Headlines
By Malakkallu Express:December 22, 2014

ധനുഷ്‌കോടി റെയില്‍ ദുന്തത്തിന് ഇന്ന് അമ്പത് വയസ്.




ധനുഷ്‌കോടി-മുനമ്പില്‍ നിന്നും മുന്നോട്ട് നോക്കുമ്പോള്‍ സാഗരവീചികള്‍ മാത്രം. ഇടതും വലതും കടലിരമ്പം.ുതന്നെ. അതിനിടയിലെ ഇത്തിരി പഞ്ചാരമണലില്‍ നില്‍ക്കുമ്പോള്‍ ഏകാന്തതയുടെ അപാരതീരം എന്ന പാട്ടെഴുതിയത് ഈ സമുദ്രതീരത്ത് വെച്ചാണെന്ന് തോന്നും. കമുകറ മനസ്സറിഞ്ഞ് പാടിയതും ഇവിടെവെച്ചാണെന്നു ഉറപ്പിച്ചുപോകും.

വെണ്‍മേഘക്കുടയ്ക്കു കീഴില്‍ ചക്രവാളസീമയും നോക്കി ഉള്ളിലുറയുന്ന സുഖകരമായൊരു ഭയത്തോടെ നില്‍ക്കുമ്പോള്‍ വികാരവിചാരങ്ങളുടെ ഒരു വേലിയേറ്റമായിരുന്നു മനസ്സില്‍. ജീവിതത്തിന്റെ നാടകീയതയും നൈമിഷികതയും അതോര്‍മ്മിപ്പിക്കുന്നു. മനുഷ്യമഹാപ്രയത്‌നത്തിന്റെ; പ്രകൃതിക്കുമേല്‍ അവന്‍ നേടുന്ന വിജയങ്ങളുടെ ഉത്തമോദാഹരണത്തിലൂടെ വന്ന്, മാനവാഹങ്കാരങ്ങളെ തച്ചുടയ്ക്കുന്ന പ്രകൃതിശക്തിയുടെ ദൃഷ്ടാന്തത്തില്‍ അവസാനിക്കുന്ന യാത്ര. ആയിരങ്ങളുടെ ആത്മാക്കളുറങ്ങുന്ന മണ്ണില്‍ പിതൃപ്രീതിക്കായി ബലിയര്‍പ്പിക്കാനെത്തുന്നവര്‍, ശംഖുമാലയും വളയും വില്‍ക്കുന്നവര്‍ മത്സ്യത്തൊഴിലാളികള്‍, സഞ്ചാരികളേയും കൊണ്ടെത്തുന്ന വണ്ടികള്‍. ഒരു പാടല്ലെങ്കിലും മനുഷ്യസാന്നിധ്യം ഇങ്ങിനെയൊക്കെ തൊട്ടുപുറകിലുണ്ടെങ്കിലും ഏകാന്തത നമ്മെ വന്നു പൊതിയുന്ന ഒരസാധാരണ അനുഭവമാണ് ധനുഷ്‌കോടി.





ഒരു ഇതിഹാസയാത്രയുടെ കാവ്യ സുന്ദരനിമിഷങ്ങളും ഇവിടെ കാതോര്‍ത്താല്‍ കേള്‍ക്കാം. കടലുകടന്നാല്‍ അപ്പുറമൊരു സുന്ദരഭൂമിയുണ്ടെന്ന പ്രതീക്ഷയുടെ മുനമ്പു കൂടിയാണിത്. രാമന്‍ സീതയെ തേടി ചെന്ന സേതുബന്ധനത്തിന്റെ കടലടയാളങ്ങളും നമുക്കിവിടെ കാണാം. യാത്രാ മാഗസിനുവേണ്ടി രാമന്‍ നടന്ന വഴികളിലൂടെ ഒരു യാത്ര എന്ന ആശയവുമായായിരുന്നു ഒരു വര്‍ഷം മുമ്പ് ഇവിടെയെത്തിയത്. ഹനുമാനും സംഘവും സേതുബന്ധനം നടത്തിയ മണ്ണില്‍ തന്നാലായത് ചെയ്ത അണ്ണാന്‍ കുഞ്ഞുവരെ മനസിന്റെ ചിത്രപടത്തില്‍ തെളിയാന്‍ തുടങ്ങി. ലങ്കയിലേക്ക് ചാടാന്‍ ഹനുമാന്‍ ആയമെടുത്ത ഗന്ധമാദന പര്‍വ്വതത്തില്‍ തലേ ദിവസം പോയിരുന്നു. അത്തരം കഥകള്‍ക്കുമപ്പുറം ഒരു പാട് കാര്യങ്ങളുമുള്ള മണ്ണാണിത്.

അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഡിസംബര്‍ സന്ധ്യയില്‍ കടലെടുത്ത പട്ടണത്തിലാണ് നാം നില്‍ക്കുന്നത്. അതിന് മുമ്പ് ഇവിടം എങ്ങിനെയായിരുന്നു. അന്ന് പതിനൊന്ന് വയസ്സുകാരനായ മുരുകേശന്‍ 60 കാരനായി ഇവിടെയുണ്ട്. അന്ന് ഈ മണ്ണിലെ ഇത്തിരി ഉയരമുള്ള പ്രദേശത്തു കയറി ജീവന്‍ വീണ്ടെടുത്തണയാള്‍. ''അന്നിവിടം കുട്ടി സിംഗപ്പൂര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നും മദിരാശിയില്‍ നിന്നെത്തുന്ന ശ്രീലങ്കന്‍ മെയില്‍. ഇന്തോ സിലോണ്‍ ബോ്ട്ടുമെയില്‍ എന്നാണറിയപ്പെട്ടിരുന്നത്. നിറയെ തൊഴിലാളികളും ഉദ്യോഗസ്ഥരും സഞ്ചാരികളും. ധനുഷ്‌കോടിയില്‍ അവസാനിക്കുന്ന യാത്ര. ഇവിടെ നിന്നും 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശ്രീലങ്കയിലെ തലൈമന്നാറിലെത്താം. അവിടെ നിന്നും കൊളോബോയിലേക്ക പോകുന്ന തൊഴിലാളികളും മെയിലും ചരക്കുകളും.




ലങ്കയിലെ തോട്ടം തൊഴിലാളികളും ഉദ്യോഗസ്ഥരും ഈ വഴിയാണ് പൊയ്‌ക്കൊണ്ടിരുന്നത്. എക്കാലത്തേയും എഞ്ചിനിയറിങ് വിസ്മയങ്ങളിലൊന്നായ പാമ്പന്‍പാലം കടന്ന് രാമേശ്വരം താണ്ടിയെത്തുന്ന ട്രെയിന്‍ യാത്രികര്‍ക്ക് താമസിക്കാനും സാധനങ്ങള്‍ വാങ്ങാനും ശ്രീലങ്കയിലേക്കുള്ള ചരക്കുകളും തപാലുകളുമെല്ലാം കടത്താനായി രൂപപ്പെട്ട പട്ടണം. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ റെയില്‍വേസ്റ്റേഷനും പ്രാര്‍ഥാനാഗാനങ്ങള്‍ ഉയര്‍ന്നിരുന്ന പള്ളിമേടയും, കത്തും മണിയോര്‍ഡറുകളും പ്രവഹിച്ചിരുന്ന തപാല്‍ നിലയവും മീന്‍പിടിത്തവും മത്സ്യവില്‍പ്പനയും കയറ്റുമതിയും സജീവമായിരുന്ന മത്സ്യമേഖലയും. അങ്ങിനെ പ്രതാപത്തിന്റെ മുനമ്പായിരുന്നു ഇത്.''

1964 ഡിസംബര്‍ 22 സന്ധ്യ വരെ ധനുഷ്‌കോടിയുടെ ചിത്രം ഇങ്ങിനെയായിരുന്നെങ്കില്‍ രാത്രി മുതല്‍ ചിത്രം മാറിമറിഞ്ഞു. അത് പുറം ലോകമറിയുന്നത് പിന്നെയും വൈകിയാണ്. അന്നത്തെ വാര്‍ത്താവിനിമയം അത്രയേ വളര്‍ന്നിട്ടുണ്ടായിരുന്നുള്ളു. ഡിസംബര്‍ 17 നു രൂപപ്പെട്ട ന്യൂനമര്‍ദ്ദം വാവുനീയ കടന്ന് കറങ്ങി തിരിഞ്ഞ് ഇവിടെയെത്തിയത് അന്നായിരുന്നു. ധനുഷ്‌കോടി പാസഞ്ചര്‍ യാത്ര പുറപ്പെട്ടതു തന്നെ ആശങ്കയുടെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെയായിരുന്നു പാമ്പനില്‍ യാത്ര അവസാനിപ്പിക്കാമെന്നു തോന്നി എഞ്ചിന്‍ ഡ്രൈവര്‍ മടിച്ചു നിന്നപ്പോള്‍ ട്രെയിനുണ്ടായിരുന്ന വിനോദ സഞ്ചാരികളും വിദ്യാര്‍ഥികളുമാണത്രെ പ്രോത്സാഹിപ്പിച്ചത്.

അങ്ങിനെ മനസില്ലാ മനസോടെ മുന്നോട്ടെടുത്ത തീവണ്ടിയെ കാറ്റും കോളും കടലും ചേര്‍ന്ന് അമ്മാനമാടി. ബോഗികളിലുണ്ടായിരുന്ന 250 യാത്രക്കാരേയും അഞ്ച് റെയില്‍വേ ജീവനക്കാരേയും കടലില്‍ കാണാതായി. പാളങ്ങളും ബോഗികളും എഞ്ചിനുമെല്ലാം കടലില്‍ ഒഴുകി നടന്നു. ബോഗികളില്‍ ചിലത് പിറ്റേദിവസം കടലൂര്‍ ഭാഗത്താണ് അടിഞ്ഞത്. ഭാരമുള്ളതുകൊണ്ടാവാം എഞ്ചിന്‍ മാത്രം അധിക ദൂരം ഒഴുകിയില്ല. എഞ്ചിന്റെ ആറിഞ്ച് മാത്രമാണ് മുകളില്‍ കാണുന്നതെന്നായിരുന്നു പിറ്റേ ദിവസം ഹെലികോപ്റ്ററില്‍ ദുന്തസ്ഥം സന്ദര്‍ശിച്ചവരുടെ റിപ്പോര്‍ട്ട്. പാമ്പന്‍പാലവും കടലേറ്റത്തില്‍ തകര്‍ന്നതോടെ അങ്ങോട്ട് എത്തിപ്പെടുക ദുഷ്‌കരമായി. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററും ബോട്ടുകളുമാണ് ഉപയോഗിച്ചത്. ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിച്ചും, ജീവന്‍ തിരിച്ചുകിട്ടിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതും വളരെ വൈകിയായിരുന്നു. വാര്‍ത്താവിനിമയ ബന്ധങ്ങളുടെ അപര്യാപ്തയും മോശം കാലാവസ്ഥയും തന്നെ പ്രധാന കാരണം.





ഡിസംബര്‍ 23ന് വന്ന വാര്‍ത്തകളില്‍ ഒരു ചെറിയ ദുരന്തത്തിന്റെ സൂചന മാത്രമേ ഉണ്ടായിരുന്നുള്ളു. വേലിയേറ്റത്തില്‍ രാമേശ്വരം ദ്വീപിന്റെ ഒരു ഭാഗം വേര്‍പെട്ടു എന്നായിരുന്നു അത്. ദുരന്തത്തിന്റെ യഥാര്‍ഥ മുഖമോ ഭീകരതയോ അന്ന ആരും അറിഞ്ഞില്ല. ഡിസംബര്‍ 25ന്റെ പത്രത്തിലൂടെയാണ് തീവണ്ടി കടലില്‍ പോയെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്. കോണ്‍ഗ്രസ് പ്രസിഡണ്ട് കാമരാജും തമിഴ്‌നാട് മുഖ്യമന്ത്രി ഭരക്തവത്സലവും വ്യോമനിരീക്ഷണ്ത്തിനായി പോയിരുന്നെങ്കിലും എഞ്ചിന്‍ കുഴപ്പം കാരണം തൃശ്ശിനാപ്പള്ളിയില്‍ മടങ്ങേണ്ടി വന്നു എന്നും വാര്‍ത്തയുണ്ടായിരുന്നു.

പിന്നീടിവര്‍ വ്യോമനിരീക്ഷണം നടത്തിയ ശേഷമുള്ള പത്രപ്രസ്താവനയും കണ്ടു. മരണസംഖ്യയെ കുറിച്ചുള്ള ധാരണകളും മാറിതുടങ്ങി. തീവണ്ടി യാത്രക്കാരുടെ എണ്ണത്തില്‍ ഏതാണ്ടൊരു കൃത്യതയുണ്ടെന്നല്ലാതെ അവിടെയുണ്ടായിരുന്ന എത്രപേര്‍ മരിച്ചു എന്നതിന് കൃത്യമായ കണക്കുണ്ടായിരുന്നില്ല. ശ്രീലങ്കയില്‍ നിന്ന് എത്രപേര്‍ ഇങ്ങോട്ടു വന്നിരുന്നു അതില്‍ എത്രപേര്‍ മരിച്ചു. എത്രപേര്‍ രക്ഷപ്പെട്ടു എന്നതിനും തിട്ടമുണ്ടായ്ിരുന്നില്ല. നല്ല ഉറപ്പില്‍ നിര്‍മ്മിച്ച പള്ളിയും പോസ്‌റ്റോഫീസും റെയില്‍വേ സ്റ്റേഷനും ഗോഡൗണുകളും കാററില്‍ മേല്‍ക്കൂര നഷിടപ്പെട്ട് നിന്ന സ്ഥിതിക്ക് കുടിലുകളൊന്നും ബാക്കിയുണ്ടാവാന്‍ സാധ്യതയില്ല. അല്‍പ്പം ഉയര്‍ന്ന ഒരു പ്രദേശത്ത് ഓടിക്കൂടിയാണ് പലരും ജീവന്‍ രക്ഷിച്ചത്. അന്ന രാമേശ്വരത്തും പോയതുകൊണ്ട് മാത്രം ജീവന്‍ തിരിച്ചുകിട്ടിയ ഒരു വൃദ്ധനെ അവിടെ പരിചയപ്പെട്ടു. അയാള്‍ക്ക് കുടുംബം മുഴുവന്‍ നഷ്ടപ്പെട്ടതാണ്. തിരിച്ചെത്തിയപ്പോള്‍ വീടും കുടിയും നിന്നിരുന്ന സ്ഥലം കണ്ടാലറിയാത്ത വിധം മാറിപ്പോയിരുന്നു. ഭാര്യയേയും മക്കളേയും കണ്ടത്താനേ കഴിഞ്ഞില്ല. അവരുടെ മൃതശരീരം പോലും കിട്ടിയില്ല.'' അയാള്‍ പറഞ്ഞു.

ഇനിയൊരു പുനരധിവാസം സാധ്യമാകാത്ത രീതിയിലായിരുന്നു പ്രകൃതി വിളയാടിയത്. അതുകൊണ്ട് തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ ഈ പ്രദേശം വികസനപരിധിക്കു വെളിയിലാക്കി. രാമേശ്വരത്തേക്ക് കടക്കുന്ന പാമ്പന്‍പാലം മാത്രം നന്നാക്കി. ശ്രീലങ്കയിലെ പുലിയുദ്ധ കാലത്താണെങ്കില്‍ ഈ പ്രദേശം ഇന്ത്യന്‍ നേവിയുടെ നിതാന്ത നിരീക്ഷണത്തിലുമായി. ബോട്ട് മാര്‍ഗം നുഴഞ്ഞെത്തുന്ന പുലികളെ പിടിക്കാന്‍ ജാഗ്രതയോടെ അവര്‍ കാവല്‍ നിന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. ഇന്ന് ഇവിടമൊരു പ്രേതനഗരമാണ്. ആ രീതിയിലുള്ള ടൂറിസമാണ് ധനുഷ്‌കോടിയുടെ ഇന്നത്തെ മുഖം. സിനിമാചിത്രീകരണത്തിനും ആളുകള്‍ വരുന്നു.

രാമേശ്വരത്തു വരുന്ന സഞ്ചാരികള്‍ 18 കിലോമീറ്റര്‍ അകലെയുള്ള ധനുഷ്‌കോടിയിലും എത്താറുണ്ട്. മുകുന്ദരായര്‍ ചത്തിരം വരെ ബസ്സിലെത്തി ധനുഷ്‌കോടിയിലെത്താന്‍ ഫോര്‍വീലര്‍ വണ്ടികളെ ആശ്രയിക്കണം. മണലാരണ്യത്തിലൂടെയാണ് പിന്നീടുള്ള യാത്ര. മുനമ്പിന്റെ ഒരു കിലോമീറ്റര്‍ ഇപ്പുറം വരെ അത്തരം വണ്ടികള്‍ പോകും. പിന്നെ നടക്കണം. വിശ്വാസികള്‍ ഇവിടെയാണ് ബലിയര്‍പ്പിക്കുന്നത്. പുരാണത്തില്‍ മഹോദധി എന്നറിയപ്പെടുന്ന ബംഗാള്‍ ഉള്‍ക്കടലും രത്‌നാകരം എന്നറിയപ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പണ്യസ്‌നാനം വിശേഷപ്പെട്ടതാണെന്നാണ് വിശ്വാസം. പരസ്പരം തിരക്കൈകള്‍ കോര്‍ക്കുന്നിടത്തു പോലും ബംഗാള്‍ ഉള്‍ക്കടലിന്റെ ഇളം പച്ചനിറവും ഇന്ത്യന്‍ മഹാസമുദ്രത്തേിന്റെ നീലിമയും വേറിട്ടുനില്‍ക്കുന്നതും ഒരു കൗതുകകാഴ്ചയാണ്. ആര്‍ത്തിരമ്പുന്ന തിരമാലകള്‍ ആയതുകൊണ്ടാവാം മഹാസമുദ്രത്തെ ആണ്‍കടലെന്നും ശാന്തമായ ഉള്‍ക്കടലിനെ പെണ്‍കടലെന്നുമാണ് ഇവിടുത്തുകാര്‍ വിശേഷിപ്പിക്കുന്നത്.



സേതുബന്ധനം കഥയോ വാസ്തവമോ? എന്തായാലും കടലിനടിയില്‍ ശ്രീലങ്കവരെ നീളുന്ന ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയുണ്ടിവിടെ. അടര്‍ത്തിയെടുത്താല്‍ ഈ കല്ലുകള്‍ വെള്ളത്തിനു മുകളില്‍ പൊങ്ങിനില്‍ക്കും. വായു അറകളുള്ള ചുണ്ണാമ്പുകല്ലുകളാണവ. ധനുഷ്‌കോടിയില്‍ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ല് പ്രദര്‍ശനത്തിന് വെച്ചതും കാണാം. ഇതു വഴി കപ്പല്‍ചാല്‍ നിര്‍മ്മിക്കാനുള്ള രാമസേതു പ്രൊജക്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വടക്കുനിന്നും ഇന്ത്യന്‍മഹാസമുദ്രം വഴി വരുന്ന പടിഞ്ഞാറോട്ടുള്ള കപ്പലുകള്‍, ശ്രീലങ്കന്‍ ദ്വീപിനെ ചുറ്റിയുള്ള കപ്പല്‍പാതയിലൂടെ 400 കിലോമീറ്റര്‍ യാത്ര ചെയ്താണ്് ചരക്കുഗതാഗതം നടത്തുന്നത്. ഈ പദ്ധതി നിലവില്‍ വന്നാല്‍ ദൂരം വളരെ കുറയും. പക്ഷെ രാമസേതുവിനെ തകര്‍ക്കുന്ന ഒരു പദ്ധതിയും വേണ്ടെന്ന ഹിന്ദുമതവിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി മരവിപ്പിച്ചിരിക്ക്ുകയാണ്. ഈ ശൃംഖല തകര്‍ത്തുകൊണ്ടൊരു കപ്പല്‍ ചാല്‍ പണിയരുതെന്ന് പരിസ്ഥിതിവാദികളും പറയുന്നു. സമുദ്രപരിസ്്ഥിതിയില്‍ വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണിത്. അപൂര്‍വ്വയിനം പവിഴപുറ്റുകളും ശംഖും സൂഷ്മജീവികളും ഉള്ള ഇടം. അതുകൊണ്ട് തന്നെ ഇവ തര്‍ക്കരുതെന്നവര്‍ വാദിക്കുന്നു.

മുനമ്പില്‍ നിന്നും മടങ്ങുമ്പോള്‍ റെയില്‍പ്പാത കടന്നു പോയ സമാന്തരരേഖകള്‍ കാലത്തിന് മായ്ക്കാത്തവിധം കിടക്കുന്നതു കണ്ടു. ഒരു ദുരന്തം എങ്ങിനെയാണ് ജീവിതങ്ങളെ തുടച്ചു നീക്കുന്നതെന്ന് തിരിച്ചറിവ് വീണ്ടും വീണ്ടും മനസിലേക്കെത്തുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ അജ്ഞാതസഞ്ചാരികള്‍ക്ക് മനസുകൊണ്ട് തിലോദകം അര്‍പ്പിച്ചു മടങ്ങുമ്പോള്‍ എല്ലാ അഹങ്കാരങ്ങളുടെയും മുഖംമൂടികളിവിടെ അഴിഞ്ഞു വീഴുന്നു.
mathrubhoomi

Filed under .

0 comments for "ധനുഷ്‌കോടി റെയില്‍ ദുന്തത്തിന് ഇന്ന് അമ്പത് വയസ്. "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas