Headlines
By Malakkallu Express:December 04, 2014

മദ്യനയത്തിൽ പ്രായോഗിക മാറ്റം വരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ബാർ തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെട്ടത് ഉൾപ്പെടെയുള്ള പ്രശ്‌‌നങ്ങൾ കണക്കിലെടുത്തും കോടതിവിധി ഉൾക്കൊണ്ടും മദ്യനയത്തിൽ പ്രായോഗിക മാറ്റങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞു. എന്നാൽ മദ്യനയത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റില്ല.
.

22 ഫോർസ്റ്റാർ ബാറുകൾക്ക് ലൈസൻസ് നൽകണമെന്ന കോടതിവിധി സർക്കാരിന്റെ അലംഭാവം മൂലമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. തോമസ് ഐസകിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിൽ ഇടപെടുകയായിരുന്നു മുഖ്യമന്ത്രി.
ബാറുടമകളുമായി സർക്കാർ ഒത്തുകളിക്കുകയാണെന്നും ബിജു രമേശിന്റെ ആരോപണം സത്യമായി വരികയാണെന്നും ആരോപിച്ച പ്രതിപക്ഷം, അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ബാർകോഴയെ പറ്റിയുള്ള ചർച്ചയിൽ താൻ ഇടപെടാത്തത് മന്ത്രി മാണിയെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുമെന്ന് ഭയന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. താനും ആഭ്യന്തരമന്ത്രിയും പങ്കെടുത്ത യോഗം മാണിയെ കുറ്റവിമുക്തനാക്കിയെന്നാണ് ആരോപണം. ആഭ്യന്തരമന്ത്രി അവിടെ സംസാരിച്ചത് പോലുമില്ല. കുറ്റം ചെയ്യാത്ത ആളെ ക്രൂശിക്കാൻ ശ്രമിച്ചാൽ എന്തുവിലകൊടുത്തും എതിർക്കും.
ദേശീയപാതയ്‌ക്ക് സമീപമുള്ള ചില്ലറ വില്പന ശാലകൾ മാറ്റണമെന്ന കോടതി നിർദ്ദേശം ഗൗരവമായി കാണും. നിലവാരമില്ലാത്ത 418 ബാറുകൾ റഗുലറൈസ് ചെയ്‌തത് ഇടതുസർക്കാരാണെന്ന് തോമസ് ഐസക്ക് അംഗീകരിച്ചു. ആ ബാറുകൾക്ക് യോഗ്യതയില്ലെന്നാണ് സി.എ.ജി. പറഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മദ്യനയം ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയിൽ പോകുമെന്ന് മന്ത്രി ബാബു വ്യക്തമാക്കി. നയം രൂപീകരിക്കേണ്ടത് സർക്കാരാണ്. അതിൽ കോടതി അലോസരമുണ്ടാക്കുന്നത് ശരിയല്ല. മദ്യനയവുമായി ബന്ധപ്പെട്ട കേസുകളിൽ തീർപ്പായ ശേഷം വേണ്ടത് ആലോചിക്കുമെന്നും ബാബു വ്യക്തമാക്കി.
നയമുണ്ടാക്കാനുള്ള സർക്കാരിന്റെ അവകാശമല്ല, അത് നടപ്പാക്കിയതിലെ നിയമപ്രശ്‌നങ്ങളാണ് കോടതി ചൂണ്ടിക്കാട്ടുന്നതെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. 418 ബാറുകളുടെ ലൈസൻസ് റഗുലറൈസ് ചെയ്‌തത് തങ്ങളാണെങ്കിലും സി.എ.ജി. റിപ്പോർട്ട് വന്നത് 2011 ജനുവരിയിലാണ്. രണ്ടുവർഷം നിങ്ങൾ നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബാങ്കേഴ്‌സ് സമിതിക്ക് നിവേദനം അയച്ചത് കോടതിക്കുള്ള സന്ദേശമായിരുന്നെന്നും ഐസക്ക് ആരോപിച്ചു.
അതിനെ മുഖ്യമന്ത്രിയും മന്ത്രി ബാബുവും എതിർത്തു. തന്റെ കമ്പ്യൂട്ടർ സെല്ലിൽ വന്ന നിവേദനം അതേപടി ബാങ്കേഴ്‌സ് സമിതിക്ക് അയച്ചതാണെന്നും ഇനിയും അതുതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Filed under .

0 comments for "മദ്യനയത്തിൽ പ്രായോഗിക മാറ്റം വരുത്തും: മുഖ്യമന്ത്രി "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas