By Malakkallu Express:November 30, 2014
മുഖം നഷ്‌ടമായ പൊതുവിതരണരംഗം
പൊതുവിപണിയുമായി തട്ടിച്ചുനോക്കുന്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ക്കും പലവ്യഞ്‌ജനങ്ങള്‍ക്കും മാന്യമായ വിലക്കുറവാണു സര്‍ക്കാരിന്‍റെ പൊതുവിതരണ സംവിധാനങ്ങളില്‍നിന്നു പൊതുജനം പ്രതീക്ഷിക്കുന്നത്. എന്നാല്‍, സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും ഉപഭോക്‌താവിന്‍റെ പ്രതീക്ഷകളെ തകിടംമറിക്കുന്നതാണ് അടുത്തിടെയായി കണ്ടുവരുന്നത്. സാധാരണക്കാരന്‍റെ പോക്കറ്റിലേക്കു ലാഭക്കണ്ണ് തുറന്നുവച്ചതോടെ ഈ സ്‌ഥാപനങ്ങള്‍ക്കു മാനുഷികമുഖം നഷ്‌ടമാകുകയാണ്. സപ്ലൈകോയില്‍ വില കുതിച്ചതോടെ പൊതുവിപണിയിലും വില ഉയര്‍ന്നു. വില പിടിച്ചുനിര്‍ത്താന്‍ ബാധ്യതയുള്ള സര്‍ക്കാരാകട്ടെ വിവാദങ്ങളില്‍നിന്ന് വിവാദങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. ഇതിനിടയില്‍ വില നിയന്ത്രിക്കാനായി ചെറുവിരലനക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. ഓണത്തിനു ശേഷം മൂന്നു തവണയാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡും ഉല്‍പന്നങ്ങളുടെ വില കൂട്ടിയത്. മിക്ക ഉല്‍പന്നങ്ങള്‍ക്കും അടിക്കടി വില കൂട്ടിക്കൊണ്ടിരിക്കുകയുമാണ്. സബ്‌സിഡിയുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാനാണ് മിക്കവരും ഈ രണ്ടു സ്‌ഥാപനങ്ങളുടെയും ചില്ലറ വില്‍പനശാലകളെ ആശ്രയിച്ചിരുന്നത്. ലാഭം കൂട്ടുകയെന്ന ഒരേയൊരുലക്ഷ്യത്തിലേക്കു തിരിഞ്ഞതോടെ ഈ രണ്ടു സ്‌ഥാപനങ്ങളും സബ്‌സിഡി വെട്ടിക്കുറച്ച് അക്ഷരാര്‍ഥത്തില്‍ ജനവിരുദ്ധതയുടെ പ്രതീകങ്ങളായി മാറുകയാണ്. ഇപ്പോള്‍ ഇവിടങ്ങളില്‍ വില പൊതുവിപണിയോടടുത്ത്, അല്ലെങ്കില്‍ നേരിയ കുറവ് എന്ന നിലയിലെത്തി. ചില ഉല്‍പന്നങ്ങളുടെ വില പൊതു മാര്‍ക്കറ്റിനെ കവച്ചുവയ്‌ക്കുകയും ചെയ്ും. യ നിത്യോപയോഗ സാധനങ്ങളായ പയര്‍, പരിപ്പു വര്‍ഗങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ചുകൊണ്ട് സാധാരണക്കാരുടെ മര്‍മത്തിനാണ് സര്‍ക്കാര്‍ പ്രഹരിച്ചിരിക്കുന്നത്. കേവലം 60 രൂപയുണ്ടായിരുന്ന മല്ലി വില 112 ലേക്കും 55 രൂപ വിലയുണ്ടായിരുന്ന ചെറുപയറിന് കിലോയ്‌ക്ക് 80 രൂപയിലേക്കും വെളിച്ചെണ്ണ വില 125ല്‍ നിന്ന് 150 ലേക്കും ഉയര്‍ത്തിക്കൊണ്ടാണ് സപ്ലൈകോ ഉപഭോക്‌താവിനെ കൊള്ളയടിക്കുന്നത്. ഉഴുന്നുപരിപ്പിനും തുവരയ്‌ക്കും പഞ്ചസാരയ്‌ക്കും ഏതാനും ദിവസം മുന്പ് വില കൂട്ടി. അതിനു പിന്നാലെ ഉലുവയ്‌ക്കും ജീരകത്തിനും കടുകിനും വില കുത്തനെ ഉയര്‍ത്തി. കിലോയ്‌ക്ക് 50 രൂപയുണ്ടായിരുന്ന കടുകിന്‍റെ പുതിയ വില 85. ജീരകം 148 ല്‍ നിന്ന് 200 ലേക്കും 78 രൂപയില്‍നിന്ന് ഉലുവ വില 120 ലേക്കും കൂട്ടി. വറ്റല്‍മുളകിനും അരിക്കും നേരത്തേ തന്നെ വില കൂട്ടിയിരുന്നു. സഹകരണ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് സ്‌ഥാപനങ്ങളായ ത്രിവേണി, നന്മ സ്‌റ്റോറുകള്‍ വിലയുടെ കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവും കാട്ടുന്നില്ല. സപ്ലൈകോയില്‍ സബ്‌സിഡി വിലയ്‌ക്കു ലഭിക്കുന്ന അരിക്കൊപ്പം സബ്‌സിഡിയില്ലാത്ത അരി കൂടി വാങ്ങുന്പോള്‍ തുക പൊതുവിപണിയിലെ വിലയ്‌ക്കു സമമാകും. സബ്‌സിഡിയില്ലാത്ത കുത്തരിയുടെ വില സപ്ലൈകോയില്‍ 29 രൂപയാണ്. പൊതുവിപണിയിലാകട്ടെ ഏറ്റവും മികച്ച ബ്രാന്‍ഡ് 34 രൂപയ്‌ക്കടുത്തു ലഭ്യമാകും. സബ്‌സിഡിയില്ലാത്ത ജയ അരിയുടെ സപ്ലൈകോ വിലയും പൊതുവിപണി വിലയും ഏറെക്കുറെ സമാനം. സപ്ലൈകോയില്‍ നിലവില്‍ വില്‍ക്കുന്നവയില്‍ ബഹുഭൂരിപക്ഷം സാധനങ്ങളും സ്വകാര്യ കന്പനികളുടേതാണ്. ഇവയ്‌ക്കാകട്ടെ പൊതുവിപണിയില്‍നിന്ന് വിലയില്‍ നേരിയ അന്തരം പോലുമില്ല. ശബരി ബ്രാന്‍ഡില്‍ സപ്ലൈകോ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്കു വില കൂട്ടണമെന്നാണ് നിര്‍ദേശം. ഇതോടെ സകല സാമഗ്രികള്‍ക്കും വില കയറി. സ്‌റ്റോറുകള്‍ ലാഭകരമാക്കാന്‍ ഉപഭോക്‌താക്കളെ പിഴിയുന്നത് സര്‍ക്കാരിനു ഭൂഷണമല്ല. സര്‍ക്കാരിന്‍റെ പൊതുവിതരണ സന്പ്രദായത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തന്നെ പാളിപ്പോകുകയാണിവിടെ. പൊതുവിപണിയില്‍ നിന്ന് നിശ്‌ചിത വിലക്കുറവ് ലഭിക്കാതാകുന്പോള്‍ ഉപഭോക്‌താക്കള്‍ സപ്ലൈകോയെയും കണ്‍സ്യൂമര്‍ഫെഡിനെയും തിരിഞ്ഞുനോക്കുക കൂടിയില്ല. സര്‍ക്കാരിനു ലാഭക്കൊതി മൂക്കുന്പോള്‍ പൊതുജനം മുഖം തിരിച്ചാല്‍ സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും പെരുവഴിയിലാകുമെന്നതാണ് യാഥാര്‍ഥ്യം. ഭരണപ്രതിപക്ഷങ്ങള്‍ വിവാദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്പോള്‍ വിലക്കയറ്റം പോലുള്ള കാതലായ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ പാളിപ്പോകുന്ന ദുരന്തമുഖത്താണ് കേരളം. വിവാദങ്ങളല്ല, വിലക്കയറ്റമാണ് സാധാരണക്കാരനെ പിടിച്ചുലയ്‌ക്കുന്നത് എന്നോര്‍ത്താല്‍ നന്ന്. ഇതറിയാതെ പോകുന്ന ഭരണവര്‍ഗം അതിനു നല്ല വില നല്‍കേണ്ടിവരും.
mangalam

