Headlines
By Malakkallu Express:December 16, 2014

മലയാളത്തില്‍ സാഹിത്യ പത്രപ്രവര്‍ത്തനത്തിന്‌ അപഭ്രംശം- പായിപ്ര രാധാകൃഷ്‌ണന്‍

കഥാകൃത്ത്‌, പ്രഭാഷകന്‍, കോളമിസ്‌റ്റ് എന്നിങ്ങനെ പലനിലകളില്‍ പ്രശസ്‌തനാണ്‌ പായിപ്ര രാധാകൃഷ്‌ണന്‍. അധ്യാപകന്‍, അക്ഷയ പുസ്‌തകനിധി അധ്യക്ഷന്‍, ആര്‍ഷവിദ്യാപീഠം ഡയറക്‌ടര്‍ എന്നിങ്ങനെ കേരള സാഹിത്യ അക്കാദമി സെക്രട്ടറിവരെയള്ള ഔദ്യോഗിക രംഗങ്ങളില്‍ മികച്ച സംഘാടനത്തിന്റെ കൈയൊപ്പു ചാര്‍ത്തിയ വ്യക്‌തിത്വം കൂടിയാണ്‌. ഇന്നും പച്ചപ്പും ഗ്രാമ്യനിഷ്‌കളങ്കതയും കൈമോശപ്പെടാത്ത പായിപ്രയെന്ന കൊച്ചു ഗ്രാമത്തില്‍ കാലൂന്നിനിന്ന്‌ ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള ഓരോ ചലനങ്ങളിലും ഈ എഴുത്തുകാരന്‍ ഇടപെടുന്നു.
mangalam malayalam online newspaper
? എവിടെനിന്നു തുടങ്ങുന്നു, എഴുത്തിലേക്കുള്ള വഴി
എവിടെനിന്നൊക്കെയോ എന്നു പറയേണ്ടി വരും. എന്തും ഒരു കഥ കണക്കെ പറഞ്ഞിരുന്ന അമ്മയില്‍ നിന്നാവാം. വിവിധ വിഷയങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന ഇഞ്ചൂര്‍ വാസുദേവന്‍ നമ്പൂതിരിയെന്ന മുത്തച്‌ഛനില്‍ നിന്നാകാം. അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങിയ, സ്‌ഥിരമായി ഒരു സ്‌ഥാനമില്ലാതിരുന്ന പായിപ്രയിലെ ലൈബ്രറിയില്‍ നിന്നാവാം. രാവിലെ മുഴുവന്‍ കൃഷിയിടത്തില്‍ അധ്വാനിച്ച്‌ ഉച്ചകഴിഞ്ഞ്‌ ഈറന്‍ തോര്‍ത്തു പുതച്ച്‌ ഇരമല്ലൂര്‍ പബ്ലിക്‌ ലൈബ്രറിയിലെ പുസ്‌തകങ്ങളുടെ കാവല്‍ക്കാരനായി വന്ന പത്മനാഭന്‍ നായരില്‍ നിന്നാകാം.. പക്ഷെ, കഥയുടെ വഴിയിലേക്ക്‌ ബോധപൂര്‍വം തിരിഞ്ഞു നടക്കുന്നതു മഹാരാജാസ്‌ കോളജിലെ ബിരുദ പഠനക്കാലത്താണ്‌.

? ബാല്യ-കൗമാര ഘട്ടങ്ങളിലെ വായനക്കാലം
പറഞ്ഞല്ലോ, സ്‌ഥിരമായി ഒരു സ്‌ഥാനമില്ലാതിരുന്ന ലൈബ്രറിയാണു പായിപ്രയില്‍ അന്നുണ്ടായിരുന്നത്‌. ഒരു ബോര്‍ഡും അലമാരയും അലമാരയില്‍ കുറച്ചു പുസ്‌തകങ്ങളും ഒരിടത്തുണ്ടാകും. വായിക്കാന്‍ കൊണ്ടു പോകുന്ന പുസ്‌തകങ്ങള്‍ മിക്കവാറും മടങ്ങി വരലില്ല. അലമാര കാലിയാകുന്നതോടെ ലൈബ്രറിയുടെ പ്രവര്‍ത്തനം നിലയ്‌ക്കും. പിന്നീട്‌, ആരുടെയൊക്കെയോ ഉത്സാഹത്തില്‍ വീണ്ടും ബോര്‍ഡും അലമാരയും പുസ്‌തകങ്ങളും മറ്റൊരിടത്തു പ്രത്യക്ഷപ്പെടും. അതിങ്ങനെ ആവര്‍ത്തിക്കപ്പെടും. തൃക്കളത്തൂര്‍ ലൈബ്രറിയില്‍ നിന്ന്‌ അമ്മാവന്‍ എടുത്തു കൊണ്ടു വരുന്ന പുസ്‌തകങ്ങളാണ്‌ ആദ്യം വായിച്ചിരുന്നത്‌.
പിന്നീട്‌, ഹൈസ്‌കൂള്‍ പഠനകാലത്താണ്‌ കുറച്ചു ദൂരെയുള്ള ഇരമല്ലൂര്‍ പബ്ലിക്‌ ലൈബ്രറിയില്‍ അംഗത്വം എടുക്കുന്നത്‌. ഒരിക്കല്‍ പോലും ഒരു വായനക്കാരനല്ലാത്ത, കൃഷിക്കാരനായ ലൈബ്രേറിയന്‍ പത്മനാഭന്‍ നായരാണ്‌ പുസ്‌തകങ്ങള്‍ സൂക്ഷിക്കേണ്ടതാണെന്ന്‌ എന്നെ പഠിപ്പിക്കുന്നത്‌. ഡിറ്റക്‌ടീവ്‌ നോവലുകളിലാണ്‌ തുടക്കം. പിന്നെ അവിടെയുള്ള മുഴുവന്‍ പുസ്‌തകങ്ങളും വായിച്ചു തീര്‍ത്തു.

? എഴുത്തുകാരന്‍ രൂപപ്പെടുന്നത്‌ ബിരുദ പഠനകാലത്താണ്‌. മഹാരാജാസ്‌ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു
ഏതൊരാളേയും മാറ്റിയെടുക്കുന്ന, നവീകരിക്കുന്ന കാമ്പസായിരുന്നു മഹാരാജാസിന്റേത്‌.. തിരുവനന്തപരത്തു നിന്നു മുതല്‍ കാസര്‍ഗോഡു നിന്നു വരെയുള്ള കുട്ടികള്‍. ലക്ഷദ്വീപില്‍ നിന്നുമുണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍. ചലചിത്ര താരം മമ്മൂട്ടി, ജില്ലാ കലക്‌ടറും വൈസ്‌ചാന്‍സലറുമായിരുന്ന കെ.ആര്‍. വിശ്വംഭരന്‍, ഇപ്പോഴത്തെ പി.എസ്‌.സി. ചെയര്‍മാന്‍ ഡോ.കെ.എസ്‌. രാധാകൃഷ്‌ണന്‍, മുന്‍ മന്ത്രി തോമസ്‌ ഐസക്‌, കഥാകൃത്തുക്കളായ സി. അയ്യപ്പന്‍, ഗ്രേസി എന്നിവരൊക്കെ അക്കാലത്ത്‌ മഹാരാജാസില്‍ പഠിച്ചിരുന്നവരാണ്‌.
പ്ര?ഫ.എം. അച്യുതന്‍, പ്ര?ഫ. എം.കെ. സാനു, ഡോ.എം ലീലാവതി തുടങ്ങിയ അതിപ്രഗത്ഭരായ അധ്യാപകര്‍.. ഞാന്‍ പഠിക്കുന്ന കാലത്താണ്‌ ഡി. വിനയചന്ദ്രന്‍ അധ്യാപകനായി വരുന്നത്‌. നിരവധി ബംഗാളി നോവലുകള്‍ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്‌ത നിലീന എബ്രഹാം ഉണ്ടായിരുന്നു. ഈച്ചര വാര്യരും ഭരതന്‍ മാഷും...പക്ഷെ, എനിക്ക്‌ ഏറെ അടുപ്പം എക്കാലവും വേറിട്ട വഴികള്‍ തേടിയ ടി ആറിനോടായിരുന്നു. അരാജകവാദിയെ പോലെ ജീവിച്ചപ്പോഴും അദ്ദേഹത്തിന്റെ ഇംഗ്ലീഷ്‌ ക്ലാസുകള്‍, അത്‌ അനുഭവിച്ചവര്‍ക്ക്‌ മറക്കാനാവില്ല.

? ടി.ആര്‍ തുടങ്ങിയ സാഹിത്യമാസികയുടെ പത്രാധിപര്‍ താങ്കളായിരുന്നല്ലോ
'വായനശാല'യെന്നായിരുന്നു മാസികയുടെ പേര്‌. സര്‍ക്കാര്‍ ജോലിക്കാരനായതിനാല്‍ ടി.ആറിനു നേരിട്ട്‌ അതിന്റെ ചുമതല വഹിക്കാനാവുമായിരുന്നില്ല. നോബല്‍ സമ്മാനജേതാവായ ഗുന്തര്‍ ഗ്രാസുമായി ടി.ആര്‍. നടത്തിയ ഒരു അഭിമുഖമാണു മാസികയ്‌ക്ക് കാരണമായത്‌. ഇന്ത്യയില്‍ പത്തു ദിവസത്തെ സന്ദര്‍ശനത്തിനാണ്‌ അദ്ദേഹം എത്തിയത്‌. എറണാകുളത്തു മൂന്നു ദിവസം ഉണ്ടായിരുന്നു. വലിയ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹവുമായി കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, ഗുന്തര്‍ ഗ്രാസുമായി ടി.ആര്‍. അഭിമുഖം നടത്തി. ആ അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന്‌ വേണ്ടിയാണ്‌ സത്യത്തില്‍ 'വായനശാല' തുടങ്ങിയത്‌. മൂവാറ്റുപുഴയിലായിരുന്നു അച്ചടി.
പിന്നീട്‌ മലയാളത്തിലെ മഹാരഥന്‍മാരായ എഴുത്തുകാരെ വിചാരണ ചെയ്യാനാണ്‌ വായനശാല തീരുമാനിച്ചത്‌. എന്‍.വി കൃഷ്‌ണവാര്യര്‍ മലയാള സാഹിത്യത്തിന്‌ ചെയ്‌ത ദ്രോഹങ്ങളെ പറ്റിയായിരുന്നു ഒരു ലക്കം. സുകുമാര്‍ അഴിക്കോടിനെതിരേ ആയിരുന്നു മറ്റൊരു ലക്കം.
അതറിഞ്ഞ അഴിക്കോട്‌ മാഷ്‌ പ്രകോപിതനായി. വക്കീല്‍ നോട്ടീസ്‌ അയച്ചു. അടിയന്തിരാവസ്‌ഥാ കാലമാണ്‌. അതോടെ വായനശാല പ്രസിദ്ധീകരണം നിര്‍ത്തി. എന്തായാലും ടി.ആര്‍ കാലം തെറ്റി ജനിച്ച ഒരു മനുഷ്യനാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. ടി.ആറിനെ ഉള്‍ക്കൊള്ളാനോ, മനസിലാക്കാനോ ആ കാലഘട്ടത്തിന്‌ കഴിയുമായിരുന്നില്ല.

? ആദ്യത്തെ കഥ
ആലുവയില്‍നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന നിരൂപണം മാസികയില്‍ 1973 ലാണ്‌ ആദ്യ കഥ അച്ചടിക്കപ്പെടുന്നത്‌. പുതിയ വെളിച്ചമെന്നായിരുന്നു കഥയുടെ പേര്‌. മഹാരാജാസില്‍ പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ഒരു കോര്‍പ്പറേഷന്‍ ചരിത്രം എന്ന കഥ പ്രസിദ്ധീകരിച്ചു. എം.ടി. വാസുദേവന്‍ നായരായിരുന്നു അന്ന്‌ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപര്‍. അധ്യാപകര്‍ പോലും ആഴ്‌ചപ്പതിപ്പില്‍ ഒരിടം കിട്ടാന്‍ ആഗ്രഹിച്ചിരുന്ന കാലഘട്ടമായിരുന്നു അത്‌. തൊട്ടുപിന്നാലെ, 1975 ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലൂടെ ആദ്യ പുസ്‌തകവും പുറത്തു വന്നു. കാത്തു വച്ച മൗനം.

? ആ കഥാകാലം പിന്നീട്‌ കഥാസമിതിയിലൂടെ വികാസം കൊണ്ടു
ടി.ആര്‍, സി അയ്യപ്പന്‍, എസ്‌.കെ. മാരാര്‍, കെ.എസ്‌.പി. കര്‍ത്താവ്‌, അശമന്നൂര്‍ ഹരിഹരന്‍ തുടങ്ങിയവരൊക്കെയായിരുന്നുകഥാസമിതിയുടെ സംഘാടകരായി എനിക്കൊപ്പം ഉണ്ടായിരുന്നവര്‍. കഥാ സമിതി ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തു. ഓരോ വര്‍ഷവും വരുന്ന മികച്ച കഥകളുടെ സമാഹാരം പുറത്തിറക്കലായിരുന്നു, അതില്‍ പ്രധാനപ്പെട്ടത്‌. കഥ-74. കഥ-75 എന്നിങ്ങനെ 1977 ലെ കഥകള്‍ വരെ. കഥ 74-ലിലാണ്‌ സി. അയ്യപ്പന്റേയും ഗ്രേസിയുടേയും ആദ്യ കഥ ഉള്‍പ്പെടുന്നത്‌. ഈ പുസ്‌തകം കോഴിക്കോട്‌ സര്‍വകലാശാല പാഠപുസ്‌തകമാക്കിയിരുന്നു. ഇതോടൊപ്പം മറുനാടന്‍ കഥകളും സമാഹരിച്ചു. സാഹിത്യ ശില്‍പശാലകളായിരുന്നു, മറ്റൊന്ന്‌. ആദ്യ ശില്‍പശാല ഉദ്‌ഘാടനം ചെയ്‌തത്‌ ഉറൂബായിരുന്നു.

ഇതിനു പുറമെ കഥാ സമിതി സാഹിത്യ പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തി. ബാലകൃഷ്‌ണന്‍ മാങ്ങാട്‌, പി.കെ സുധി തുടങ്ങിയവരായിരുന്നു അവാര്‍ഡ്‌ ജേതാക്കള്‍. ബാലകൃഷ്‌ണന്‍ മാങ്ങാടിന്‌ പുരസ്‌കാരം സമ്മാനിച്ചത്‌ യു.ആര്‍ അനന്തമൂര്‍ത്തിയാണ്‌.

? കഥാസമിതിയ്‌ക്ക് ശേഷം
പിന്നീടാണു സത്യത്തില്‍ കൂടുതല്‍ കഥകള്‍ എഴുതുന്നത്‌. കൃത്യമായി പറഞ്ഞാല്‍ 1977 മുതല്‍ 82 വരെയുള്ള ഘട്ടം. മലപ്പുറം ജില്ലയിലെ തൂവൂര്‌ എന്ന ഉള്‍ഗ്രാമത്തില്‍ അദ്ധ്യാപകനായി ചെല്ലുമ്പോഴാണ്‌ അത്‌. മാതൃഭൂമി, കലാകൗമുദി, കഥാ മാസിക തുടങ്ങിയ മുന്‍നിര സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി എഴുതി. നോവലിസ്‌റ്റ് എന്ന നിലയില്‍ അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്ന നളിനി ബേക്കലിനെ വിവാഹം കഴിക്കുന്നതും ആദ്യ കുട്ടി ജനിക്കുന്നതും ആ കാലയളവില്‍ തന്നെ.

അതിനും ശേഷമല്ലേ, അക്ഷയ പുസ്‌തക നിധി? അക്ഷയ പുസ്‌തക നിധിയുടെ പ്രേരണ പ്രമുഖ ഗാന്ധിയനായിരുന്ന എം.പി മന്‍മഥന്‍ സാറാണ്‌. പതിനേഴ്‌ വര്‍ഷമായി തുടങ്ങിയിട്ട്‌. ബഹ്‌റിന്‍, അബുദാബി തുടങ്ങിയ വിദേശരാജ്യങ്ങളിലേത്‌ ഉള്‍പ്പടെയുള്ള മറുനാടന്‍ മലയാളി സംഘടനകള്‍ക്ക്‌ അംഗീകാരം ഏര്‍പ്പെടുത്തിയത്‌ അക്ഷയയാണ്‌. കൂടാതെ വിവിധ മേഖലയിലെ പ്രമുഖര്‍ക്കും പുരസ്‌കാരം നല്‍കുന്നു. ആയുര്‍വേദം, വാസ്‌തു ശാസ്‌ത്രം എന്നിങ്ങനെ.. അതിനേക്കാള്‍ ഉപരി പ്രതിഭകളായ കുട്ടികളെ കണ്ടെത്താന്‍ അക്ഷയ നടത്തിയ അനേ്വഷണങ്ങളും ഫലം കണ്ടു.

? സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന കാലം സംഭവബഹുലമായിരുന്നല്ലോ
അക്കാദമി സെക്രട്ടറിയായിരിക്കെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനായി. മരിച്ചുപോയ എഴുത്തുകാരുടെ ഛായാചിത്ര ഗ്യാലറി തുറക്കാന്‍ കഴിഞ്ഞതാണ്‌ അതില്‍ പ്രധാനപ്പെട്ടത്‌. കെ. കരുണാകരനായിരുന്നു അന്നു മുഖ്യ മന്ത്രി. ഒറ്റവര്‍ഷം കൊണ്ടാണ്‌ അന്ന്‌ ഗ്യാലറിക്കു വേണ്ടിയുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌.
സമഗ്രസംഭാവനയ്‌ക്കുള്ള അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയതാണ്‌, മറ്റൊന്ന്‌. പ്രമുഖരായ പല എഴുത്തുകാര്‍ക്കും തികച്ചും സാങ്കേതിക കാരണങ്ങള്‍ കൊണ്ട്‌ അവാര്‍ഡ്‌ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ജീവിത സായാഹ്നത്തിലെങ്കിലും അവരെ ആദരിച്ചില്ലെങ്കില്‍, അതിന്റെ കുറവ്‌ അക്കാദമിക്കാണെന്ന തിരിച്ചറിവാണ്‌ അത്തരമൊരു തീരുമാനത്തിന്‌ പിന്നില്‍. എം.ആര്‍.ബി, കെ.പി നാരായണ പിഷാരോടി എന്നിവര്‍ക്കാണ്‌ അന്ന്‌ അവാര്‍ഡുകള്‍ നല്‍കിയത്‌. ഇതിനു പുറമേ, ജയനാരായണന്‍, കല്യാണിക്കുട്ടിയമ്മ തുടങ്ങിയവരെ കണ്ടെത്തി അവാര്‍ഡുകള്‍ നല്‍കി. ഡി. ശ്രീമാന്‍ നമ്പൂതിരിയെ പോലുള്ള പണ്ഡിതരായ എഴുത്തുകാര്‍ക്കു പുസ്‌തക പ്രസിദ്ധീകരണത്തിന്‌ ധനസഹായം നല്‍കി.

? സുകുമാര്‍ അഴിക്കോട്‌ തനിക്ക്‌ ലഭിച്ച ഫെലോഷിപ്പ്‌ അക്കാദമിയ്‌ക്ക് മടക്കി നല്‍കുന്നതും ഇതേ ഘട്ടത്തിലാണ്‌
എം.പി. നാരായണ പിള്ളയുടെ പരിണാമം എന്ന നോവലിന്‌ അവാര്‍ഡ്‌ നല്‍കിയതുമായി ഉണ്ടായ വിവാദത്തെ തുടര്‍ന്നാണ്‌ അത്‌. അക്കാദമി നല്‍കുന്നത്‌ ജനങ്ങളില്‍നിന്ന്‌ പിരിച്ചെടുത്ത നികുതിപ്പണം ആയതിനാല്‍ അവാര്‍ഡ്‌ തുക ട്രഷറിയില്‍ അടച്ച്‌ രസീത്‌ നല്‍കിയാല്‍ മതിയെന്നായിരുന്നു നാരായണപിള്ളയുടെ നിര്‍ദ്ദേശം. അത്‌ നാരായണ പിള്ളയ്‌ക്ക് മാത്രം പറയാന്‍ കഴിയുന്ന യുക്‌തി. അക്കാദമിക്ക്‌ അതിന്‍ പ്രകാരം ചെയ്യാനാവില്ലല്ലോ. സംഭവത്തില്‍ ഇടപെട്ട അഴിക്കോട്‌ തനിക്ക്‌ നല്‍കിയ ഫെല്ലോഷിപ്പ്‌ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, അദ്ദേഹം അത്‌ പിന്നെ തിരിച്ചെടുക്കുകയും ചെയ്‌തു.

? പിന്തിരിഞ്ഞു നോക്കുമ്പോള്‍ സാഹിത്യ അക്കാദമിയെപ്പറ്റി എന്തു തോന്നുന്നു
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക സാഹിത്യ അക്കാദമി കേരളത്തിലേതാണ്‌. അതു കേരളത്തിലെ സാഹിത്യകാരന്‍മാരുടെ മിടുക്കുകൊണ്ടല്ല. സര്‍ദാര്‍ കെ.എം. പണിക്കരുടെ കാര്യഗൗരവം കൊണ്ടാണ്‌. അക്കാദമിയുടെ ആദ്യ പ്രസിഡന്റ്‌ പണിക്കരായിരുന്നു. വൈസ്‌ പ്രസിഡന്റ്‌ വള്ളത്തോള്‍. അക്കാലത്ത്‌ അതു വലിയ വിവാദമായിരുന്നു. സാഹിത്യകാരന്‍മാര്‍ ആരും അധ്യക്ഷ സ്‌ഥാനത്ത്‌ വരാത്തത്‌. പക്ഷെ, അതാണ്‌ അക്കാദമിക്ക്‌ ഗുണകരമായത്‌.
എല്ലാ സൗകര്യങ്ങളും അക്കാദമിക്ക്‌ നേടിക്കൊടുക്കാന്‍ പണിക്കര്‍ക്കായി. സര്‍ക്കാര്‍ പരിഗണന..ഫണ്ട്‌...കൊള്ളാവുന്ന കീഴ്‌വഴക്കങ്ങള്‍...ചുരുക്കത്തില്‍ വിശ്വരൂപത്തോടെയായിരുന്നു അക്കാദമിയുടെ ജനനം തന്നെ. അതിന്‌ ശേഷമാകട്ടെ, അത്‌ ഒരിഞ്ചു പോലും വളര്‍ന്നതുമില്ല.
അക്കാദമിയുടെ ചുമതലക്കാരനായപ്പോഴാണ്‌ തലപ്പൊക്കമുള്ള പല എഴുത്തുകാരുടേയും യഥാര്‍ത്ഥമുഖം അടുത്തു കാണുന്നത്‌. എത്രയെത്ര അന്തര്‍ നാടകങ്ങള്‍.. അവയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞത്‌ അന്നത്തെ സാംസ്‌കാരിക വകുപ്പ്‌ മന്ത്രിയായിരുന്ന ടി.എം ജേക്കബ്‌ നല്‍കിയ പിന്തുണ മൂലമാണ്‌. സാഹിത്യത്തെയും മറ്റും അതിന്റേതായ ഔന്നത്യത്തോടെ കാണാന്‍ ശേഷിയുണ്ടായിരുന്ന മന്ത്രിയായിരുന്നു അദ്ദേഹം. ഒരു കാര്യം തീര്‍ത്തു പറയാം. കേരളം കണ്ട ഏറ്റവും നല്ല സാംസ്‌കാരിക വകുപ്പ്‌ മന്ത്രി ടി.എം. ജേക്കബ്‌ തന്നെ.

? ഔദ്യോഗികമായ ഉത്തരവാദിത്വങ്ങളിലേക്ക്‌ വന്നതോടെ താങ്കളുടെ എഴുത്തില്‍ വലിയ കുറവുണ്ടായി
കഥകളുടെ കാര്യത്തില്‍ അതു ശരിയാണ്‌. എല്ലാ കാലവും കഥകള്‍ എഴുതിക്കൊണ്ടേയിരിക്കണം എന്ന ശാഠ്യം ആവശ്യമില്ല. എഴുത്തിന്റെ ഇടവേളകള്‍ എല്ലാ എഴുത്തുകാരുടേയും ജീവിതത്തിലുണ്ട്‌. അതിന്‌ ശേഷവും മികച്ച കഥകള്‍ വരാം.. ചിലര്‍ എഴുതി തുടങ്ങുന്നതു തന്നെ അറുപതാം വയസിലായിരിക്കാം. കഥകള്‍ എഴുതുമ്പോഴുള്ള ആഹ്ലാദം എന്നെ സംബന്ധിച്ച്‌ പ്രഭാഷണ വേദികളില്‍നിന്നും ലഭിക്കുന്നുണ്ട്‌. സാഹിത്യം മാത്രമല്ല, ഓട്ടോ മൊബൈല്‍ തൊഴിലാളികളുടെ കൂട്ടായ്‌മയിലും ആശുപത്രിയിലുമൊക്കെ പ്രഭാഷകനായി ഞാന്‍ ചെല്ലുന്നു. ഇന്ത്യക്ക്‌ അകത്തും പുറത്തും.

? എം. കൃഷ്‌ണന്‍ നായരുടെ സാഹിത്യ വാരഫലത്തിന്റെ തുടര്‍ച്ചയാണോ, ആഴ്‌ചവെട്ടം
കലാകൗമുദിയില്‍ കൃഷ്‌ണന്‍ നായര്‍ കൈകാര്യം ചെയ്‌തിരുന്ന കോളത്തിന്റെ സാങ്കേതികമായ തുടര്‍ച്ചമാത്രമാണ്‌ ആഴ്‌ചവെട്ടം. സമകാലികമായ എഴുത്തിന്റെ ശലഭായുസും അനുദിനം സമൂഹവുമായി ഇടപെടലിനുള്ള സാദ്ധ്യതയും ആഴ്‌ചവെട്ടത്തിനുണ്ട്‌. മുതിര്‍ന്ന സംവിധായകന്‍ കെ.എസ്‌. സേതുമാധവനും അമേരിക്കന്‍ ആര്‍മിയിലെ ശാസ്‌ത്രജ്‌ഞനും കവിയുമായ മാടശേരി നീലകണ്‌ഠനും മുതല്‍ ഏറ്റവും പുതിയ തലമുറക്കാര്‍ വരെ ഇന്ന്‌ ആഴ്‌ചവെട്ടത്തിന്റെ പതിവു വായനക്കാരാണ്‌. വായിക്കുക മാത്രമല്ല, അവരൊക്കെ നന്നായി പ്രതികരിക്കുകയും ചെയ്യുന്നു. ആഴ്‌ചവെട്ടത്തിന്‌ പുറമെ, വിവിധ പത്രമാധ്യമങ്ങളിലും തുടര്‍ച്ചയായി എഴുതുന്നുണ്ട്‌. ജനകീയാസൂത്രണത്തിന്റെ പരിമിതികളെ മുന്‍ നിര്‍ത്തി എഴുതിയ ജനകീയായൂത്രണം.. സൂത്രണം, ഡി.പി.ഇ.പി. വിദ്യാഭ്യസ രീതികളെപ്പറ്റി എഴുതിയ 'തക്കിട തരികിട കുട്ടികളെ' എന്നിങ്ങനെയുള്ള സറ്റയറുകള്‍ പലതും സമാഹരിക്കപ്പെട്ടിട്ടുമുണ്ട്‌.

? അതിനിടയില്‍ കവിതകളും എഴുതിയിരുന്നു
നല്ല കവിതകള്‍ വായിക്കാന്‍ കഴിയാത്തതിന്റെ പ്രതിഷേധമായിട്ടാണ്‌ ഞാന്‍ സത്യത്തില്‍ ചില കവിതകള്‍ എഴുതിയത്‌. പേജു നിറച്ച്‌ ഒരു ചിത്രം കൊടുത്തിട്ട്‌ അതിനു താഴെ എന്തെങ്കിലും എഴുതിയാല്‍ കവിതയാകുമെന്നാണു പലരും ധരിച്ചു വച്ചിരിക്കുന്നത്‌. കഥയുടെ കാര്യത്തിലും അങ്ങനെ തന്നെ. സത്യത്തില്‍ മലയാളത്തില്‍ ഇപ്പോള്‍ കമ്മിഷന്‍ എഴുത്തുകാരാണ്‌ ഉള്ളത്‌. പത്രാധിപര്‍ എന്ത്‌ ആവശ്യപ്പെട്ടാലും എഴുതി കൊടുക്കുന്നവര്‍. എഴുതി തുടങ്ങുന്നവരില്‍നിന്നു വരെ പത്രാധിപന്‍മാര്‍ കറന്നെടുക്കുന്നത്‌ ഓര്‍മകളാണ്‌. ഈ ഓര്‍മകള്‍ മുഴുവന്‍ ഊറ്റിയെടുത്താല്‍ പിന്നീട്‌ ഈ ചെറുപ്പക്കാര്‍ക്ക്‌ എന്തെങ്കിലും എഴുതാന്‍ കഴിയുമോ? മുഖ്യധാര പത്രങ്ങളുടേയും പ്രസാധകരുടേയും ഔദാര്യത്തിനായി ക്യൂ നില്‍ക്കുന്ന ഗുണഭോക്‌താക്കാള്‍ക്ക്‌ ഇതൊന്നും ചോദിക്കാനാവില്ല. ഞാന്‍ അത്തരമൊരു ഗുണഭോക്‌താവല്ലാത്തിനാല്‍ എനിക്ക്‌ ഭയപ്പാടുകളില്ല.

? അപ്പോള്‍, പുതിയ എഴുത്തുകാരില്‍ പ്രതീക്ഷയില്ലെന്നാണോ
പ്രതീക്ഷ തരുന്ന ചുരുക്കം ചിലരുണ്ട്‌. കഥയില്‍ ഉണ്ണി ആര്‍, പി.വി ഷാജി കുമാര്‍...കവിതയില്‍ മോഹന കൃഷ്‌ണന്‍ കാലടി, ആര്യാംബിക എന്നിങ്ങനെ... മാത്രവുമല്ല, മുഖ്യധാര പ്രസിദ്ധീകരണങ്ങളില്‍ ബാലപംക്‌തിയിലോ കാമ്പസ്‌ താളുകളിലോ ആണ്‌ പ്രതിഭയുടെ മിന്നലാട്ടമെങ്കിലും കാണുന്നത്‌. അതല്ലാതെയും നന്നായി എഴുതുന്നവരുണ്ടാകാം...അവര്‍ക്ക്‌ എവിടെയെങ്കിലും ഇടം കിട്ടേണ്ടേ? എന്നാലാണല്ലോ, അവരെ നമുക്കും കണ്ടെടുക്കാന്‍ കഴിയൂ...

?സമാന്തര പ്രസിദ്ധീകരണങ്ങള്‍
പ്രതീക്ഷ നല്‍കുന്ന സമാന്തര പ്രസിദ്ധീകരണങ്ങള്‍ പലതുണ്ട്‌. ചുങ്കത്തറയില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ലിറ്റില്‍ മാഗസിന്‍, കണ്ണൂരില്‍ നിന്ന്‌ വരുന്ന പടയാളി സമയം തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു. മുഖ്യധാര പ്രസിദ്ധീകരണങ്ങള്‍ പലതിന്റേയും റാപ്പര്‍ പൊട്ടിയ്‌ക്കാന്‍ പോലും തോന്നാറില്ലെന്നതാണ്‌ വസ്‌തുത. അവ പലതും അതിന്റെ വായനക്കരെ മറ്റൊരിടത്തേക്ക്‌ തെളിച്ചുകൊണ്ടു പോകാനാണ്‌ ശ്രമിക്കുന്നത്‌. അതിന്റെ ഫലമായി വായനക്കാര്‍ പൂര്‍ണ്ണമായി കൊഴിഞ്ഞു പോയി. ഇപ്പോഴുള്ളത്‌, മുമ്പു സൂചിപ്പിച്ച ഗുണഭോക്‌താക്കളായ എഴുത്തുകാര്‍ മാത്രമാണ്‌. മുഖ്യധാര സാഹിത്യ പത്ര പ്രവര്‍ത്തനത്തിന്‌ അപഭ്രംശം സംഭവിച്ചു കഴിഞ്ഞു. http://www.mangalam.com/

Filed under .

0 comments for "മലയാളത്തില്‍ സാഹിത്യ പത്രപ്രവര്‍ത്തനത്തിന്‌ അപഭ്രംശം- പായിപ്ര രാധാകൃഷ്‌ണന്‍ "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas