By Malakkallu Express:November 23, 2014
ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധര്‍
വത്തിക്കാന്‍ • ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇറ്റലിയില്‍നിന്നുള്ള ജിയോവാനി അന്തോനിയോ ഫരീന, ലുദവിക്കോ ദേ കസോറിയോ, നിക്കോള ദ ലുംഗോബാര്‍ദി, അമാത്തോ റങ്കോണി എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഇതോടെ ഭാരതീയ സഭയ്ക്ക് രണ്ടു വിശുദ്ധരെ കൂടി ലഭിച്ചിരിക്കുകയാണ്.വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ്് മാര്‍പ്പാപ്പയാണ് ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇരുവരുടെയും തിരുശേഷിപ്പുകള്‍ പ്രധാന അള്‍ത്താരയില്‍ സ്ഥാപിച്ചു. ചാവറയച്ചന്‍റെ തിരുശേഷിപ്പ് ഫാ. ജയിംസ് മഠത്തിക്കണ്ടത്തിലും എവുപ്രാസ്യമ്മയുടേത് സിസ്റ്റര്‍ സാങ്റ്റയുമാണ് അള്‍ത്താരകളില്‍ സമര്‍പ്പിച്ചത്. നമുക്ക് മാതൃകയായി സഭ ആറ് വിശുദ്ധരെക്കൂടി നല്‍കിയെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ പറഞ്ഞു. സ്‌നേഹം വ്യവസ്ഥകളില്ലാതെ പങ്കുവച്ചവരാണിവര്‍. ഇവര്‍ ദൈവരാജ്യത്തിന് വേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തരാണെന്നും വിശുദ്ധപ്രഖ്യാപനത്തെ തുടര്‍ന്ന് നടത്തിയ ദിവ്യബലിയില്‍ മാര്‍പ്പാപ്പ പറഞ്ഞു. രണ്ടുവിശുദ്ധരെയും ഇനി അള്‍ത്താരകളില്‍ വണങ്ങാം.
നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേല അമാത്തോ, ചാവറയച്ചന്‍റെയും എവുപ്രാസ്യമ്മയുടെയും നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറന്പില്‍ സിഎംഐ, വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന മറ്റു നാലുപേരുടെയും നടപടിക്രമങ്ങളുടെ പോസ്റ്റുലേറ്റര്‍മാര്‍, കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍ എന്നിവര്‍ ബലിവേദിയിലേക്കുള്ള പ്രദക്ഷിണത്തില്‍ മാര്‍പാപ്പയെ അനുഗമിച്ചു. ഇതോടെയാണ് തിരുകര്‍മങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വത്തിക്കാന്‍ ഗായകസംഘവും മലയാള ഗായകസംഘവും സ്തുതി ഗീതങ്ങള്‍ ആലപിച്ചു. വാഴ്ത്തപ്പെട്ട ആറുപേരെയും വിശുദ്ധരായി പ്രഖ്യാപിച്ചശേഷം ഇവരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. ചാവറയച്ചന്‍റെ മാധ്യസ്ഥതയില്‍ സൗഖ്യം ലഭിച്ച പാലാ കൊട്ടാരത്തില്‍ മരിയ റോസും കുടുംബാംഗങ്ങളും, എവുപ്രാസ്യമ്മയുടെ മാധ്യസ്ഥ പ്രാര്‍ഥനയാല്‍ അസുഖം ഭേദമായ തൃശൂര്‍ കൊടകര സ്വദേശി ജുവലും കുടുംബാംഗങ്ങളും പ്രാര്‍ഥനയില്‍ പങ്കെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി എത്തിയ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും അടക്കമുള്ള ജനപ്രതിനിധികളും സാന്താ മരിയ മജോരെ ബസിലിക്കയില്‍ എത്തിയിരുന്നു.

