Headlines
By Malakkallu Express:December 02, 2014

ബാര്‍ കോഴ: മുന്നിലുള്ളത് ആരോപണം മാത്രമെന്ന് വിജിലന്‍സ്

കേസെടുക്കാന്‍ പ്രാഥമികാന്വേഷണം ആവശ്യം
കൊച്ചി: അടച്ച ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന ആരോപണം മാത്രമാണ് മുന്നിലുണ്ടായിരുന്നതെന്ന് വിജിലന്‍സ്. ഗുരുതരമായ കുറ്റം നടന്നെന്ന വിവരം കിട്ടുമ്പോഴാണ് ഉടന്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടത്. ബാര്‍ വിഷയത്തിലുള്ളത് കുറ്റത്തെക്കുറിച്ചുള്ള ആരോപണം മാത്രമായതിനാല്‍ സാക്ഷികളുടെ മൊഴിയെടുത്ത് നടത്തുന്ന പ്രാഥമിക അന്വേഷണം നിയമാനുസൃതമാണെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം.

വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജിലന്‍സ് ഡിവൈ.എസ്.പി. എസ്. സുരേഷ് കുമാറാണ് വിശദീകരണപത്രിക നല്‍കിയത്. പ്രാഥമിക അന്വേഷണത്തിന് 45 ദിവസം വരെയോ അല്ലെങ്കില്‍ സര്‍ക്കാറോ കോടതിയോ അനുവദിക്കുന്ന സമയം വരെയോ ആകാമെന്നാണ് 2008 സപ്തംബര്‍ അഞ്ചിന് വിജിലന്‍സ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിനുള്ള നിര്‍ദേശം നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ട്. വിജിലന്‍സ് അന്വേഷണത്തിനാണ് സര്‍ക്കാറിന്റെ ഉത്തരവ് ആവശ്യമായി വരുന്നത്.

ഡയറക്ടറുടെ ഓഫീസുള്‍പ്പെടെ വിജിലന്‍സിന്റെ 24 ഓഫീസുകള്‍ 2000-ത്തില്‍ പോലീസ് സ്റ്റേഷനെന്ന നിലയില്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കേസ് എടുത്ത് അന്വേഷിക്കാനാണത്. എന്നാല്‍ പൊതുസേവകര്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് അതിന് അര്‍ഥമില്ലെന്നും വിശദീകരണ പത്രികയില്‍ പറയുന്നു.

കൈക്കൂലി ചോദിച്ചെന്ന പരാതിയില്‍ കെണി ഒരുക്കി കുറ്റവാളിയെ കണ്ടുപിടിക്കേണ്ടി വരുമ്പോള്‍പ്പോലും വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിലൂടെ വസ്തുതകള്‍ വിലയിരുത്താറുണ്ട്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കരിതേച്ചു കാണിക്കാനുള്ള ശ്രമമല്ലെന്നും വേണ്ടത്ര രേഖകള്‍ ലഭ്യമാവുമെന്നും ഉറപ്പാക്കാനാണ് അത്.

വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രതിപക്ഷ നേതാവ് ബാര്‍ കോഴ ആരോപണത്തെക്കുറിച്ച് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 45 ദിവസത്തെ പ്രാഥമിക അന്വേഷണം നടത്താന്‍ ഡിവൈ.എസ്.പി.ക്ക് വിജിലന്‍സ് എസ്.പി. നിര്‍ദേശം നല്‍കിയതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

പ്രാഥമികാന്വേഷണത്തിന് 45 ദിവസം നല്‍കാന്‍ കാരണമെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് ഈ വിശദീകരണം. പ്രത്യേക സാഹചര്യത്തില്‍ മാത്രമേ 45 ദിവസം അനുവദിക്കാവൂ എന്നാണ് വ്യവസ്ഥയെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വി.എസ്. സുനില്‍കുമാറിന്റെ ഹര്‍ജി ചൊവ്വാഴ്ച പരിഗണനയ്‌ക്കെടുക്കും.

മന്ത്രി കെ.എം, മാണിക്കെതിരായ ആരോപണത്തെക്കുറിച്ച് വ്യക്തമായ വിവരത്തിനായി 2014 നവംബര്‍ 4-നാണ് ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി. 26 പേരെ ചോദ്യം ചെയ്തു.

നവംബര്‍ 28-ന് ശേഷമുള്ള സമയം തേടിയ സാക്ഷികള്‍ വീണ്ടും ഒരു മാസം കൂടി ആവശ്യപ്പെട്ടിരിക്കയാണ്. അസോസിയേഷന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ പ്രധാന ഭാരവാഹികള്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. അസോസിയേഷന്‍ തെളിവ് ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയെന്ന് പറയുന്ന അഞ്ചംഗ സമിതിയും എത്തിയിട്ടില്ല.
സാക്ഷികളെത്താന്‍ വൈകുന്നതാണ് പ്രാഥമിക പരിശോധന നീണ്ടുപോകാന്‍ കാരണം. എങ്കിലും വൈകാതെ റിപ്പോര്‍ട്ട് എസ്.പി.ക്ക് സമര്‍പ്പിക്കുമെന്ന് വിശദീകരണപത്രികയില്‍ ഡിവൈ.എസ്.പി. വ്യക്തമാക്കുന്നു.

Filed under .

0 comments for " ബാര്‍ കോഴ: മുന്നിലുള്ളത് ആരോപണം മാത്രമെന്ന് വിജിലന്‍സ് "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas