
സമൂഹമാധ്യമങ്ങളുടെ നാവിനു കൂച്ചുവിലങ്ങിട്ടിരുന്ന ഐടി ആക്‌ടിലെ അറുപത്താറാം വകുപ്പ് ഭരണഘടനയുടെ ലംഘനമാണെന്നു കണ്ടെത്തിയ സുപ്രീംകോടതി നീതിന്യായവ്യവസ്‌ഥയില്‍ നവീനമായ ഏടുകൂടി തുന്നിച്ചേര്‍ത്തിരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ ആഘോഷക്കാലമാണു വിധിയിലൂടെ ഇലക്‌ട്രോണിക് മീഡിയയ്‌ക്കു കൈവന്നിരിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന വിലക്കുകള്‍ അപ്രസക്‌തമായി. ഇനി ഇക്കാര്യത്തില്‍ നിയമത്തെ ഭയക്കുകയും വേണ്ട. ഇതിനൊപ്പംതന്നെ 2011 ലെ കേരള പോലീസ് ആക്‌ടിലെ 118 ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്നു സുപ്രീംകോടതി വിധിച്ചു. അതോടെ ഈ നിയമത്തിനും അന്ത്യമായി. ഐടി ആക്‌ട് നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ മുഴുവന്‍ വാദമുഖങ്ങളും കോടതി തള്ളിക്കളഞ്ഞതു ശ്രദ്ധേയമായി. സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്ുമെയന്നായിരുന്നു കേന്ദ്രം ഉന്നയിച്ചത്. പ്രത്യേകിച്ച് ജാതി, വര്‍ഗ, മത വിദ്വേഷ ചിന്താഗതികള്‍ പടര്‍ത്താനും വര്‍ഗീയതയും സംഘര്‍ഷവും സൃഷ്‌ടിക്കാനുമൊക്കെ സോഷ്യല്‍മീഡിയയിലെ അഭിപ്രായപ്രകടനങ്ങള്‍ ഇടവരുത്തുമെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. രാജ്യദ്രോഹകരമായ പല സന്ദേശങ്ങളും സോഷ്യല്‍മീഡിയയിലൂടെ പരക്കാന്‍ ഇടയാകുമെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍, ഇതു കോടതി മുഖവിലയ്‌ക്കെടുത്തില്ലെന്നു മാത്രമല്ല, പൗരന്‍റെ അഭിപ്രായ സ്വാതന്ത്ര്യംതന്നെയാണു പ്രധാനമെന്നും അസന്ദിഗ്‌ധമായി വ്യക്‌തമാക്കി. ജനാധിപത്യം ശക്‌തിപ്പെടാന്‍ അഭിപ്രായസാതന്ത്ര്യം ഇടയാക്കുമെന്നും മറിച്ചു നിയമംമൂലം തടയുന്നത് ഒട്ടും ആശാസ്യമല്ലെന്നുമാണു കോടതിയുടെ നിരീക്ഷണം. ശിവസേന നേതാവ് ബാല്‍ താക്കറെ മരിച്ചപ്പോള്‍ മഹാരാഷ്‌ട്രയില്‍ ഹര്‍ത്താല്‍ നടത്തിയതിനെ വിമര്‍ശിച്ചുകൊണ്ട് പെണ്‍കുട്ടി നടത്തിയ ഫെയ്‌സ് ബുക്ക് പോസ്‌റ്റാണ് ഈ സുപ്രധാന വിധിയിലേക്കുള്ള ആദ്യചുവട്. പോസ്‌റ്റ് ലൈക്ക് ചെയ്‌ത മലയാളി പെണ്‍കുട്ടിയും അന്നു പോലീസ് പിടിയിലായി. വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവവികാസങ്ങളായിരുന്നു ഇത്. മൂന്നു വര്‍ഷം നിയമയുദ്ധം നടത്തിയശേഷമാണ് ഇന്നലെ പെണ്‍കുട്ടികള്‍ക്ക് അനുകൂലവിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതി ഐടി ആക്‌ട് റദ്ദാക്കിയത്. പൗരന് അഭിപ്രായം രേഖപ്പെടുത്താന്‍ ജനാധിപത്യരാജ്യത്ത് ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് കോടതി വ്യക്‌തമാക്കി. ചിലരുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്ക് അനിഷ്‌ടകരമാകാം. അക്കാരണത്താല്‍ അവര്‍ക്കെതിരേ നിയമനടപടി എടുക്കുന്നത് തെറ്റാണെന്നും കോടതി വ്യക്‌തമാക്കുന്നു. നിയമങ്ങള്‍ ഇല്ലാതായതോടെ ഐ ടി ആക്‌ടിലെ ഈ വകുപ്പില്‍പ്പെടുത്തി എടുത്തിട്ടുള്ള കേസുകളുടെ ഭാവി അനിശ്‌ചിതത്വത്തിലായി. കേരളത്തില്‍ നിരവധി കേസുകളാണ് ഈ വിധം എടുത്തിട്ടുള്ളത്. എന്നാലിതില്‍ ധാരാളം കള്ളക്കേസുകളും ഉള്‍പ്പെടുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ നഗരവികസനമന്ത്രി അസംഖാനെതിരേ ഫെയ്‌സ് ബുക്കില്‍ പരാമര്‍ശം നടത്തിയ പ്ലസ് ടു വിദ്യാര്‍ഥിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത് പൊല്ലാപ്പു സൃഷ്‌ടിച്ചിരുന്നു. മുന്പ് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ വന്ന ഫെയ്‌സ് ബുക്ക് പോസ്‌റ്റും വിവാദമായിരുന്നു. ഇന്ത്യയിലെന്നല്ല ലോകത്തെന്പാടും തരംഗമായി മാറിക്കഴിഞ്ഞ സോഷ്യല്‍ മീഡിയ അതിശക്‌തമായി മാധ്യമമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. രാഷ്‌ട്രീയ-സാമൂഹിക വിമര്‍ശനങ്ങളുടെ ഏറ്റവും ശക്‌തമായ വേദികൂടിയാണിന്നു സോഷ്യല്‍ മീഡിയ. സമൂഹത്തില്‍ അന്നന്നു നടക്കുന്ന ഏതൊരു സംഭവങ്ങളും നൊടിയിടയിലാണ് ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ പരക്കുന്നത്. മറ്റു മാധ്യമങ്ങളേക്കാള്‍ എത്രയോ വേഗത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ പെയ്‌തിറങ്ങുന്നതെന്നു നിരവധി സംഭവങ്ങള്‍ വ്യക്‌തമാക്കിത്തരുന്നു. വാട്‌സ് ആപിന്‍റെ ഉപയോഗം വര്‍ധിച്ചതോടെ വാര്‍ത്തകളും വീഡിയോകളും എളുപ്പത്തില്‍ അയച്ചുനല്‍കാനും കഴിയുന്നു. സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് യുവസമൂഹമാണ്. അതുകൊണ്ട് വേറിട്ടതും നവീനവുമായി പല ആശയങ്ങളും ഞെട്ടിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങളും ഇതിലൂടെ പുറത്തുവരികയും ചെയ്യുന്നുണ്ട്. കോടതിവിധി അനുകൂലമായിരിക്കെ ഇനി അഭിപ്രായങ്ങളുടെ സ്‌ഫോടനംതന്നെ സോഷ്യല്‍മീഡിയയില്‍ നടക്കും. എന്നാല്‍, അഭിപ്രായങ്ങള്‍ തുറന്നുപറയുന്പോള്‍ സഭ്യതയുടെ അതിര്‍വരന്പുകള്‍ ലംഘിക്കാതിരിക്കാന്‍ പക്വത കാട്ടുകതന്നെവേണം. മാന്യതയും മിതത്വം പാലിക്കാനും കഴിയണം. കോടതിവിധിയെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ അഭിപ്രായം കൊഴുക്കുന്നുണ്ട്. ജനാധിപത്യം നല്‍കുന്ന ഈ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ വിഹരിക്കുന്നവര്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്.