Headlines
By Malakkallu Express:December 20, 2014

ഫൈനല്‍ ബ്ളാസ്റ്റ് ഇന്ന്

ഫൈനല്‍ ബ്ളാസ്റ്റ് ഇന്ന്
മുംബൈ: ‘ചെന്നൈയിനോട് തോറ്റ് പുറത്തായാലും കുഴപ്പമില്ലായിരുന്നു. പക്ഷേ, കൊല്‍ക്കത്തയോട് തോറ്റാല്‍ പണിപാളും. നാട്ടിലുള്ള ബംഗാളികളുടെ മുഖത്തെങ്ങനെ നോക്കും ഈശ്വരാ..’ -കേരള ബ്ളാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിനൊരുങ്ങുമ്പോള്‍ മലയാളിയുടെ വാട്സാപ്പിലും ഫേസ്ബുക്കിലും പാറിപ്പറന്ന കമന്‍റുകളിലൊന്ന് ഇങ്ങനെ. ആരാധക ലക്ഷങ്ങളുടെ പ്രാര്‍ഥനകള്‍ക്കു നടുവില്‍ പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ സചിന്‍ ടെണ്ടുല്‍കറിന്‍െറ കേരള ബ്ളാസ്റ്റേഴ്സ് സൗരവ് ഗാംഗുലിയുടെ അത്ലറ്റികൊ ഡി കൊല്‍ക്കത്തക്കെതിരെ ശനിയാഴ്ച നവിമുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബൂട്ടണിയുമ്പോള്‍ മനസ്സുകൊണ്ട് മലയാളിയും ബൂട്ട്കെട്ടുന്നു.

മരണപ്പോരാട്ടത്തിന് വൈകീട്ട് ഏഴിനാണ് കിക്കോഫ്. ഇന്ത്യന്‍ ഫുട്ബാളില്‍ പുതുവസന്തം കുറിച്ച ഐ.എസ്.എല്ലിന്‍െറ ആദ്യ സീസണ്‍ കൊട്ടിക്കലാശത്തിനായി കലാപരിപാടികളോടെ ആറിന് ഗാലറിയും ഉണരും. ക്രിക്കറ്റിന്‍െറ മണ്ണില്‍ ഫുട്ബാളിലെ രണ്ട് വമ്പന്മാരായ ബംഗാളും കേരളവും എന്ന നിലയിലും ശ്രദ്ധേയമാണ് പ്രഥമ ചാമ്പ്യന്‍ പോരാട്ടം. കാല്‍പന്തിന്‍െറ നാടുകള്‍ ക്രിക്കറ്റിന്‍െറ ഭൂമിയായ മുംബൈയില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ അതും ഒരു ചരിത്രമാവും.

കളിച്ചാടൂ ബ്ളാസ്റ്റേഴ്സ്

സ്വപ്നസമാനമായിരുന്നു കേരള ബ്ളാസ്റ്റേഴ്സിന്‍െറ വരവ്. സീസണ്‍ തുടങ്ങും മുമ്പ് ശരാശരി സാധ്യത മാത്രം കല്‍പിച്ചവര്‍, ലീഗ് റൗണ്ട് ഏറെ പിന്നിട്ടപ്പോഴും ആരാധക മനസ്സില്‍ പടിക്കുപുറത്തു തന്നെയായിരുന്നു. ഒടുവില്‍, അവസാന അങ്കത്തിലെ മരണക്കളിക്കും ഭാഗ്യത്തിന്‍െറ അകമ്പടിക്കുമൊടുവില്‍ സെമിയിലും, പിന്നെ ഫൈനലിലുമത്തെി. ടൂര്‍ണമെന്‍റില്‍ ഗോളടിക്കാനും വഴങ്ങാനും മടിയുള്ളവരെന്ന പേര് നേടിയ കേരളത്തെ സെമിയില്‍ എതിരാളിയായി ലഭിച്ചപ്പോള്‍ ഈസി വാക്കോവര്‍ പ്രതീക്ഷിച്ച് ഏറെ സന്തോഷിച്ചത് ഒന്നാം സ്ഥാനക്കാരായ ചെന്നൈയിനായിരുന്നു. എന്നാല്‍, കൊമ്പന്മാര്‍ ആദ്യം കുത്തിമലര്‍ത്തിയത് മറ്റരാസിയുടെ ചെന്നൈയിനെ തന്നെ. കൊച്ചിയില്‍ നടന്ന ഒന്നാം പാദസെമിയില്‍ ബ്ളാസ്റ്റേഴ്സ് എല്ലാ പഴികളും തീര്‍ത്തു. ഇഞ്ചുറി ടൈമിലും അവസാന 15 മിനിറ്റിലും ഗോളടിക്കാത്തവരെന്ന പേരുദോഷം3-0ന്‍െറ തകര്‍പ്പന്‍ ജയവുമായി പരിഹരിച്ചു. ചെന്നൈയില്‍ നടന്ന രണ്ടാം പാദത്തില്‍ മൂന്ന് ഗോള്‍വഴങ്ങി വിറച്ചെങ്കിലും ഷൂട്ടൗട്ട് വിധിനിര്‍ണയത്തിന് മൂന്ന് മിനിറ്റ് ബാക്കിനില്‍ക്കെ ബ്ളാസ്റ്റേഴ്സ് വിധിയെഴുതി ഫൈനല്‍ ഉറപ്പിച്ചു.

പരിക്കിനും സസ്പെന്‍ഷനും മധ്യേ ഫുള്‍ടീമുമായി ബ്ളാസ്റ്റേഴ്സ് വെള്ളിയാഴ്ച രാവിലെ കൂപ്പറേജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി. ഗോള്‍കീപ്പര്‍മാരായ സന്ദീപ് നന്ദിയും ലൂയിസ് ബരറ്റോയും പെനാല്‍റ്റി കിക്കും പരിശീലിച്ച് അവസാന തയ്യാറെടുപ്പും നടത്തി. കോച്ച് ഡേവിഡ് ജെയിംസ് പരിശീലനത്തിനിറങ്ങിയെങ്കിലും വലകാക്കുന്നത് സന്ദീപോ ബരറ്റോയോ ആയിരിക്കും. പ്രതിരോധ നിരയിലെ ജെയിംസ് മകലിസ്റ്ററും ഗുര്‍വീന്ദര്‍ സിങും സസ്പെന്‍ഷനിലാണെങ്കിലും നിര്‍മല്‍ ഛെത്രി, കോളിന്‍ ഫാല്‍വി, സന്ദേശ് ജിന്‍ഗാന്‍, സൗമിക്ഡേ എന്നിവരില്‍ കൊമ്പന്‍മാരുടെ കുറ്റിയുറപ്പ് ഭദ്രമാവും. പരിക്കിന്‍െറ പിടിയിലാണെങ്കിലും വന്‍മതില്‍ സെഡ്രിച് ഹെങ്ബെര്‍ട് പരിശീലനത്തിനറങ്ങിയത് കേരളത്തിന് ആശ്വാസം നല്‍കുന്നവാര്‍ത്തയാണ്. മധ്യനിരയില്‍ വിങ്ങുകളിലൂടെ കയറിക്കളിക്കാന്‍ ഇഷ്ഫാഖിനും വിക്ടര്‍ പുള്‍ഗെക്കുമാവും നിയോഗം. പ്ളേമേക്കറുടെ റോളില്‍ സ്റ്റീഫന്‍ പിയേഴ്സനും മെഹ്താബ് ഹുസൈനുമത്തെുന്നതോടെ ആക്രമണത്തിന് മൂര്‍ച്ചയും വേഗവും കൂടും. മുന്‍ നിരയില്‍ നായകന്‍ ഇയാന്‍ ഹ്യൂമിനൊപ്പം ബ്രസീല്‍ താരം ഗുസ്മാവോക്കാവും ഡേവിഡ് ജെയിംസ് അവസരം നല്‍കുക. അങ്ങിനെയെങ്കില്‍ കൊല്‍ക്കത്തക്കെതിരെ കൊച്ചിയില്‍ വിജയംകണ്ട ഫോര്‍മേഷന്‍െറ മുംബൈ പതിപ്പാവുമിത്. രണ്ടാം സെമിയില്‍ മുഴുസമയം കളിച്ച മൈക്കല്‍ ചോപ്ര, ടൂര്‍ണമെന്‍റിലെ ക്ളാസ് ഗോളിനുടമ സുശാന്ത് മാത്യു, സി.എസ് സബീത്ത് എന്നിവരടങ്ങുന്ന ബെഞ്ചും സുശക്തം.

ഫടാഫാടി കൊല്‍ക്കത്ത

ബംഗാളിയിലെ ‘ഫടാഫാടി ഫുട്ബാള്‍’എന്നാല്‍ ഫന്‍റാസ്ററിക് ഫുട്ബാളെന്നര്‍ഥം. കാല്‍പന്തിന്‍െറ മണ്ണിനെ ഉഴുതുമറിച്ച് ഈസ്റ്റ്ബംഗാളും മോഹന്‍ബഗാനും ഒന്നായ വികാരവുമായ് തകര്‍പ്പന്‍ ഫുട്ബാള്‍ കാഴ്ചയൊരുക്കിയാണ് സ്പാനിഷ് ടച്ചില്‍ അത്ലറ്റികൊ ഡി കൊല്‍ക്കത്ത കലാശപ്പോരിനത്തെുന്നത്. ടൂര്‍ണമെന്‍റിന്‍െറ തുടക്കത്തില്‍ റോക്കറ്റ് വേഗത്തില്‍ കുതിച്ച കൊല്‍ക്കത്തക്ക് ജയിക്കാനാവാത്തത് ബ്ളാസ്റ്റേഴ്സിനെതിരെ മാത്രം. ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരം സമനിലയിലും, കൊച്ചിയിലെ രണ്ടാം അങ്കം 1-2ന് തോല്‍ക്കുകയും ചെയ്തു. എന്നാല്‍, സെമിയില്‍ സീക്കോയുടെ ഗോവന്‍ പടയോട് ഗോളടിക്കാതെ സമനിലപാലിച്ച് ഷൂട്ടൗട്ടിലൂടെയായിരുന്നു കൊല്‍ക്കത്തക്കാരുടെ ഫൈനല്‍ പ്രവേശം.

ഫിക്രു ടഫേരയെന്ന ഗോളടിയന്ത്രത്തിന്‍െറ അസാന്നിധ്യം കൊല്‍ക്കത്തയെ സെമിയിലും വലച്ചു. ഫൈനലില്‍ കളത്തിലിറങ്ങുമ്പോള്‍ ടീമിനെ ഏറെ അസ്വസ്ഥപ്പെടുത്തുന്നതും ഫിക്രുവിന്‍െറ അസാന്നിധ്യം. ഗോവക്കെതിരെ3-5-2ശൈലിയില്‍ അണിനിരന്ന ടീമില്‍ മലയാളി താരം മുഹമ്മദ് റാഫിയും മാര്‍ക്വീ താരം ലൂയി ഗാര്‍ഷ്യയുമായിരുന്നു കൊല്‍ക്കത്തക്കാരുടെ മുന്‍നിരയില്‍. സഞ്ജു പ്രദാന്‍, ചെക് താരം പോഡി, ഇന്ത്യന്‍ താരം ലെസ്റ്റര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ തന്നെയാവും മധ്യനിരയിലെ പന്തൊഴുക്ക് നിര്‍ണയിക്കുന്നത്.

ഇയാന്‍ ഹ്യുമിനും പിയേഴ്സനും കത്രികപൂട്ടൊരുക്കാനുള്ള നിയോഗം ഒഫന്‍സെ നാറ്റോ, ബൊര്‍യ ഫെര്‍ണാണ്ടസ് എന്നീ പ്രതിരോധനിരക്കാരിലുമാവും. കലാശപ്പോരാട്ടത്തില്‍ ഗോള്‍കീപ്പര്‍ സുബ്രതോപാലും തിരിച്ചത്തെും.

ഫിക്രുവില്ല; ബ്ളാസ്റ്റേഴ്സിന് ആശ്വാസം

കേരള ബ്ളാസ്റ്റേഴ്സിന് ആശ്വാസവും കൊല്‍ക്കത്തക്ക് നെഞ്ചിടിപ്പുമായി ഫിക്രു ടഫേരയുടെ മടക്കം.

പരിക്കിനെ തുടര്‍ന്നാണ് എത്യോപ്യന്‍ താരത്തെ സെമിയിലും, ഇപ്പോള്‍ ഫൈനലിലും ഒഴിവാക്കിയതെന്നാണ് കോച്ച് അന്‍േറാണിയോ ലോപസിന്‍െറ വിശദീകരണമെങ്കിലും ടീമിനകത്തെ ഗുരുതരമായ അച്ചടക്ക ലംഘനം കാരണമാണ് നാട്ടിലേക്ക് മടക്കി അയച്ചതെന്നാണ് സൂചന.

Filed under .

0 comments for "ഫൈനല്‍ ബ്ളാസ്റ്റ് ഇന്ന്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas