By Malakkallu Express:August 03, 2015
ജില്ലയില്‍ 200ലധികം അനധികൃത ക്വാറികള്‍
കാസര്‍കോട്: ജില്ലയില്‍ 200ലേറെ കരിങ്കല്‍ ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണക്കുകള്‍. ഒരു സുരക്ഷാ സംവിധാനമോ മാനദണ്ഡമോ ഇല്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനം. കൂടാതെ 50ലധികം ക്രഷറുകള്‍ ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. അനധികൃത ക്വാറികളില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും. ഇവര്‍ക്ക് അര്‍ഹമായ തൊഴില്‍ ആനുകൂല്യവും മരണാനന്തര സഹായങ്ങളും ലഭിക്കുന്നുമില്ല. ജില്ലയിലെ കരിങ്കല്‍ ക്വാറികളില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും അന്യസംസ്ഥാന തൊഴിലാളികളും ദലിതരുമാണ്. വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാതെ കരിങ്കല്‍ പൊട്ടിക്കുന്നതിനാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 11 തൊഴിലാളികള്‍ മരണപ്പെട്ടു. ഇതില്‍ ആറോളം അന്യസംസ്ഥാനക്കാരും ബാക്കി വിവിധ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ദലിതരുമാണെന്നും ജില്ലാ പരിസ്ഥിതി ഏകോപന സമിതി പ്രവര്‍ത്തകര്‍ പറയുന്നു.
മരണപ്പെട്ടവര്‍ക്ക് പുറമെ നിരവധി പേര്‍ പരിക്കേറ്റ് കിടപ്പിലുമാണ്. എല്ലാ ക്വാറികളിലും സ്ഫോടക വസ്തു ഉപയോഗിച്ചാണ് പാറ പിളര്‍ക്കുന്നത്. മഴക്കാലത്ത് ക്വാറികളുടെ പ്രവര്‍ത്തനംനിര്‍ത്തിവെക്കണമെന്ന അധികാരികളുടെ നിര്‍ദേശം പാലിക്കാതെ ഭൂരിപക്ഷം ക്വാറികളും പ്രവര്‍ത്തിക്കുന്നു. ജനങ്ങളെ ഭീതിയിലാക്കുന്നതിന് പുറമെ വ്യാപക പരിസ്ഥിതി നാശവും കുടിവെള്ള സ്രോതസ്സുകളുടെ നഷ്ടവും ഇടയാക്കുന്ന വിധമാണ് ക്വാറികളുടെ പ്രവര്‍ത്തനം. സമീപത്തെ പല വീടുകളും അപകടാവസ്ഥയിലാണ്. നികുതി ഇനത്തില്‍ ഓരോ വര്‍ഷവും കോടികളുടെ നഷ്ടമാണ് സര്‍ക്കാറിനു സംഭവിക്കുന്നത്. ക്വാറി മുതലാളിമാര്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയുള്ളതായും സൂചനയുണ്ട്. അനധികൃത ഖനനം സംബന്ധിച്ച് അധികാരികള്‍ക്ക് അറിയാമെങ്കിലും നടപടിയെടുക്കുന്നില്ല. കോടോം-ബേളൂര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ബളാല്‍, കള്ളാര്‍, മടിക്കൈ, പുല്ലൂര്‍-പെരിയ, ബേഡഡുക്ക, വോര്‍ക്കാടി, പൈവളിഗെ, പുത്തിഗെ പഞ്ചാത്തുകളിലാണ് കൂടുതല്‍ ക്വാറികള്‍. കൂടാതെ 50ലധികം ക്രഷറുകളും ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഒമ്ബതെണ്ണം കോടോം-ബേളൂര്‍ പഞ്ചായത്തിലാണ്.

