Headlines
By Malakkallu Express:December 12, 2014

സ്റ്റൈല്‍മന്നന്റെ വിജയഗാഥ

രജനീകാന്ത് ഒരപൂര്‍വപ്രതിഭാസമാണ്. സിനിമാപ്രവര്‍ത്തകരെയും മറ്റുപ്രേക്ഷകരെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന നടന്‍. തമിഴ് സിനിമയില്‍ തുടക്കമിട്ട് ദക്ഷിണേന്ത്യന്‍ സിനിമകളെ കീഴടക്കി ഇന്ത്യയിലും പുറം രാജ്യങ്ങളിലും ദിഗ്‌വിജയങ്ങള്‍ നേടാന്‍ ഈ നടനുകഴിഞ്ഞു. മൂന്നുപതിറ്റാണ്ടുകളാകുന്നു ആ പടയോട്ടം തുടങ്ങിയിട്ട്. എന്‍.ടി.രാമറാവുവിനെയും രാജ്കുമാറിനെയും എം.ജി.ആറിനെയുംപോലെ, സിനിമയിലൂടെ ജനങ്ങള്‍ക്കുമേല്‍ സ്വാധീനം നേടി, അമാനുഷിക പരിവേഷം നേടിയെടുത്ത ഒരപൂര്‍വവ്യക്തിത്വം. ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും ആവേശം പടര്‍ത്തുന്ന രാഷ്ടീയപശ്ചാത്തലം രാമറാവുവിനും രാജ്കുമാറിനും എം.ജി.ആറിനും സ്വന്തം ദേശത്ത് പടര്‍ന്നുയരാനുളള സാഹചര്യം ഒരുക്കികൊടുത്തിരുന്നു.



എന്നാല്‍ കര്‍ണാടകത്തില്‍ പിറന്ന, മറാത്തവംശജനായ ഒരു സാധാരണ പോലീസുകാരന്റെ മകന്‍- ശിവാജിറാവു ഗേക്ക്‌വാഡ് എന്ന രജനീകാന്ത്- ഈ പശ്ചാത്തലമൊന്നുമില്ലാതെയാണ് മറ്റൊരു ദേശത്ത്, മറ്റൊരു ഭാഷയില്‍, തിരശ്ശീലയിലെ കഥാപാത്രങ്ങളിലൂടെ ഒരു ജനതയുടെ ഭാവനയ്ക്കുമേല്‍ ആധിപത്യം ഉറപ്പിച്ചത്. സിനിമയില്‍ ഇത്തരം സൂപ്പര്‍സ്റ്റാറുകള്‍ പുതുമയല്ലെങ്കിലും കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഈ പദവിയില്‍ മറ്റാര്‍ക്കും കീഴടക്കാനാവാത്ത ശക്തിയായി രജനികാന്ത് നിലകൊള്ളുമ്പോള്‍, ദിഗ്്‌വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഈ നടന്‍ മറ്റൊരു പ്രതാഭാസമായി മാറുന്നു.

രാനോജിറാവ് ഗേക്കവാഡ്, ഭാര്യ രാംഭായ്. ഇവരുടെ നാലുമക്കളില്‍ ഇളയകുട്ടിയാണ് ശിവാജിറാവു. രാനോജിറാവുവിന് കര്‍ണാടക പോലീസില്‍ ജോലികിട്ടിയതോടെയാണ് റാവുബഹദുര്‍ പരമ്പരയില്‍പ്പെട്ട ആ മറാത്ത കുടുംബം ബാംഗ്ലൂരിനടുത്ത് ഹനുമന്തനഗറില്‍ താമസം തുടങ്ങിയത്. ശിവാജിറാവുവിനെ ശിവാജി എന്നാണ് വീട്ടില്‍ വിളിച്ചിരുന്നത്. ശിവാജിക്ക് എഴുവയസ്സുളളപ്പോള്‍ അമ്മ മരിച്ചു. പിഞ്ചിലെ പഴുത്തുപൊയി എന്നു പറയാറില്ലേ അതുപോലെയായിരുന്നു ശിവാജിയുടെ വളര്‍ച്ച. ആരു പറഞ്ഞാലും അനുസരിക്കാതെ കൂട്ടുകൂടി നടക്കുക, വഴക്കുണ്ടാക്കുക ഇതൊക്കെ പതിവായിരുന്നു. ഒരിക്കല്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതിന്റെ പേരില്‍ പോലീസു പിടിക്കുകയും ചെയ്തു.

എങ്കിലും പത്താം ക്ലാസ് ഒരുവിധം കടന്നുകൂടി. എന്നാല്‍ തുടര്‍ന്നുപഠിക്കാന്‍ കുട്ടാക്കാതെ വാശിപിടിച്ചെങ്കിലും അച്ഛനും ചേട്ടനൂം സമ്മതിച്ചില്ല. അങ്ങനെ നിര്‍ബന്ധിച്ച് കോളേജില്‍ ചേര്‍ത്തെങ്കിലും ക്ലാസില്‍ പോകാതെ ശിവാജി കൂട്ടകാരുമായി കറങ്ങി നടന്നു. വഴക്ക്, ബഹളം ഇതൊക്കെ ഈ സംഘത്തിന്റെ സ്ഥിരം പരിപാടിയായി. ചേട്ടന്‍ സത്യനാരായണ പലതവണ താക്കീതുചെയ്തിട്ടും ഇതൊക്കെ കൂടിയതല്ലാതെകുറഞ്ഞില്ല. മകനെ പോലീസ് ഓഫീസറായി കാണാന്‍ ആഗ്രഹിച്ച അച്ഛനും അവന്റെ വഴിപിഴച്ച പോക്കുകണ്ട് വിഷമിച്ചു. കോളേജില്‍ ഫീസു കൊടുക്കാന്‍ കൊടുത്ത പണവുമായി അതിനിടെ ശിവാജി മദ്രാസിലേക്കു നാടുവിട്ടു.

പതിവായി സിനിമ കണ്ടിരുന്ന ശിവാജിയ്ക്ക് എം.ജി.ആറിനോടും ശിവാജി ഗണേശനോടും വലിയ താല്പര്യമായിരുന്നു. മദ്രാസില്‍ വന്നയുടനെ സിനിമാ സ്റ്റുഡിയോകള്‍ നോക്കിനടന്നും സിനിമകള്‍ കണ്ടും കൈയിലുളള പണം മുഴുവനും തീര്‍ത്തു. ഭക്ഷണം പോലും കഴിക്കാനില്ലാതെ കുറെ ദിവസം തെണ്ടിതിരിഞ്ഞുനടന്നു. ഒടുവില്‍ റോയപ്പേട്ടയിലെ തെരുവില്‍ ചുമട്ടുകാരനായി. അവിടെ കടത്തിണ്ണയിലായി അന്തിയുറക്കം. ഭാരിച്ച പണിയെടുത്തുമടുത്ത് ശിവാജി പിന്നീട് നാട്ടിലേയ്ക്കു തന്നെ മടങ്ങി. നാട്ടില്‍ എത്തി ലോറിക്കാരുടെ താവളത്തില്‍ വീണ്ടും ചുമട്ടുകാരനായി. കൂട്ടുകൂടലും മദ്യപാനവും അടിപിടികളും ഇതോടെ പതിവായി. ശിവാജി രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് വീട്ടുകാരും വിധിയെഴുതി. എന്നാല്‍ ശിവാജിയുടെ മറ്റൊരു ചേട്ടനായ നാഗേശ്വരറാവു അനിയനെ രക്ഷപ്പെടുത്താന്‍ അവസാനശ്രമം നടത്തി. നാഗേശ്വരറാവുവിന്റെ ഭാര്യയുടെ അച്ഛന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടിലെ ഉദ്യോഗസ്ഥനായിരുന്നു. അങ്ങനെ അയാളുടെ ശ്രമഫലമായി ശിവാജിയ്ക്കു കണ്ടക്ടറായി ജോലി കിട്ടി.

ആ ജോലിയില്‍ എളുപ്പം പേരെടുത്തെങ്കിലും മദ്യപാനവും ലഹളയും ഒന്നും കുറഞ്ഞില്ല. നല്ലവണ്ണം വേഷം ധരിച്ച് മുടങ്ങാതെ ഡ്യൂട്ടിക്കെത്തുന്ന ശിവാജി ബസ്സില്‍ ദിവസവും പുതിയ സ്റ്റൈല്‍ നമ്പരുകള്‍ കാണിക്കുക പതിവായിരുന്നു. വിസിലൂതുന്നതും ടിക്കറ്റെഴുതുന്നതും ഓരോദിവസം ഓരോ സ്റ്റൈലിലായിരിക്കും. ഇതോടെ യാത്രക്കാര്‍ക്ക് പുതിയ കണ്ടക്ടര്‍ വലിയ കൗതുകമായി. ശിവാജിക്ക് ഓഫീസില്‍ ധാരാളം കൂട്ടുകാരെ കിട്ടുകയും ചെയ്തു. കൊടുത്ത ടിക്കറ്റുകള്‍ തന്നെ യാത്രക്കാരില്‍നിന്നും തിരിച്ചുവാങ്ങി വീണ്ടും കൊടുക്കുന്ന പരിപാടിയും ഇതിനിടെ ശിവാജി പതിവാക്കി. ഇത് ഒരു ചെക്കിങ് ഇന്‍സ്പെക്ടര്‍ കണ്ടുപിടിച്ചതോടെ സസ്‌പെന്‍ഷനിലായി. എന്തുകാര്യത്തിനും ഒപ്പം നില്‍ക്കാറുളള കുറെ സഹപ്രവര്‍ത്തകര്‍ ശിവാജിയുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് പ്രതിഷേധസമരം നടത്തി. തന്നെപ്പറ്റി മേലധികാരികള്‍ക്കു പരാതി നല്‍കരുതെന്ന് പലതവണ അപേക്ഷിച്ചിട്ടും അതിനു വഴങ്ങാതിരുന്ന ചെക്കിങ് ഇന്‍സ്‌പെക്ടറെ ഒരു ദിവസം ശിവാജി മര്‍ദ്ദിച്ചു.

ഇതിനെതുടര്‍ന്നും സമരം നടന്നെങ്കിലും ഒടുവില്‍ സസ്്്്‌പെന്‍ഷനില്‍നിന്നും ഒരുവിധം രക്ഷപ്പെട്ടു.
ഈ ജീവിതത്തിന് നാടകീയമായ വഴിത്തിരിവുണ്ടായത് ഒരു രാത്രിയാണ്. രാത്രിജോലി കഴിഞ്ഞ് പോകുമ്പോഴാണ് ഒരു വീട്ടില്‍ നാടകത്തിന്റെ റിഹേഴ്‌സലു നടക്കുന്നതുകണ്ട് യാദൃശ്ചികമായി അവിടെ എത്തിയത്. ശിവാജിയുടെ ചേട്ടന്‍ സത്യനാരായണയും അവിടെയുണ്ടായിരുന്നു. രണ്ടുപേരുംകൂടി അവിടെയിരുന്ന് ആ റിഹേഴ്‌സല്‍ മുഴുവന്‍ കണ്ടു. അതിനെപ്പറ്റി രജനി പറയുന്നത് ഇങ്ങനെയാണ്.

''പണ്ടുമുതലെ എനിക്ക് സിനിമാക്കാരെപ്പോലെ അഭിനയിക്കണമെന്ന് മോഹമുണ്ടായിരുന്നു. എം.ജി.ആറിനെപോലെ സ്റ്റണ്ടുനടത്തണം, ശിവാജിയെപോലെ സംഭാഷണം പറയണം എന്നൊക്കെ അന്ന് ഇവരുടെ സിനിമകള്‍ കാണുമ്പോള്‍ തോന്നാറുണ്ട്. ഇടയ്ക്കു ഞാന്‍ കണ്ണാടിക്കു മുന്നില്‍നിന്ന് ശാവാജി ഗണേശന്റെ സീനുകള്‍ വെറുതെ അഭിനയിച്ചു നോക്കുകയും ചെയ്യുക പതിവായിരുന്നു. സ്‌കൂളില്‍ വെച്ച് 'ഹരിശ്ചന്ദ്ര' എന്ന നാടകത്തില്‍ അഭിനയിച്ചിട്ടുള്ള എനിക്ക് അന്നു രാത്രിയില്‍ ആ റിഹേഴ്‌സല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ വല്ലാത്ത 'ഇന്‍വോള്‍മെന്റ്' തോന്നി. അതുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എനിക്കും ഇതുപോലെ നാടകത്തില്‍ അഭിനയിക്കണമെന്ന തോന്നല്‍. ചേട്ടനും നാടകത്തോടു വലിയ കമ്പമുള്ളയാളായിരുന്നു. അന്ന് ആ രാത്രിയില്‍ പെട്ടെന്നുതോന്നിച്ച ഒരാവേശമാണ് ശിവാജിറാവു ആയിരുന്ന എന്നെ പിന്നീട് രജനീകാന്താക്കി മാറ്റാന്‍ നിമത്തമായത്. എനിക്കുമാത്രമല്ല, ഓരോരുത്തരുടെ ജീവിതത്തിലും ഇതുപോലെ ചില ടേണിംഗ് പോയിന്റുണ്ടാവും, ചില നിമത്തങ്ങള്‍.''

പിറ്റേന്ന് ശിവാജി കൂട്ടുകാരോട് ഇതിനെപ്പറ്റി പറഞ്ഞു. നമുക്കും ഒരു നാടകമെടുത്ത് റിഹേഴ്‌സലൊക്കെ നടത്തി അവതരിപ്പിക്കാമെന്ന ശിവാജിയുടെ അഭിപ്രായത്തോട് കൂട്ടുകാരും യോജിച്ചു. മറാഠ പോരാളിയായ ശിവജിയെപ്പറ്റിയുള്ള ഒരു നാടകമാണ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ശിവജിയുടെ റോള്‍ കണ്ടക്ടര്‍ ശിവാജിറാവുതന്നെ എറ്റെടുത്തു. രാത്രി ഡ്യുട്ടി കഴിഞ്ഞാല്‍ എല്ലാവരും ഒത്തുചേര്‍ന്ന് റിഹേഴ്‌സലും തുടങ്ങി. അഭിനയത്തില്‍ യാതൊരു മുന്‍പരിചയവുമില്ലായിരുന്ന ശിവാജി, ശിവാജിഗണേശനെ അനുകരിക്കുക മാത്രമാണ് ചെയ്തത്. ഇതിനെതുടര്‍ന്ന് നാടകാഭിനയത്തോട് താല്പര്യം തോന്നി പിന്നെയും ഒന്നുരണ്ടു നാടകങ്ങള്‍ കൂടി ചെയ്തു. അതിനിടയിലും മദ്യപാനവും ചില അടിപിടികളും ഉണ്ടായെങ്കിലും ചിലര്‍ രജനിയുടെ അഭിനയത്തെ പ്രോത്സാഹിപ്പിച്ചു.



''നീ നന്നായിട്ട് അഭിനയിക്കുന്നുണ്ട് സിനിമയില്‍ കേറണം. ഇവിടെ നാടകം കളിച്ചുനടന്നാലൊന്നും നിന്നെ ആരുമറിയില്ല. അതുകൊണ്ട് സിനിമയില്‍ കേറാന്‍ വല്ല വഴിയും നോക്ക്-ഒരു ചാരായക്കടയില്‍ വെച്ച് ഇങ്ങനെ പറഞ്ഞത് എന്റെ ഉറ്റസുഹൃത്ത് രാജ് ബഹദൂറാണ്. ഓരോ നാടകം കഴിയുമ്പോഴും എന്നെ അഭിനന്ദിക്കുകയും എന്റെ അഭിനയത്തെപ്പറ്റി എല്ലാവരോടും പറഞ്ഞു നടക്കുന്നവനുമാണ് അവന്‍. സിനിമയില്‍ കയറണം എന്ന ഒരു തോന്നല്‍ എനിക്കാദ്യം ഉണ്ടാക്കിയതും അവനാണ്.''

ആയിടയ്ക്കാണ് മദ്രാസിലെ സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു പരസ്യം പത്രങ്ങളില്‍ വന്നത്. അതില്‍ സിനിമ പഠിക്കാനുള്ള കോഴ്‌സുകളുടെ കൂട്ടത്തില്‍ അഭിനയവും ഉണ്ടായിരുന്നു. കൂട്ടുകാര്‍ പ്രോത്സാഹിച്ചപ്പോള്‍ ശിവാജി അതിനുചേരാന്‍ തയ്യാറായി. മദ്രാസില്‍ പോയി ഈ കോഴ്‌സിനു ചേര്‍ന്നാല്‍ എളുപ്പം സിനിമയില്‍ കേറാന്‍ പറ്റുമെന്നാണ് അവര്‍ വിശ്വസിച്ചത്. മദ്രാസിലെ പഠനത്തിനിടയില്‍ പലതവണ ശിവാജി തിരികെപോകാന്‍ തയ്യാറെടുത്തതാണ്. പഠനത്തിനും താമസത്തിനും പണം അയച്ചുകൊടുത്തു സഹായിച്ചത് മുഴുവന്‍ സുഹൃത്തുക്കളായിരുന്നു. രണ്ടുവര്‍ഷത്തെ ക്ലാസ്സുകള്‍ കഴിയുന്ന സമയത്ത് കുട്ടികളുമായി അഭിമുഖത്തിനെത്തിയ സംവിധായകന്‍ കെ.ബാലചന്ദ്രറുമായി പരിചയപ്പെടാന്‍ ശിവാജിക്കു അവസരം കിട്ടി.

കാര്യങ്ങള്‍ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. ഒരു ചാന്‍സു തേടി സിനിമാക്കാരെ തേടിനടന്ന് മനസ്സുമടുത്തപ്പോള്‍ ശിവാജി നാട്ടിലേക്കു മടങ്ങി. അതിനിടെ കണ്ടക്ടര്‍ ജോലി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. സിനിമയില്‍ കേറാന്‍ പോയിട്ട് എല്ലാം നഷ്ടപ്പെട്ട അവസ്ഥയായപ്പോള്‍ ശിവാജി വീണ്ടും മദ്രാസില്‍ വന്ന് ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു. വീണ്ടും അംജിക്കരയിലെ പഴയ ലോഡ്ജില്‍ താമസിച്ചുകൊണ്ട് സിനിമാക്കാരെ തേടി നടന്നു.

എന്നാല്‍ ഒരിക്കല്‍ പരിചയപ്പെട്ട ശിവാജിയെ, കെ.ബാലചന്ദര്‍ മറന്നില്ല. അങ്ങനെ വീണ്ടും അദ്ദേഹത്തെ കാണാന്‍ അവസരം കിട്ടി. ബാലചന്ദ്രറിന്റെ ഓഫീസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.

''ആ ദിവസം എനിക്കു മറക്കാനാവില്ല. അവള്‍ ഒരു തുടര്‍ക്കഥ, ഇരുകോടുകള്‍, അരങ്ങേറ്റം തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലചന്ദര്‍ തരംഗം തമിഴ്‌സിനിമയെ ഇളക്കിമറിക്കുന്ന സമയമാണ്. ഇത്രയും പ്രശസ്തനായ സംവിധായകനെ നേരില്‍ കാണുമ്പോള്‍ എങ്ങനെ പെരുമാറണം എന്നോര്‍ത്ത് എനിക്ക് ആകെ ടെന്‍ഷനായിരുന്നു.

എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചിട്ട് എന്തെങ്കിലും ഒന്ന് അഭിനയിച്ചുകാണിക്കാന്‍ പറഞ്ഞു. ഞങ്ങള്‍ നേരത്തെ റിഹേഴ്‌സലുചെയ്തിരുന്ന ഒരു നാടകത്തിലെ ഭാഗമാണ് കാണിച്ചത്.

സാര്‍ അതുകണ്ടിട്ട് കുറച്ചുനേരം ആലോചിച്ചിരുന്നു. അതോടെ എനിക്കു ടെന്‍ഷന്‍ കൂടി. കുറച്ചുനേരം കഴിഞ്ഞ് സാര്‍ പറഞ്ഞു.

''ഞാനിപ്പോള്‍ അപൂര്‍വരാഗങ്ങള്‍ എന്നൊരു പടം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിലൊരു ചെറിയവേഷമുണ്ട്. ചെറുതാണെങ്കിലും പവര്‍ഫുളളായ വേഷമാണ്. ആ വേഷത്തില്‍ നിന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യണമെന്നുണ്ട്. അടുത്തതായി 'അവളൊരു തുടര്‍ക്കഥ' ഞാന്‍ തെലുങ്കില്‍ എടുക്കുന്നുണ്ട.് അതിലും ഒരു റോളുണ്ടാവും. നിന്റെ അഡ്രസ്, ഫോണ്‍ നമ്പര്‍ ഒക്കെ ഓഫീസില്‍ കൊടുത്തിട്ട് പോകണം. ഷൂട്ടിംഗ് ഉള്ളപ്പോള്‍ അറിയിക്കാം.' ഞാന്‍ തൊഴുതു പുറത്തിറങ്ങി. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. കാത്തിരുന്നത് ഇങ്ങനെ ഒരു നിമിഷത്തിനായിരുന്നു.''

കന്നടക്കാരനായതുകൊണ്ട് തമിഴ് ശരിക്കുപഠിക്കണമെന്നും ബാലചന്ദര്‍ ശിവാജിയോടു പ്രത്യേകം നിര്‍ദേശിച്ചിരുന്നു. കുറച്ചുദിവസത്തെ കാത്തിരിപ്പിനുശേഷമാണ് ഒരു ദിവസം ശിവാജിയെ വിളിക്കാന്‍ പ്രൊഡക്ഷന്റെ കാര്‍ എത്തിയത്. എ.വി.എം സ്റ്റുഡിയോയിലേക്കാണ് പോയതെങ്കിലും അന്ന് വൈകിട്ടുവരെ വെറുതെ അവിടെ ഇരുന്നിട്ടു പോരേണ്ടിവന്നു. അടുത്ത രണ്ടുദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചു. ഒരു വ്യഴാഴ്ച ശിവാജിയുടെ ഭാഗ്യദിനം വന്നു.

''രാവിലെ വന്നയുടനെ മേക്കപ്പുമാന്‍ പിടിച്ച് കസേരയില്‍ ഇരുത്തിയിട്ട് മുഖത്ത് താടി പശവെച്ച് ഒട്ടിച്ചു. കോസ്റ്റ്യുമര്‍ ഒരു തടിച്ചകോട്ട് ധരിപ്പിച്ചു. അതുകഴിഞ്ഞപ്പോള്‍ അസിസന്റ് ഡയറക്ടര്‍ ശര്‍മ്മ എന്നെ സെറ്റിലേയ്ക്കു കൊണ്ടുപോയി. അവിടെ ഒരു കസേരയില്‍ കമലഹാസന്‍ ഇരിക്കുന്നതുകണ്ടു. ക്യാമറയ്ക്കുമുന്നിലാണ് എന്നെ കൊണ്ടുപോയി നിറുത്തിയത്. ബാലചന്ദര്‍ സാര്‍ വന്നിട്ട് ഒരു അപരിചിതനോടെന്നപോലെ ഞാന്‍ പറയേണ്ട സംഭാഷണവും സന്ദര്‍ഭവും <<ഘ10302ബ29816.ഷുഴ>> പറഞ്ഞുതന്നു. ഞാന്‍ മനസ്സില്‍ പലതവണ ആ സംഭാഷണം വേഗം പറഞ്ഞുനോക്കി. അപ്പോഴേയ്ക്കും കമലാഹാസന്‍ എന്റെ മുന്നില്‍ വന്നുനിന്നു. ലൈറ്റുകള്‍ തെളിഞ്ഞു. കണ്ണ് മഞ്ഞളിച്ചു പോകുന്ന വെളിച്ചം. സംഭാഷണം ഒന്നുകൂടി ശര്‍മ്മ പറഞ്ഞുതന്നു. ഇട്ടിരിക്കുന്ന കോട്ടിനുവല്ലാത്ത ഘനം തോന്നിതുടങ്ങി. ഒട്ടിച്ചുവെച്ചിരിക്കുന്ന താടി ഇളകിവീഴുമെന്നും തോന്നി. ക്യാമറയ്ക്കു തൊട്ടടുത്ത് സാറുണ്ട്. കൂടാതെ കുറെപ്പേര്‍ എന്നെ തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. ലൈറ്റുകള്‍ ഒന്നണഞ്ഞിട്ട് വീണ്ടും തെളിഞ്ഞപ്പോഴേയ്ക്കും ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. അതിനിടെ ഒരു പയ്യന്‍ ഓടിവന്ന് എന്റെ മുഖത്തിനുനേരെ ക്ലാപ്പ്‌ബോര്‍ഡുവെച്ചു. 'ആക്ഷന്‍' എന്ന ശബ്ദം മുഴങ്ങി. എന്റെ കൈയും കാലും അനങ്ങാത്തപോലെ ...ശബ്ദം പുറത്തുവരാത്തപോലെ.. ഞാന്‍ ആകെ പരിഭ്രമിച്ചു. ഉടന്‍ലൈറ്റുകള്‍ അണഞ്ഞു. ഞാന്‍ സാറിനെ നോക്കി. അദ്ദേഹം ഒന്നും പറഞ്ഞില്ല എങ്കിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ധൈര്യം വീണ്ടെടുത്തതുപോലെ ഞാന്‍ നിന്നു. സംഭാഷണം മെല്ലെ പറഞ്ഞുനോക്കി. നമുക്ക് ഒന്നുകൂടിനോക്കാമെന്ന് സാറുപറഞ്ഞയുടനെ ലൈറ്റുകള്‍ വീണ്ടും തെളിഞ്ഞു. ആക്ഷന്‍ കേട്ടയുടനെ കമലിനെ നോക്കിക്കൊണ്ടു ഞാന്‍ പറഞ്ഞു.

'ഭൈരവി വീട് ഇതുതാനാ....നാന്‍ ഭൈരവിയുടെ പുരുഷന്‍''

കട്ട്.. ലൈറ്റുകള്‍ അണഞ്ഞു.

'ഓകെ ശിവാജിറാവു''സാറിന്റെ ശബ്ദം.

ഇതുകേട്ടയുടനെ ഞാന്‍ ക്യാമറയ്ക്കു പുറകിലേയ്ക്കു പോയി ആരും കാണാതെ ഒരു സിഗരറ്റ് കത്തിച്ച് വേഗം വലിച്ച് ടെന്‍ഷന്‍ മാറ്റി. ഉടന്‍ അടുത്ത ഷോട്ടായി. ഞാന്‍ വീണ്ടും ലൈറ്റിനുമുന്നിലേയ്ക്ക്.....

കമല്‍ എന്നോടുചോദിക്കുകയാണ്

'യാരെന്നു ചൊന്നീങ്ക...' അപ്പോള്‍ ഞാന്‍ പറയുന്നു 'ഭൈരവിയുടെ പുരുഷന്‍'. ഇത്തവണ എനിക്കു പഴയ പേടി തോന്നിയില്ല. പിന്നെ രണ്ടുഷോട്ടും കൂടി എടുത്തു. അന്നത്തെ എന്റെ ഷുട്ടിംഗ് തീര്‍ന്നു. സാറിനോടൂ യാത്രചോദിച്ചു പുറത്തിറങ്ങിയ ഉടനെ കാറു റെഡി. എന്നെയുംകൊണ്ട് കാര്‍ എ.വി.എമ്മിന്റെ ഗെയിറ്റുകടക്കുമ്പോള്‍ ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി, ഞാനും ഒരു സിനിമാനടനായെന്ന്.''
പിന്നിട് രണ്ടുദിവസം കൂടി ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഈ ചിത്രത്തിനുവേണ്ടി ബാലചന്ദര്‍ വളരെ നിര്‍ബന്ധിച്ച് ശിവാജിയെക്കൊണ്ടുതന്നെ ഡബ്ബുചെയ്യിച്ചു. പോകാന്‍ നേരം ബാലചന്ദ്രര്‍ പറഞ്ഞു.

''പടത്തിന്റെ ടൈറ്റില്‍കാര്‍ഡില്‍ നിന്റെ പേരുവെയ്ക്കണം...ശിവാജിറാവു എന്ന പേരുവേണ്ട. ഇപ്പോള്‍ ശിവാജിഗണേശനുണ്ടല്ലോ.. അതുകൊണ്ട് ശിവാജീന്നും വേണ്ട..റാവുവും തമിഴില്‍ പറ്റില്ല..ശരി നീ ആലോചിച്ചുനോക്ക് എന്നിട്ട് അറിയിച്ചാല്‍ മതി..''

രണ്ടുമൂന്നുദിവസം ശിവാജി പേരുകള്‍ പലതും ആലോചിച്ചുവെങ്കിലും ഒരുപേരിലും തൃപ്തിവരാതെ ഒടുവില്‍ സാറിനെ നേരില്‍കണ്ട് പറഞ്ഞു. സാര്‍ അനുഗ്രഹിച്ച് ഒരു പേരിട്ടാല്‍മതിയെന്ന്.

''ഒരു പൂര്‍ണചന്ദ്രദിവസമായിരുന്നു അത്. ആ ദിവസം എനിക്കു മറക്കാനാവില്ല. വൈകിട്ട് എഴുമണിയായിക്കാണും. ഞാന്‍ സാറിന്റെ മുറിയില്‍ ഇരിക്കുകയാണ്. പേരിന്റെ കാര്യം കുറച്ചുനേരം ആലോചിച്ചിട്ട് അദ്ദേഹം പറഞ്ഞു. നിനക്കു ഞാന്‍ രജനികാന്തെന്ന പേരുവെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. കാന്ത് എനിക്ക് ഇഷ്ടപ്പെട്ട പേരാണ്..എന്റെ മേജര്‍ ചന്ദ്രകാന്ത് നാടകത്തില്‍ ചന്ദ്രകാന്തിനു രണ്ടു മക്കളുണ്ട് ..ഒരാളുടെ പേര് ശ്രീകാന്ത് മറ്റൊരുത്തന്‍ രജനീകാന്ത്.

ശ്രീകാന്ത് എന്ന പേര് ഇപ്പോള്‍ ഫീല്‍ഡിലുണ്ട്.. രജനീകാന്തെന്ന പേര് ഞാന്‍ കുറച്ചുനാളായി കാത്തുവെച്ചിരിക്കുകയായിരുന്നു.. അതുഞാന്‍ നിനക്കിടുകയാണ്........ അതൊരുസുവര്‍ണനിമിഷമായിരുന്നു.




എന്നെ കണ്ടെത്തിയ ഗുരു എനിക്കു പേരിട്ട നിമിഷം.. ഞാന്‍ എഴുന്നേറ്റ് സാറിന്റെ കാലില്‍തൊട്ടു. തൊഴുതിട്ടുപറഞ്ഞു. ഞാന്‍ നല്ലൊരു വില്ലന്‍ നടന്‍ ആകാന്‍ സാര്‍ അനുഗ്രഹിക്കണം. അദ്ദേഹം അതുകേട്ട് ചിരിച്ചു. 'വില്ലനായിട്ടു മാത്രമെന്തിനാ....നീ വലിയ നടനായി മാറാന്‍ പോകുകയാണ്'........ ഗുരു പറഞ്ഞ ആ വാചകം എങ്ങനെ ഞാന്‍ മറക്കും.. ഇതിന് എങ്ങനെ അദ്ദേഹത്തോടു നന്ദി പറയും.. ആ കടപ്പാട് എന്നെങ്കിലും എനിക്കു മറക്കാന്‍ പറ്റുമോ. ഓഫീസില്‍നിന്ന് ഇറങ്ങിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. നേരെ മറീന ബീച്ചിലേയ്ക്കു പോയി എന്റെ പതിവുസ്ഥലത്തിരുന്നു. പല ആവര്‍ത്തി പറഞ്ഞുനോക്കി...രജനീകാന്ത്...രജനീകാന്ത്.. ഞാന്‍ എന്നെതന്നെ ആ പേരില്‍ വിളിച്ചു..''


1975 ആഗസ്റ്റ് 15. കാത്തിരുന്ന ആ ദിവസം എത്തി. ബാംഗ്ലുരില്‍ നിന്നെത്തിയ ഒരു കറുത്ത ചെറുപ്പക്കാരന്റെ മുഖം തമിഴ്‌നാട്ടിലെ നാല്പതുകേന്ദ്രങ്ങളില്‍ അന്ന് ജനങ്ങള്‍ കണ്ടു. അപൂര്‍വരാഗങ്ങള്‍ നൂറുദിവസം ഓടിയെങ്കിലും രജനീകാന്തെന്ന പുതുമുഖത്തെ തമിഴ് സിനിമ സ്വീകരിക്കാന്‍ മടിച്ചുനിന്നപ്പോള്‍ വീണ്ടും ബാലചന്ദര്‍ തന്നെ രക്ഷകനായെത്തി വീണ്ടും പടങ്ങള്‍ കൊടുത്തു. വില്ലനായി അഭിനയിച്ചുതുടങ്ങിയ രജനിയെ നായകനാക്കിയത് എസ്.പി.മുത്തുരാമനാണ്. 'ഭുവനാ ഒരു കേള്‍വിക്കുറി'യിലൂടെ. അതോടെ ഈ നായകന്റെ ജൈത്രയാത്ര തുടങ്ങി.

Mathrubhoomi-11-12-14

Filed under .

0 comments for "സ്റ്റൈല്‍മന്നന്റെ വിജയഗാഥ"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas