By Malakkallu Express:December 14, 2014
ക്രിസ്മസ് അടുത്തു: ത്രിവേണി സ്റ്റോര്‍ പൂട്ടല്‍ഭീഷണിയില്‍
അവശ്യസാധനങ്ങള്‍ തീര്‍ന്ന വിവരം മേഖലാ ഓഫീസില്‍ അറിയിച്ചെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലെന്നാണ് മറുപടി ലഭിച്ചത്. ആഘോഷസമയങ്ങളില്‍ സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്തിരുന്ന ത്രിവേണിയില്‍ ക്രിസ്മസ്‌കാലമായിട്ടും സാധനങ്ങളൊന്നുമെത്തിയിട്ടില്ല. ഉപ്പ് തൊട്ടു കര്‍പ്പൂരംവരെ വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാക്കുമെന്ന് പറഞ്ഞ് ആരംഭിച്ച ത്രിവേണിയില്‍ ഉപ്പുപോലും കിട്ടാനില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നവംബര്‍ 13-നുശേഷം ഇവിടെ അരിപോലുമെത്തിയിട്ടില്ല. ജനങ്ങള്‍ക്കേറെ ഉപകാരപ്പെടുന്ന പന്ത്രണ്ടോളം അവശ്യവസ്തുക്കള്‍ വിലക്കുറവില്‍ വിതരണംചെയ്തിരുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ഓണക്കാലത്തിനുശേഷം പുതുതായി സാധനങ്ങളൊന്നുമെത്തിയിട്ടില്ല. ജില്ലയില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മാലക്കല്ല് ത്രിവേണിയില്‍ തുടക്കത്തില്‍ ആറര ലക്ഷം രൂപ പ്രതിമാസം വരുമാനമുണ്ടായിരുന്നു. എന്നാല്‍, ഇന്നത് പ്രതിമാസം പതിനഞ്ചായിരം രൂപയില്‍ താഴെയായി കുറഞ്ഞു.
ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന മൂന്ന് ജീവനക്കാരാണ് മാലക്കല്ല് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലുള്ളത്. ഒരുമാസത്തെ വിറ്റുവരവ് ശമ്പളത്തിനുപോലും തികയാറില്ല. മികച്ച ശമ്പളവും ജോലിസ്ഥിരതയും പ്രതീക്ഷിച്ച ജീവനക്കാര്‍ നിലവിലെ തൊഴില്‍പോലും നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് കഴിയുന്നത്.

