Headlines
By Malakkallu Express:December 04, 2014

തിരക്കിൽ ജീവിതം മറക്കുന്നവർ

ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിൽ അല്പം പോലും സമയം ബാക്കി വയ്ക്കാനാവാത്ത ആ പിതാവിന് തന്റെ ഏക മകൻ ബാലുവുമായി ചെലവഴിക്കാൻ ഒട്ടും സമയമുണ്ടായിരുന്നില്ല. ബാലുവിന്റെ അമ്മ വിദേശത്താണ്. വീട്ടിലെ ജോലിക്കാരോടൊപ്പമാണ് ബാലുവിന്റെ ജീവിതം.

ഒന്നാം ക്ലാസിലെ അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞ് ഒന്നും ചെയ്യാനില്ലാതെ വെറുതെ വീട്ടിൽ ചെലവഴിക്കുന്ന ഒരു ദിവസം രാത്രി അച്ഛൻ വരുന്നതുവരെ ബാലു ഉറങ്ങാതെ കാത്തിരുന്നു. വളരെ വൈകി ക്ഷീണിച്ചവശനായി എത്തിയ പിതാവ് ബാലുവിന്റെ തോളിൽ ഒന്നു തട്ടിയശേഷം തന്റെ മുറിയിലേക്ക് കയറിപ്പോയി. പതിവിനു വിപരീതമായി ബാലുവും ആ മുറിയിലേക്ക് ചെന്നു.

'ഊം.... എന്തിനാണ് മോൻ വന്നത്?"
'വെറുതെ... അച്ഛാ, ഞാൻ ഒരു കാര്യം ചോദിച്ചാൽ അച്ഛൻ സത്യം പറയുമോ"
ബാലുവിന്റെ ചോദ്യം.
'പിന്നെ... മോൻ ചോദിക്ക്..."
'അച്ഛന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?"
അച്ഛൻ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു,
'ഓ...ഇതാണോ ഇത്രവലിയ സംശയം... നാനൂറ് രൂപയോളം കിട്ടും​. ആട്ടെ എന്താ കാര്യം?"
'അതൊക്കെയുണ്ട്... അച്ഛാ എനിക്ക് ഒരു ഇരുന്നൂറ് രൂപ തരുമോ"
'മോനെന്തിനാണ് ഇപ്പോൾ രൂപ'
'അതു ഞാനിപ്പോൾ പറയില്ല. പൈസ തന്നു കഴിയുമ്പോ പറയാം'
'ശരി"
പിതാവ് പഴ്സിൽ നിന്ന് ഇരുന്നൂറ് രൂപയെടുത്ത് മകന്റെ കൈയിൽ കൊടുത്തു.
അവൻ അതുമായി വേഗം തന്റെ മുറിയിലെത്തി, അലമാരയിലെ കൊച്ചുകുടുക്കയെടുത്തു പൊട്ടിച്ചു. വിഷുക്കൈനീട്ടം കിട്ടിയ പൈസയുൾപ്പെടെ അവന്റെ സമ്പാദ്യമെല്ലാം അതിലുണ്ട്. എല്ലാം എണ്ണിത്തിട്ടപ്പെടുത്തി. ഇരുന്നൂറ് രൂപ തികച്ചെടുത്തു. അച്ഛൻ നല്കിയ രൂപയും കൂടെ കൂട്ടി അച്ഛനു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു,
'അച്ഛാ ഇത് നാനൂറ് രൂപയുണ്ട്. ഒരു മണിക്കൂർ സമയം അച്ഛന് ഇനി എന്റെ കൂടെ ചെലവഴിക്കാമോ?'
ഒന്നും മറുപടി പറയാനാവാതെ നിശബ്ദനായി നിന്നുപോയ ആ പിതാവിനെപ്പോലെ അനേകം മാതാപിതാക്കളുള്ള സമൂഹമാണ് ഇപ്പോൾ നമ്മുടെ കൊച്ചുകേരളം. അണുകുടുംബത്തിലെ ഒറ്റപ്പെടലിൽ, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പഴംകഥകൾ കേൾക്കാനില്ലാതെ, അച്ഛന്റെയും അമ്മയുടെയും സാമീപ്യവും വാത്സല്യവും കിട്ടാതെ ഇരുളടഞ്ഞുപോകുന്ന അനേകം ബാല്യകാഴ്ചകൾ നമുക്ക് ചുറ്റുമുണ്ട്. ദിവസവും അല്പസമയം കിട്ടിയാൽ കുട്ടികളെ പാഠഭാഗങ്ങൾ പഠിപ്പിക്കാനായിരിക്കും മിക്ക മാതാപിതാക്കൾക്കും തിടുക്കം. എൻജിനീയറും ഡോക്ടറുമൊക്കെയാക്കാൻ വേണ്ടിയുള്ള അമിതപ്രേരണയും മാർക്കു കുറഞ്ഞതിനെച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകളും ശകാരവും മാത്രമായിപ്പോകുന്ന കുടുംബാന്തരീക്ഷത്തിൽ കുഞ്ഞുങ്ങൾ വലിയ വീർപ്പുമുട്ടലാണ് അനുഭവിക്കുന്നത്. മാതാപിതാക്കളിൽ നിന്നും നിറഞ്ഞ സ്‌നേഹമാണ് കുഞ്ഞുങ്ങൾ പ്രതീക്ഷിക്കുന്നത്. സ്വന്തം വീട്ടിൽ നിന്ന് സ്‌നേഹം ലഭിക്കുന്ന കുട്ടികൾക്ക് മുതിർന്നാലും തന്റെ സഹജീവികളെ സ്‌നേഹിക്കാതിരിക്കാനാവില്ല.

കുട്ടികൾക്ക് സ്‌നേഹം പകരുക. എത്ര തിരക്കാണെങ്കിലും അവരോടൊപ്പം ചെലവഴിക്കാൻ അല്പ സമയം മാറ്റി വെയ്ക്കുക.
source-kaumudi

Filed under .

0 comments for "തിരക്കിൽ ജീവിതം മറക്കുന്നവർ "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas