍ നല്‍കുന്നു.

എങ്കിലും സംശയത്തിന്റെയും കരുതലിന്റെയും കടിഞ്ഞാണുകള്‍ സാമ്പത്തിക സ്ഥാപനങ്ങളുടെയും സാധാരണക്കാരുടെയും കൈവശമുണ്ട്. വായ്പയെടുത്ത് പുതിയ വീടോ കാറോ വാങ്ങാനൊരുങ്ങുമ്പോള്‍ തിരിച്ചടവിനെക്കുറിച്ച് സാധാരണക്കാര്‍ പലവട്ടം ആലോചിക്കുമെന്നായിട്ടുണ്ട്. ബാങ്കുകളും ഇക്കാര്യത്തില്‍ കൂടുതല്‍ കരുതല്‍ കാണിക്കുന്നുണ്ടെന്നാണ് സൂചന.
ന്യൂയോര്‍ക്കില്‍ പൊതുവെ കൂറേക്കൂടി മെച്ചപ്പെട്ട ചിത്രം കാണാം. താരതമ്യേന ഉയര്‍ന്ന ശമ്പളമുള്ളവര്‍ അവിടെ കൂടുതലാണെന്നതായിരിക്കാം കാരണം. കാലിഫോര്‍ണിയയും ഇക്കാര്യത്തില്‍ അല്പം ഭേദമാണ്. എന്നാല്‍, അമേരിക്കയിലെ മറ്റു പല സ്റ്റേറ്റുകളിലും അവസ്ഥ അത്ര മെച്ചമല്ലെന്ന് അവിടെ താമസിക്കുന്നവരില്‍ പലരും കരുതുന്നു. അതേക്കുറിച്ച് സാധാരണക്കാരന്റെ വിലയിരുത്തലുകള്‍ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്.

ജോലി സാധ്യതയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ലഭിച്ച മറുപടി തികഞ്ഞ ശുഭാപ്തി വിശ്വാസത്തിന്റേതായിരുന്നില്ല. ഒരു വര്‍ഷമായി കൂടുതല്‍ പുതിയ ജോലികള്‍ ഉണ്ടാകുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ അതിലധികവും കുറഞ്ഞ ശമ്പളത്തിന്റേതാണ്. കോളേജില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് താരതമ്യേന കുറഞ്ഞ ശമ്പളമുള്ള ജോലിക്ക് ചേരേണ്ടിവരുന്നു. പ്രവൃത്തി പരിചയമില്ലെങ്കില്‍ ജോലിസാധ്യത പരിമിതമാണ്.

പാര്‍ട്ട് ടൈമോ കുറഞ്ഞ സമയത്തേക്കുള്ളതോ ആയ ജോലികളാണ് മുന്നിലുള്ളതിലേറെയും. എങ്കിലും മിനിമം വേതനം മണിക്കൂറിന് പത്ത് ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ചിലേടത്ത് സ്‌കൂളുകളില്‍ ഒരു ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 25ല്‍ നിന്ന് 30ന് അടുത്തെത്തിയെന്ന് വീട്ടമ്മമാര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലി നഷ്ടമായവരുള്‍പ്പെടെ നല്ല ജോലിക്ക് ശ്രമിക്കുന്നതിനാല്‍ തൊഴില്‍ മാര്‍ക്കറ്റില്‍ മത്സരം വര്‍ധിച്ചിട്ടുണ്ട്. പിരിച്ചുവിടലിന്റെ പേരില്‍ ജോലി നഷ്ടമാവുന്നത് താരതമ്യേന കുറഞ്ഞു. ചില സ്ഥാപനങ്ങളില്‍ ഇപ്പോഴും ലേ ഓഫ് നടക്കുന്നുമുണ്ട്. അത്തരത്തില്‍ ജോലി നഷ്ടമായാല്‍ പിന്നീടൊരു ജോലി കണ്ടെത്താന്‍ അഞ്ചോ ആറോ മാസമെങ്കിലും പിടിക്കുന്നു. 2008ലെ മാന്ദ്യകാലത്ത് അധ്യാപകര്‍ക്കും സര്‍ക്കാര്‍ സര്‍വീസിലുമൊക്കെ ശമ്പളത്തില്‍ കുറവു വന്നിരുന്നു. ഇപ്പോള്‍ ആ പ്രവണതയില്ല. എന്നാല്‍, ശമ്പള വര്‍ധന ജീവിതച്ചെലവ് ഉയരുന്നതിന് അനുസൃതമായി ലഭിക്കുന്നെന്ന് പറയാനാവില്ല.

സാധാരണക്കാര്‍ വീട് വാങ്ങുന്നതിന്റെ തോതാണ് അമേരിക്കയിലെ സാമ്പത്തിക അവസ്ഥയുടെ മാനദണ്ഡമായി കാണുന്ന മറ്റൊരു ഘടകം. ഏറെ നാളായി ജോലിയില്ലാതെ തുടരുന്ന പലര്‍ക്കും ഇപ്പോഴും വീട് നഷ്ടമാവുന്നുണ്ട് എന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.
'വീടില്ല, സഹായം വേണം' എന്ന ബോര്‍ഡ് ഏന്തി, പൊതിയിലുള്ള ഭക്ഷണം കഴിച്ച് റോഡരികിലിരിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും ന്യൂയോര്‍ക്കിലെ തെരുവുകളിലും കാണാം. ബസ്സിലും സബ്് വേ തീവണ്ടികളിലും 'വീടില്ല, സഹായം വേണം' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് മാന്യമായ വസ്ത്രം ധരിച്ച് സഹായം തേടിയെത്തുന്നവരും ഏറെ. ഇത്തരക്കാര്‍ക്ക് ചിലരെങ്കിലും സഹായം നല്‍കുന്നതും കാണാം. വീടില്ലാത്തവര്‍ക്ക് ആശ്രയ കേന്ദ്രങ്ങള് നഗരങ്ങളിലുണ്ട്. മിക്കതും സന്നദ്ധ സംഘടനകള്‍ നടത്തുന്നതാണ്.

ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്ന കാര്യത്തിലും കൂടുതല്‍ കരുതല്‍ കാണിക്കുന്നുണ്ട്. ചിലേടങ്ങളില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉയരുന്നത് തിരിച്ചുവരവിനുള്ള ശ്രമമായിക്കാണാം. എന്നാല്‍, ന്യൂയോര്‍ക്കില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററുകള്‍ക്ക് പകരം പണിയാനുദ്ദേശിക്കുന്ന അഞ്ചിലധികം കെട്ടിടങ്ങളുടെ സമുച്ചയത്തിലെ പല കെട്ടിടങ്ങളുടെയും പണി തീര്‍ന്നിട്ടില്ല. വാടകയ്‌ക്കെടുക്കാന്‍ ആളെത്താത്തതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉപഭോക്തൃ മേഖലയില്‍ സാധാരണക്കാര്‍ ചെലവിടുന്ന തുക മാന്ദ്യകാലത്തേക്കാള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കൈവിട്ടുള്ള ചെലവാക്കലില്ല. കച്ചവട കേന്ദ്രങ്ങളിലും മാളുകളിലും ജനത്തിരക്കുണ്ടെങ്കിലും നിറഞ്ഞ കവറുകളുമായി ഇറങ്ങുന്നവര്‍ കുറവാണ്.
ചികിത്സ സാധാരണക്കാര്‍ക്ക് ചെലവേറ്റിയിട്ടുണ്ട്. 'ഒബാമ െകയര്‍' കുറേപ്പേര്‍ക്ക് സഹായമായി. എന്നാല്‍, അപേക്ഷ നല്‍കിയിട്ടും സഹായം ലഭിക്കാതെ അസ്വസ്ഥരായി കഴിയുന്നവര് ഏറെ.

ഉയര്‍ന്ന വരുമാനക്കാര്‍ക്ക് കമ്പനി വഴിയുള്ളതുള്‍പ്പെടെയുള്ള ആരോഗ്യ ഇന്ഷുറന്‌സ് പോളിസികള്‍ക്ക് ചെലവേറിയതായി. ഇത്തവണ മുമ്പത്തേക്കാള്‍ 600 ഡോളര്‍ അധികം നല്‍കേണ്ടി വന്നെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒബാമ കെയര്‍ പദ്ധതിയാണ് മറ്റുള്ളവരുടെ ഇന്ഷുറന്‌സ് പ്രീമിയം വര്‍ധനയ്ക്ക് കാരണമെന്ന് കരുതുന്നവരും ഏറെ. ചെലവേറിയതുകാരണം ഇന്ഷുറന്‌സ് പുതുക്കാനാവാത്തവരുമുണ്ട്.

ഓഹരി വിപണികളാകട്ടെ ഉയരത്തിലാണ്. എന്നാല്, 2008ലെ ഇടിവിന് ശേഷം 2009ഓടെ തിരിച്ചുകയറാന് തുടങ്ങിയ അമേരിക്കന് ഓഹരി സൂചികകള് വീണ്ടുമൊരു ഇടിവിനായി കാതോര്ക്കുകയാണ്. മാന്ദ്യത്തിന്റെ പിടിയില് നിന്ന് തിരിച്ചുകയറാന് തുടങ്ങിയെങ്കിലും ഇപ്പോഴും ആത്മവിശ്വാസക്കുറവുണ്ട് അമേരിക്കന് സമ്പദ്ഘടനയ്ക്ക്.
source mathrubhoomi

Filed under .

0 comments for "അമേരിക്കന്‍ തിരിച്ചുവരവ് കരുതലോടെ"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas