By Malakkallu Express:March 28, 2015
നഗരസഭ ബജറ്റില്‍ അടിസ്ഥാന വികസനത്തിന് 5 കോടി, കുടിവെള്ള വിതരണത്തിന് 75 ലക്ഷം, പുതിയ ബസ് സ്റ്റാന്‍ഡില്‍ സര്‍ക്കിള്‍
കാസര്‍കോട്: അടിസ്ഥാന വികസനത്തിനും കുടിവെള്ള പദ്ധതിക്കും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള കാസര്‍കോട് നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍മാന്‍ താഹിറ സത്താര്‍ അവതരിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡില്‍ സര്‍ക്കിള്‍ നിര്‍മ്മിക്കാനും നഗരത്തിലെത്തുന്നവര്‍ക്ക് സൗജന്യ വൈഫൈ നല്‍കാനും ബജറ്റില്‍ തീരുമാനമുണ്ട്. മുന്‍നീക്കിയിരിപ്പടക്കം 37,68,11,791 കോടി രൂപ വരവും 31,78,24,168 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,89,87,623 കോടി രൂപ മിച്ചം കണക്കാക്കുന്നു.ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
അടിസ്ഥാന സൗകര്യ വികസനം
വളരുന്ന നഗരത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകള്‍ നവീകരിക്കുന്നതിനും, പുനരുജ്ജീവിപ്പിക്കുന്നതിനുമായി സര്‍ക്കാരിന്റെ വണ്‍ ടൈം മെയിന്റനന്‍സ് ഫണ്ട് കാസര്‍കോട് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട്, എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട്, മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെ ഫണ്ടുകള്‍ എന്നിവയില്‍ നിന്നുമായി ഈ സാമ്പത്തിക വര്‍ഷം അഞ്ച് കോടി രൂപ ലഭ്യമാക്കാന്‍ കഴിയുമെന്ന് ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
കുടിവെളളം
നഗരത്തിലെ രൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. പുതിയ പ്രാദേശിക ജലസ്രോതസ്സുകള്‍ കണ്ടെത്തി കുടിവെളളം സംഭരിച്ച് വിതരണം ചെയ്യുന്നതിനും നിലവിലുളള കുടിവെളള വിതരണ ശൃംഖലകള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. ഇതിനായി 75 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
അര്‍ബന്‍ 2020
നഗരവികസനത്തിന് കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്നതിന് പ്രൊഫഷണല്‍ സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന സാങ്കേതിക വൈദഗ്ദ്യമുളളതും, ആസൂത്രണത്തില്‍ അധിഷ്ടിതവുമായ പ്രൊജക്ടുകള്‍ തയ്യാറാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സംരംഭമായ അര്‍ബന്‍ 2020 കാസര്‍കോട് നഗരസഭയിലും നടപ്പിലാക്കും.
വാര്‍ഡ്തല വികസനം
നഗരസഭയിലെ 38 വാര്‍ഡുകളിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാര്‍ഡില്‍ തനതു ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ വീതവും, മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും ആറ് ലക്ഷം രൂപ വീതവും അനുവദിക്കും. ഇതിനായി മൊത്തം മൂന്നര കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
ജംഗ്ഷന്‍ വികസനം
നഗരത്തിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും പ്രധാനപ്പെട്ട റോഡുകളിലെ ജംഗ്ഷനുകള്‍ വീതികൂട്ടി വികസിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ച് എം.എല്‍.എ., ജില്ലാ ഭരണകൂടം, പൊതുമരാമത്ത് അധികൃതര്‍, ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥര്‍, സ്ഥല- കെട്ടിട ഉടമകള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും.
നഗരജ്യോതി
നഗരജ്യോതി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ കെ.എസ്.യു.ഡി.പി.യുടെ സഹകരണത്തോടെ എല്‍.ഇ.ഡി. വിളക്കുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കും.
പരമ്പരാഗത മാര്‍ക്കറ്റ് സാധാരണക്കാരുടെയും പാവങ്ങളുടെയും സൗകര്യാര്‍ത്ഥം ആവശ്യ സാധനങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിനായി മുനിസിപ്പല്‍ ഓഫീസിനോടനുബന്ധിച്ച് നഗരസഭ സ്ഥലത്ത് പരമ്പരാഗത മാര്‍ക്കറ്റ് സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കും.
ബസ് സ്റ്റാന്റ് സര്‍ക്കിള്‍
പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മുനിസിപ്പല്‍ സര്‍ക്കിള്‍ നവീകരിച്ച് നഗരത്തിന്റെ ലാന്റ് മാര്‍ക്കായി മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വനിതാ ഹോസ്റ്റല്‍ നഗരത്തിലെത്തുന്ന വനിതാ ജീവനക്കാരുടെ സൗകര്യാര്‍ത്ഥം ബാങ്ക് റോഡില്‍ സ്ഥിതിചെയ്യുന്ന നഗരസഭാ പാലികാ ഭവന്‍ വനിതാ ഹോസ്റ്റലാക്കി മാറ്റുന്നതിനു നടപടി സ്വീകരിക്കും.
ബി.ആര്‍.സി. സെന്റര്‍
ശാരീരിക - മാനസിക വെല്ലുവിളികള്‍ നേരിടുന്ന 18 വയസ്സിനു മുകളിലുളളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ നടപടി സ്വകരിക്കും. ക്യാന്‍സര്‍ നിവാരണ സെന്റര്‍ കാസര്‍കോട് റോട്ടറി ക്ലബിന്റെ സഹകരണത്തോടെ ബീരന്തുബയല്‍ സുനാമി കോളനിക്ക് സമീപം നഗരസഭയുടെ സ്ഥലത്ത് ക്യാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
മിനി ഡൈനിംഗ് ഹാള്‍
മുനിസിപ്പല്‍ വനിതാ ഭവന്‍ (എ.സി.) ഓഡിറ്റോറിയത്തോടനുബന്ധിച്ച് മിനി ഡൈനിംഗ് ഹാള്‍ സ്ഥാപിക്കും. സമഗ്ര ഓവുചാല്‍ പദ്ധതി നഗരത്തിലെ പ്രധാന ഓവുചാലുകള്‍ സംയോജിപ്പിച്ച് സമഗ്ര ഓവുചാല്‍ പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ 50 കോടി രൂപ ചിലവഴിക്കും. അര്‍ബന്‍ 2020 പദ്ധതിയിലുള്‍പ്പെടുത്തി ഇതിനായി വിദഗ്ധ സമിതിയുടെ സഹായത്തോടെ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും.
നഗര സൗന്ദര്യവല്‍ക്കരണം
നമ്മുടെ നഗരത്തിന്റെ പ്രധാന മേഖലകളില്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി റോഡ് സൈഡുകളില്‍ ചെടികള്‍വെച്ച് പിടിപ്പിക്കുന്നതിനും, ഡിവൈഡറുകള്‍ നവീകരിക്കുന്നതിനും, മരാമത്ത് റോഡുകളില്‍ കൈവരികള്‍ സ്ഥാപിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
സോളാര്‍ സിസ്റ്റം
കാസര്‍കോട് നഗരസഭാ ഓഫീസ് സമുച്ചയത്തില്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
വെജിറ്റബിള്‍ മാര്‍ക്കറ്റ്
അഞ്ച് കോടി രൂപയുടെ വെജിറ്റബിള്‍ മാര്‍ക്കറ്റിന്റെ നിര്‍മ്മാണം ഉടനെ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് സര്‍ക്കാരിന്റെ അര്‍ബന്‍ 2020 പദ്ധതിയില്‍ പ്രാഥമിക അംഗീകാരം ലഭിച്ചിട്ടുണ്ട്.
സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് പ്രത്യേക ഇടം
നഗരസഭയുടെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിന്റെ തെക്ക് ഭാഗത്ത് സായാഹ്നങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു പ്രത്യേക ഇടം ഒരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. യുവതീ യുവാക്കള്‍ക്ക് ജില്ലാതല കവിതാ - കഥ - ചിത്രരചന ശില്പശാലകള്‍ സംഘടിപ്പിക്കും.
പുസ്തകമേള
സംസ്ഥാനത്തെ പ്രമുഖ പുസ്തക പ്രസാധകരുടെയും കാസര്‍കോട് സാഹിത്യവേദിയുടെയും സഹകരണത്തോടെ പുസ്തകമേള സംഘടിപ്പിക്കും.
തളങ്കര പടിഞ്ഞാര്‍ സ്‌കൂളിന് പ്രത്യേക കെട്ടിടം
സ്വന്തമായി കെട്ടിടമില്ലാത്ത തളങ്കര പടിഞ്ഞാര്‍ എല്‍.പി.സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് 15 ലക്ഷം രൂപ നീക്കിവെക്കും.
സാംസ്‌കാരിക കേന്ദ്രങ്ങള്‍
തളങ്കര ബാങ്കോടും അണങ്കൂരും സാംസ്‌കാരിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി 20 ലക്ഷം രൂപ നീക്കിവെക്കും.
ജനകീയ മരുന്ന് തളി
നഗരസഭയില്‍ നടപ്പിലാക്കിയ ജനകീയ മരുന്ന് തളി കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കും. ഇപ്പോള്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന 1250 രൂപ 2000 രൂപയായി വര്‍ദ്ധിപ്പിക്കും.
പ്യൂര്‍ വാട്ടര്‍
ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന കാസര്‍കോട് നഗരത്തില്‍ ജനങ്ങള്‍ക്ക് പാചക ആവശ്യത്തിന് 20 ലിറ്റര്‍ ക്യാനുകളില്‍ ശുദ്ധജലം സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്ന പ്യൂര്‍ വാട്ടര്‍ പദ്ധതി നടപ്പിലാക്കുന്നതാണ്.
സീ വ്യൂ പാര്‍ക്ക് നവീകരണം
സീ വ്യൂ പാര്‍ക്കിന്റെ സമഗ്ര നവീകരണം ബജറ്റ് വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും. ഇതിനായി കാസര്‍കോട് പാക്കേജില്‍ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഹൈമാസ്റ്റ് ലൈറ്റ്
നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ പുതുതായി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും ഇതിനായി 25 ലക്ഷം രൂപ ചിലവഴിക്കും.
പാര്‍ക്കിംഗ് സംവിധാനം
നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന വാഹന ഗതാഗതം ക്രമീകരിക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പുതിയ ബസ് സ്റ്റാന്റിന് മുന്‍വശം, ബിഗ് ബസാറിനു മുന്‍വശം, കെ.പി.ആര്‍.റാവു റോഡ്, കോട്ടക്കണ്ണി റോഡ് എന്നിവിടങ്ങളില്‍ ഇതിനായി സൗകര്യം ഒരുക്കും. പുതിയ ബസ് സ്റ്റാന്റിന് സമീപം മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് പ്‌ളാസ പി.പി.പി. മാതൃകയില്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കും.
തീരദേശ റോഡുകള്‍
നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗത തിരക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് നായന്മാര്‍മൂല മുതല്‍ നെല്ലിക്കുന്ന് വരെ തീരദേശ റോഡുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കും. ആദ്യ ഘട്ടമായി പെരുമ്പളക്കടവ് മുതല്‍ തുരുത്തിവരെ 94 ലക്ഷം രൂപയുടെ 400 മീറ്റര്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. രണ്ടാാം ഘട്ടമായി കൊല്ലമ്പാടി, അമേയ്, സിറാമിക്‌സ് ബാങ്കോട്, കെ.കെ.പുറം പടിഞ്ഞാര്‍, നെച്ചിപ്പടപ്പ്, പളളിക്കാല്‍ തായലങ്ങാടി പളളം നെല്ലിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് തീരദേശ റോഡ് നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
കായികം
ചെയര്‍മാന്‍സ് ട്രോഫിക്ക് വേണ്ടി ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും.
ടൗണ്‍ ഹാള്‍
നഗരസഭാ ടൗണ്‍ ഹാള്‍ ആധുനിക രീതിയില്‍ നവീകരിച്ച് രണ്ട് മാസത്തിനുളളില്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുവാന്‍ നടപടി സ്വീകരിക്കും.
ഫിഷ് മാര്‍ക്കറ്റ്
സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആധുനിക മത്സ്യമാര്‍ക്കറ്റ് ഈ വര്‍ഷം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുവാന്‍ നടപടി സ്വീകരിക്കും.
പട്ടികജാതി വികസനം
നഗരപ്രദേശത്തെ പട്ടികജാതി ജനവിഭാഗത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ഇതിനകം ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ഈ മേഖലയിലെ മാതൃകാ പദ്ധതിയായ ജെ.പി.കോളനി ഭവന സമുച്ചയം താമസത്തിനായി അര്‍ഹരെ കണ്ടെത്തി നല്‍കാന്‍ നടപടി സ്വീകരിക്കും. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പ0നത്തിനായി പ്രത്യേക പദ്ധതി രൂപീകരിക്കും. പട്ടികജാതി വിവാഹത്തിന് ധനസഹായം നല്‍കും.
കാസര്‍കോട് എം.എല്‍.എ. എന്‍.എ.നെല്ലിക്കുന്നിന്റെ മണ്ഡലം പട്ടികജാതി കോളനി നവീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ട അമേയ് കോളനിയിലെ 1 കോടി രൂപയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും.
കുടുംബശ്രീ
ദാരിദ്ര്യ നിര്‍മാര്‍ജ്ജന രംഗത്ത് വിപ്‌ളവകരമായ പുരോഗതി കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുï്. മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് 15 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കഫെ ശ്രീ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ഇതിന് 25 ലക്ഷം രൂപ കുടുംബശ്രീ ധനസഹായം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ക്ഷീരസാഗരം, സംഘകൃഷി, ബാല നഗരസഭ, പ്‌ളേസ്‌മെന്റ് സംവിധാനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.
കേരളത്തിലെ വന്‍കിട നഗരങ്ങളില്‍ നടപ്പിലാക്കിയ ഷീ ടാക്‌സി സംവിധാനം നമ്മുടെ നഗരത്തിലും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കും. മീഡിയാശ്രീ പദ്ധതി നഗരസഭയില്‍ നടപ്പിലാക്കും.
സംഘകൃഷി ചെയ്യുന്നവര്‍ക്കും മറ്റു കൃഷിക്കാര്‍ക്കും വേണ്ടി ഫാര്‍മേര്‍സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് നിയമസഹായം, കൗണ്‍സിലിംഗ് നല്‍കുന്നതിന് ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കും.
ദേശീയ നഗര ഉപജീവന മിഷന്റെ പ്രവര്‍ത്തനം (എന്‍.യു.എല്‍.എം.) നമ്മുടെ നഗരസഭയിð നടപ്പിലാക്കുന്നതിനു വേണ്ടി നടപടി സ്വീകരിക്കും.
സൗജന്യ വൈഫൈ
നഗരസഭാ ഓഫീസിലെത്തുന്നവര്‍ക്ക് സൗജന്യ വൈഫൈ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ - സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെ സാമ്പത്തിക സഹകരണത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗജന്യ വൈഫൈ സമ്പ്രദായം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കും.
വ്യവസായം
അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് വ്യവസായ പരിശീലന ശില്‍പശാലകളും, സംരംഭകത്വ മേളകളും സംഘടിപ്പിക്കും. അവരെ പ്രാപ്തരാക്കുന്നതിനു നടപടി സ്വീകരിക്കുന്നതാണ്.
മത്സ്യമേഖല
സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ കുടിവെളളം, വെളിച്ചം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കും. കൂടാതെ, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണം, വീട് അറ്റകുറ്റപ്പണി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, വലയും വളളവും, മത്സ്യബന്ധ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
കാര്‍ഷിക മേഖല
കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ജൈവവളം, വിത്ത്, കാര്‍ഷിക ഉപകരണങ്ങള്‍, സ്‌കൂള്‍ പച്ചക്കറി തോട്ടങ്ങള്‍ എന്നിവ നല്‍കാന്‍ നടപടി സ്വീകരിക്കും. തെങ്ങ്, കവുങ്ങ്, നെല്ല് എന്നീ കൃഷികള്‍ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
സാമൂഹ്യക്ഷേമം
നമ്മുടെ നഗരസഭാ പ്രദേശത്ത് സമ്പൂര്‍ണ്ണ ക്ഷേമപെന്‍ഷന്‍ നഗരമാക്കി മാറ്റുന്നതിനു നടപടി സ്വീകരിക്കും. നഗരത്തിലെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം മൂന്നര കോടി രൂപ നല്‍കിവരുന്നുണ്ട്. ഇനിയും അര്‍ഹരായവരെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നതാണ്. വയോമിത്രം, പാലിയേറ്റീവ് കെയര്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നതാണ്.
മാലിന്യ സംസ്‌കരണം
മാലിന്യ നിര്‍മ്മാര്‍ജ്ജന - സംസ്‌കരണ മേഖലയില്‍ നഗരസഭ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ പ്രയാസങ്ങള്‍ നേരിടുന്നുല്ലെങ്കിലും ഈ മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നഗരസഭയുടെ അധീനതയിലുളള കേളുഗുഡ്ഡെ, കൊല്ലങ്കാനം പ്രദേശങ്ങളിലെ മാലിന്യ സംസ്‌കരണ ശാലകള്‍ സ്ഥാപിക്കുന്നതിനുളള തടസ്സങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തിലും ജില്ലാ തലത്തിലും ഉന്നതതല യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ആയിട്ടില്ല.
ബഹുജനങ്ങളുടെയും, വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഒരു പരിധിവരെ നഗരത്തെ മാലിന്യമുക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. നഗരസഭ വ്യവസായ എസ്റ്റേറ്റില്‍ ആധുനിക രീതിയിലുളള ഇന്‍സര്‍നേറ്റര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
വിദ്യാഭ്യാസം
നഗരപ്രദേശത്തെ വിദ്യാലയങ്ങളുടെ അടിസ്ഥാന ഭൗതീക സൗകര്യങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് നഗരസഭ നല്‍കിവരുന്നത്. എസ്.എസ്.എല്‍.സി., +2 വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ സൗകര്യങ്ങളും കര്‍മ്മ പദ്ധതികളും നാം നടപ്പിലാക്കിയിട്ടുണ്ട്.
പൊതുവിദ്യാലയങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ആവശ്യമായ ഫര്‍ണീച്ചറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നുണ്ട്. എം.എല്‍.എ. എന്‍.എ.നെല്ലിക്കുന്നിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും നഗരത്തിലെ 5 പെതുവിദ്യാലയങ്ങള്‍ക്ക് കെട്ടിടം പണിയുന്നതിന് ധനസഹായം ലഭിച്ചിട്ടുണ്ട്. ഇതില്‍ അടുക്കത്ത്ബയല്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മറ്റു സ്‌കൂള്‍ കെട്ടിടങ്ങളുടെ പ്രവര്‍ത്തികള്‍ വിവിധ ഘട്ടങ്ങളിലാണ്.
നഗരസഭ പ്രദേശത്തെ ഹൈസ്‌കൂളുകളില്‍ വിവരവിനിമയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളില്‍ സാങ്കേതികവിദ്യയെ കുറിച്ചുളള നൂതന ആശയങ്ങള്‍ എത്തിക്കുന്നതിനും സ്മാര്‍ട്ട് എച്ച്.എസ്.പദ്ധതി ആരംഭിക്കുന്നതിനു വേണ്ടി നടപടി സ്വീകരിക്കും.
ബജറ്റ് ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല നിയന്ത്രിച്ചു. ബജറ്റ് ചര്‍ച്ച ഉച്ചയ്ക്ക് ശേഷം നടക്കും.-Kasaragodvartha

