By Malakkallu Express:December 16, 2014
ബേബിക്കു മുമ്പില്‍ എന്തു മലേഷ്യക്കാരന്‍?
മലേഷ്യക്കാരന്‍ പൊട്ടിച്ചത് 185 കിലോഗ്രാമാണെങ്കില്‍ ബേബി സ്വന്തം നെഞ്ചിലും വയറ്റിലുമൊക്കെയായി വച്ച് പൊട്ടിച്ച് തെറിപ്പിച്ചത് 600 കിലോഗ്രാം കല്ലാണ്. അതും 3700 ആണികള്‍ തറച്ച പലകയില്‍ കിടന്ന് ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടാണ് ബേബിയുടെ പ്രകടനം. 3700 ആണിതറച്ച പലകയില്‍ കിടന്ന ബേബി എബ്രഹാമിന്റെ തലയിലൂടെയും ശരീരത്തിലൂടെയും ബൈക്കുകള്‍ ഓടിച്ചുകയറ്റിയും പ്രകടനം നടത്തി. ജില്ലാ അമച്ച്വര്‍ ബോക്‌സിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച ബോക്‌സിംഗ്-കരാട്ടെ ജില്ലാ പരിശീലന പരിപാടിയിലാണ് ബേബിയുടെ പ്രകടനം നടന്നത്. ജില്ലയിലെ മിക്ക സ്‌കൂളുകളിലും കരാട്ടെ അഭ്യസിപ്പിക്കുന്നതും ഇദ്ദേഹമാണ്. കരിമണ്ണൂര്‍ വിന്നേഴ്‌സ് പബ്ലിക് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും തന്റെ ശിഷ്യരാക്കികൊണ്ട് റെക്കോര്‍ഡും നേടി. സംസ്‌ഥാനതലത്തില്‍ ബോക്‌സിംഗിന് തുടര്‍ച്ചയായി ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയത് ഈ സ്‌കൂളിലെ ബേബിയുടെ ശിഷ്യരാണ്. ജലവിഭവമന്ത്രി പി.ജെ. ജോസഫ് ജില്ലാ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയര്‍മാന്‍ എ.എം. ഹാരിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എല്‍. ജോസഫ്, ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ വൈസ് പ്രസിഡന്റ് ഡോ. സി.ബി. റജി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

