By Malakkallu Express:March 26, 2015
ഗള്‍ഫില്‍ നിന്നും ഭര്‍ത്താവിനോടൊപ്പം നാട്ടിലെത്തിയ യുവതിയേയും മകളേയും ട്രെയിന്‍ യാത്രക്കിടെ കാണാതായി
കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നിന്നും ഭര്‍ത്താവിനോടൊപ്പം നാട്ടിലെത്തിയ യുവതിയേയും മകളേയും ട്രെയിന്‍ യാത്രക്കിടെ കാണാതായി. ഹൊസ്ദുര്‍ഗ് എല്‍.വി ടെമ്ബിളിന് സമീപത്തെ കൃഷ്ണന്റെ മകള്‍ ഋഷ്ണ (34), മകള്‍ ആര്യ (എട്ട്) എന്നിവരെയാണ് കാണാതായത്. തലശേരിയിലെ സഞ്ജയ്‌യുടെ ഭാര്യയാണ് ഋഷ്ണ. കുടുംബ സമേതം ഗള്‍ഫിലായിരുന്ന ഇവര്‍ മാര്‍ച്ച് 16 നാണ് നാട്ടിലെത്തിയത്. ഇതിന് ശേഷം ഋഷ്ണയുടെ ഹൊസ്ദുര്‍ഗിലെ വീട്ടിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്. 18 ന് ഭര്‍ത്താവ് സഞ്ജയ് തലശേരിയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തിങ്കളാഴ്ച ഋഷ്ണയെയും മകള്‍ ആര്യയേയും പിതാവ് കൃഷ്ണന്‍ കാഞ്ഞങ്ങാട് നിന്നും തലശേരിയിലേക്ക് ട്രെയിന്‍ കയറ്റി വിട്ടതായിരുന്നു. എന്നാല്‍ ഇവര്‍ തലശേരിയിലെത്തിയില്ല. തലശേരി സ്റ്റേഷനില്‍ ഭര്‍ത്താവ് ഏറെ നേരം കാത്തുനിന്നെങ്കിലും ഭാര്യയും മകളും എത്താത്തതിനെ തുടര്‍ന്ന് വിവരം പിതാവ് കൃഷ്ണനെ വിളിച്ചറിയിക്കുകയായിരുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിതാവ് കൃഷ്ണന്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഋഷ്ണയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

