By Malakkallu Express:March 13, 2015
ഇന്ത്യയുടെ ശ്രദ്ധയ്ക്ക്; പാക്ക് സൈബര്‍ മോഷ്ടാക്കള്‍ പിന്നാലെ
ബെംഗളൂരു: പാക്കിസ്ഥാനില്‍ നിന്നുള്ള സൈബര്‍ മോഷ്ടാക്കളെ കരുതിയിരിക്കാന്‍ യുഎസ് ഐടി സുരക്ഷാ സ്ഥാപനമായ ഫയര്‍ ഐ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നല്‍കി. ഇന്ത്യന്‍ സര്‍ക്കാരുമായും ഇന്ത്യയുടെ പ്രതിരോധ മേഖലയുമായും ബന്ധപ്പെട്ട പല സുപ്രധാന വിവരങ്ങളും പാക്കിസ്ഥാനിലുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ ട്രാഞ്ചുലാസ് ചോര്‍ത്തുന്നുണ്ടെന്ന് ഫയര്‍ ഐ അടുത്തിടെ പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. മാള്‍വെയറുകള്‍ അടങ്ങിയ മെയിലുകള്‍ അയച്ച് സൈബര്‍ യുദ്ധങ്ങള്‍ക്കുള്ള സാഹചര്യമൊരുക്കി പാക്ക് സര്‍ക്കാരിനെ സഹായിക്കുകയാണ് ഇസ്ലാമാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാഞ്ചുലാസിന്‍റെ ചുമതലയെന്നാണ് ഫയര്‍ എെയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ പ്രതിരോധമേഖലയുടെ സംഘടനാ സംവിധാനത്തിന്‍റെ വിശദാംശങ്ങള്‍, ഇന്ത്യ ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രത്യേകതകള്‍, ഇവയുടെ സ്രോതസുകള്‍, സൈനിക പരിശീലന പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങളാണ് ട്രാഞ്ചുലാസ് ഇന്ത്യയില്‍ നിന്നു ചോര്‍ത്തുന്നത്. അതേസമയം, സൈബര്‍ ആക്രമണം സംബന്ധിച്ചുള്ള ഫയര്‍ എെയുടെ ആരോപണങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാന്‍ ട്രാഞ്ചുലാസ് സിഇഒ സുബൈര്‍ ഖാന്‍ തയ്‌യാറായിട്ടില്ല. ഫയര്‍ ഐ മികച്ചഗവേഷണ സ്ഥാപനമാണെന്ന് സമ്മതിച്ച സുബൈര്‍ ഖാന്‍ തങ്ങള്‍ക്ക് ഫയര്‍ എെയുമായി യാതൊരു ബന്ധവുമിലെ്ലന്നും സൈബര്‍ ആക്രമണങ്ങളെ സംബന്ധിച്ചുള്ള അവരുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയിലെ്ലന്നും പ്രതികരിച്ചു. സൈബര്‍ ആക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സൈബര്‍ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ മാസമാദ്യം ഇന്ത്യന്‍ എെടി മേഖലയിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ അഞ്ചു മടങ്ങ് വര്‍ധിച്ചതായാണ് കണക്ക്.

