Headlines
By Malakkallu Express:December 13, 2014

മലയോരപാതയുടെ അപകടസാധ്യതയറിയാന്‍ ചന്ദ്രശേഖരദാസ് കമ്മീഷനെത്തി

രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയിലെ അപകടസാധ്യതകളെക്കുറിച്ച് പഠിക്കാന്‍ ചന്ദ്രശേഖരദാസ് കമ്മീഷനെത്തി. തകര്‍ന്ന റോഡിലെ കൊടും വളവുകളെയും ഇടുങ്ങിയ പാലങ്ങളെയും അപകടസാധ്യതയുള്ള മേഖലകളെളെയും കുറിച്ച് പഠിക്കാനാണ് ജസ്റ്റിസ് ചന്ദ്രശേഖര്‍ദാസ് കമ്മീഷന്‍ എത്തിയത്.

പ്രദേശത്തെ വിവിധ ടൗണുകള്‍ സന്ദര്‍ശിച്ച കമ്മീഷന്‍ വികസനത്തിന് തടസ്സമാകുന്ന അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് സ്ഥലം അളന്നുതിട്ടപ്പെടുത്താന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് അറിയിച്ചു. സംസ്ഥാനപാതയിലെ കൊടുംവളവുകള്‍ ഒഴിവാക്കാനും ഗതാഗതത്തിനു തടസ്സമാകുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. മലയോരത്തിന്റെ പരാധീനതകളറിയിക്കാന്‍ നിരവധി നാട്ടുകാരാണ് കമ്മീഷനുമുന്നിലെത്തിയത്. ജനങ്ങളുടെ പരാതി കേട്ട കമ്മീഷന്‍ ഒപ്പമുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍, അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ക്ക് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

അപകടാവസ്ഥയിലുള്ള പൈനിക്കര പാലം സന്ദര്‍ശിച്ചശേഷം കൈവരി പുനര്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിനും പാലത്തിനുസമീപം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ നടപ്പാലം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗമായ ഒക്ലാവ് കൃഷ്ണനോടും ബ്ലോക്ക് പഞ്ചായത്തംഗം എം.യു.തോമസിനോടും നിര്‍ദേശിച്ചു. മലയോരത്തെ പലസ്ഥലത്തും വ്യാപാരികള്‍, ഡ്രൈവര്‍മാര്‍, നാട്ടുകാര്‍ എന്നിവര്‍ നിവേദനം നല്‍കി.

പനത്തടി ടൗണില്‍ ബസ് ബേ നിര്‍മിക്കണമെന്നും സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യമൊരുക്കാന്‍ പോലീസ് സഹായിക്കണമെന്നും ചുള്ളിക്കര ടൗണില്‍ ഗതാഗതത്തിനു ഭീഷണിയായി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മറും വൈദ്യുതത്തൂണുകളും മാറ്റിസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ പി.എം.സുരേഷ്‌കുമാര്‍, ചന്ദ്രാംഗദന്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.കെ.പീതാംബരന്‍, ഹൊസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ രവികുമാര്‍, വെള്ളരിക്കുണ്ട് സി.ഐ. എം.കെ.പ്രേമചന്ദ്രന്‍, രാജപുരം എസ്.ഐ. രാജീവന്‍ വലിയവളപ്പില്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് എന്നിവരും റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരും കമ്മീഷനൊപ്പമുണ്ടായിരുന്നു. സംസ്ഥാനപാതയില്‍ കാഞ്ഞങ്ങാട് മുതല്‍ പാണത്തൂര്‍ വരെയാണ് കമ്മീഷന്‍ പരിശോധന നടത്തുന്നത്.

Filed under .

0 comments for "മലയോരപാതയുടെ അപകടസാധ്യതയറിയാന്‍ ചന്ദ്രശേഖരദാസ് കമ്മീഷനെത്തി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas