Headlines
By Malakkallu Express:December 12, 2014

കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര

തിരുവനന്തപുരം: കണ്‍സിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന ഹയര്‍സെക്കന്ററി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ കെ.എസ്.ആര്‍.സി ബസുകളില്‍ സൗജന്യയാത്ര. നിയമസഭയില്‍ വി.ടി.ബല്‍റാം അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ 1.35 ലക്ഷം വിദ്യാര്‍ത്ഥികളാണ് കെ.എസ്.ആര്‍.ടി.സിയില്‍ കണ്‍സിഷന്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നത്.


തല്‍ക്കാലം ഇവര്‍ക്ക് മാത്രമായിരിക്കും യാത്രാ സൗജന്യം. ഇതിനായി കോര്‍പറേഷന്‍ ചില വ്യവസ്ഥകള്‍ മുന്നോട്ടു വെക്കും. കണ്‍സഷന്‍ ഉപയോഗിച്ച് യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ മുഖേന കോര്‍പറേഷന്‍ നല്‍കുന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ബസില്‍ യാത്ര ചെയ്യാം. ഈ കാര്‍ഡിന് പ്രതിവര്‍ഷം പത്ത് രൂപ ഫീസായി ഈടാക്കും. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും ദിവസം ഓരോ തവണ മാത്രമായിരിക്കും സൗജന്യം. ഒരു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സൗജന്യയാത്ര നടപ്പാക്കുന്നതെന്നും വിജയകരമായാല്‍ പദ്ധതി തുടരുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തികക്ലേശം കൂടി മനസിലാക്കി കാലാകാലങ്ങളില്‍ നിരക്ക് പരിഷ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാറിനെ ഉപദേശിക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ മാതൃകയിലുള്ള സംവിധാനം ആലോചിക്കും.


എന്നാല്‍ ഡീസലിന്റെ വിലയിടിവിനെ തുടര്‍ന്ന് ലാഭിക്കാനായ 16.5 ലക്ഷം രൂപയാണ് കുട്ടികള്‍ക്കുള്ള യാത്രാസൗജന്യത്തിനായി വിനിയോഗിക്കുന്നത്. പുതുതായി യാത്രാസൗജന്യം നല്‍കുമ്പോള്‍ ബി.പി.എല്‍ വിഭാഗം, പെണ്‍കുട്ടികള്‍, പട്ടികവര്‍ഗവിഭാഗം, സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണമായും സൗജന്യയാത്ര അനുവദിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ കുട്ടികള്‍ക്ക് ഈ സൗജന്യം ലഭിച്ചേ തീരൂ. അതൊരു സാമൂഹ്യമായ ബാധ്യതയാണ്. താനുള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയവരാണ്. ഇവരെല്ലാം വിദ്യാര്‍ത്ഥികളുടെ യാത്രാസൗജന്യത്തിനായി സമരം ചെയ്തിട്ടുള്ളവരുമാണ്.


കെ.എസ്.ആര്‍.ടി.സിക്ക് എത്ര സാമ്പത്തികക്ലേശം ഉണ്ടായാലും സമ്പൂര്‍ണസൗജന്യം അനുവദിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം നല്‍കാന്‍ തീരുമാനിച്ച മന്ത്രിയെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ അഭിനന്ദിച്ചു. കെ.എസ്.ആര്‍.ടിസിയെ നഷ്ടത്തില്‍ നിന്നും കരകയറ്റുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് കഴിഞ്ഞ ദിവസം സഭയില്‍ മന്ത്രി അറിയിച്ചിരുന്നു. കെ.ടി.ഡി.എഫ്.സിയില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്ന പലിശക്ക് കെ.എസ്.ആര്‍.ടി.സി എടുത്തിയിട്ടുള്ള വായ്പകള്‍ കുറഞ്ഞ പലിശനിരക്കിലേക്ക് പുനക്രമീകരിക്കും. 400 ജന്റം ബസുകള്‍ ഉള്‍പ്പെടെ 1,900 പുതിയ ബസുകളും ഘട്ടംഘട്ടമായി പുറത്തിറക്കും. 1,100 ഷെഡ്യൂളുകള്‍ പുന:ക്രമീകരിച്ച് ലാഭത്തിലാക്കാനും നടപടിയെടുത്തിട്ടുണ്ട്

Filed under .

0 comments for "കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas