Headlines
By Malakkallu Express:November 08, 2014

അടുത്ത വര്‍ഷം കുരുമുളക് ഉത്പാദനം കൂടുമെന്ന് റിപ്പോര്‍ട്ട്‌

മട്ടാഞ്ചേരി: ലോകത്ത് കുരുമുളക് കൃഷിചെയ്യുന്ന ഒട്ടുമിക്ക രാജ്യങ്ങളിലും അടുത്ത വര്‍ഷം ഉത്പാദനം കൂടുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വിയറ്റ്‌നാമിലെ ഹോചിമിനില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്യൂണിറ്റിയുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഔദ്യോഗികമായി ഇതു സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തി.

ലോകത്തെ ഈ വര്‍ഷത്തെ മൊത്തം കുരുമുളക് ഉത്പാദനം 3,36,200 ടണ്ണാണ്. അടുത്ത വര്‍ഷം അത് 3,74,500 ടണ്ണായി ഉയരുമെന്നാണ് നിഗമനം. ഉത്പാദക രാജ്യങ്ങളിലെ വരും വര്‍ഷത്തെ മൊത്തം ഉപഭോഗം 1,38,270 ടണ്ണായിരിക്കുമെന്നും കണക്കാക്കുന്നു.
വിയറ്റ്‌നാം ഒഴികെ ലോകത്തെ പ്രധാന കുരുമുളക് ഉത്പാദന രാജ്യങ്ങളിലെല്ലാം, ഉത്പാദനം കൂടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയില്‍ ഉത്പാദനം ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍.

നിലവിലെ 35,000 ടണ്ണില്‍ നിന്ന് ഇന്ത്യയുെട ഉത്പാദനം 70,000 ടണ്ണായി ഉയരുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഉത്പാദനം ഇരട്ടിയായും കര്‍ണാടകത്തില്‍ മൂന്നിരട്ടിയായും ഉയരുമെന്നും കണക്കാക്കുന്നു. ബ്രസീലില്‍ 35,000 ടണ്ണായിരുന്നു ഉത്പാദനം. അടുത്ത വര്‍ഷം 37,000 ടണ്ണായി ഉയരുമെന്നും വിലയിരുത്തപ്പെടുന്നു.

ഇന്തോനേഷ്യയില്‍ 70,000 ടണ്‍ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം 52,000 ടണ്ണായിരുന്നു ഇത്. അടുത്ത വര്‍ഷം മലേഷ്യയില്‍ 22,500 ടണ്ണും ശ്രീലങ്കയില്‍ 25,000 ടണ്ണും ഉത്പാദനമുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ഇത് യഥാക്രമം 20,500 ടണ്‍, 19,200 ടണ്‍ എന്നിങ്ങനെയാണ്.

വിയറ്റ്‌നാമില്‍ അടുത്ത വര്‍ഷം 1,20,000 ടണ്ണിന്റെ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷെത്തക്കാള്‍ 30 ശതമാനം കുറവാണിത്. മാര്‍ച്ചിലാണ് വിയറ്റ്‌നാമില്‍ വിളവെടുപ്പ് തുടങ്ങുന്നത്. ഇന്ത്യയില്‍ ആഭ്യന്തര ഉപഭോഗം 40,000 ടണ്ണാണെന്ന് കണക്കുകള്‍ പറയുന്നു. ഉത്പാദനത്തിലുണ്ടായ കുറവാണ് ഈ വര്‍ഷം വിലവര്‍ധനയ്ക്ക് ഇടയാക്കിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ഇന്ത്യയിലുണ്ടായത്. കിലോഗ്രാമിന് ഗാര്‍ബിള്‍ഡ് മുളക് 765 രൂപ വരെയെത്തി. അന്താരാഷ്ട്ര വിപണിയിലും ഇന്ത്യന്‍ മുളകിന് വില കൂടി.

എന്നാല്‍, ഉത്പാദനം കൂടുന്നത് അടുത്ത വര്‍ഷം വിലയിലും പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
അമിതമായ കീടനാശിനി പ്രയോഗം വിപണിയെ ബാധിക്കുമെന്നതിനാല്‍ കരുതല്‍ വേണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
സമ്മേളനത്തില്‍ കച്ചവട സമൂഹത്തിന്റെ പ്രതിനിധികള്‍ ഉള്‍പ്പെടെ 25-ഓളം പേര്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുത്തു.

Filed under .

0 comments for "അടുത്ത വര്‍ഷം കുരുമുളക് ഉത്പാദനം കൂടുമെന്ന് റിപ്പോര്‍ട്ട്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas