By Malakkallu Express:August 03, 2015
ശ്രീശാന്തിന്‍റെ വിലക്ക് നീക്കില്ല
മുംബൈ • മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ചിലരും കേരള ക്രിക്കറ്റ് അസോസിയേഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനു ശക്തമായ പിന്തുണയുമായി രംഗത്തെത്തിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആജീവനാന്ത വിലക്ക് നീക്കില്ല. ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നു പുനരാലോചന ഉണ്ടാവില്ലെന്നു സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ടിവി അഭിമുഖത്തില്‍ വ്യക്തമാക്കി. ശ്രീശാന്ത്, മുംബൈയില്‍ നിന്നുള്ള അങ്കീത് ചവാന്‍, രാജസ്ഥാനില്‍ നിന്നുള്ള അജിത് ചാന്ദില എന്നിവര്‍ക്കെതിരെ ഐപിഎല്‍ ഒത്തുകളിയുടെ പേരിലാണു ക്രിക്കറ്റ് ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. മൂന്നു പേര്‍ക്കുമെതിരായ ഡല്‍ഹി പൊലീസിന്റെ കേസ്, തെളിവില്ലെന്ന പേരില്‍ ഡല്‍ഹി കോടതി തള്ളിക്കളഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണു ബോര്‍ഡിന്റെ വിലക്ക് നീക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നത്. ഡല്‍ഹി പൊലീസിന്റെ കേസിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല, ബോര്‍ഡിന്റെ അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണു താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നാണു ബോര്‍ഡിന്റെ നിലപാട്.
അതുകൊണ്ടുതന്നെകോടതി വിധിയുടെ പേരില്‍ വിലക്കു നീക്കേണ്ടതില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. ''അച്ചടക്ക സമിതിയുടെ നടപടി ക്രമങ്ങളും കോടതി നടപടികളും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. ഞങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത് അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. അതു തുടരും.''- ഠാക്കൂര്‍ വ്യക്തമാക്കി. അങ്കീത് ചവാന്റെ കാര്യത്തില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇന്നലെ സ്വീകരിച്ച നിലപാടും ശ്രീശാന്തിന്റെ തിരിച്ചുവരവു പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നതാണ്. വിലക്കു നീക്കുന്നതിനു ബോര്‍ഡിന്റെ മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് അഭ്യര്‍ഥിച്ച് അങ്കീച് ചവാന്‍ കത്തു നല്‍കിയിരുന്നെങ്കിലും ഈ ദിശയില്‍ ഒരു നീക്കവും നടത്തേണ്ടെന്നാണ് ഇന്നലെ ചേര്‍ന്ന അസോസിയേഷന്‍ യോഗം തീരുമാനിച്ചത്. '' ഈ പ്രശ്നത്തിലെ യഥാര്‍ഥ സ്ഥിതി ചൂണ്ടിക്കാട്ടി ബോര്‍ഡ് അസോസിയേഷനു കത്തു നല്‍കിയിട്ടുണ്ട്. അച്ചടക്ക സമിതിയുടെയും അഴിമതി വിരുദ്ധ സമിതിയുടെയും തീരുമാനപ്രകാരമാണ് ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. അതുകൊണ്ടു തന്നെ അസോസിയേഷന്‍ ഈ ആവശ്യം ഉന്നയിക്കുന്നില്ല. ചവാന്റെ ആവശ്യം തള്ളിക്കളയുന്നു.''- വൈസ് പ്രസിഡന്റ് ആശിഷ് ഷെലാര്‍ വ്യക്തമാക്കി. സാമ്ബത്തിക ഇടപാടുകള്‍ ശുദ്ധീകരിക്കാന്‍ ബോര്‍ഡ് ന്യൂഡല്‍ഹി • ക്രിക്കറ്റിലെ സാമ്ബത്തിക ഇടപാടുകളെ സുതാര്യമാക്കാനുള്ള നടപടികളുമായി ബിസിസിഐ മുന്നോട്ട്. പെരുമാറ്റച്ചട്ടങ്ങളുടെ രൂപീകരണം, ഭിന്നതാല്‍പര്യങ്ങളുടെ നിയന്ത്രണം എന്നിവയ്ക്കു പുറമെ താരങ്ങളുടെ ഏജന്റുമാര്‍ക്ക് അക്രഡിറ്റേഷന്‍ കൊണ്ടുവരാനും ബോര്‍ഡ് തീരുമാനമെടുത്തു. താരങ്ങളുടെ വാണിജ്യ താല്‍പര്യങ്ങള്‍ ഇതുവഴി നിയന്ത്രിക്കാനാകുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്. ഇതു കൂടി ഉള്‍പ്പെടുത്തിയുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഠാക്കൂര്‍ പറഞ്ഞു. നേരത്തേ ബോര്‍ഡില്‍ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവര്‍ക്ക് ഐപിഎല്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് സംരംഭങ്ങളില്‍ വാണിജ്യ താല്‍പര്യങ്ങളുണ്ടാവരുതെന്ന് ബിസിസിഐ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനെയും ഔദ്യോഗികമായിത്തന്നെ ബോര്‍ഡ് നിലപാട് അറിയിച്ചിട്ടുണ്ടന്നാണു സൂചന. വിലക്കു നീക്കാന്‍ കോടതിയെ സമീപിക്കില്ലെന്നു ശ്രീശാന്തു തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് തിരിച്ചുവരവിനുള്ള ശ്രീയുടെ വഴികള്‍ തല്‍ക്കാലം അടയും എന്നാണു വിലയിരുത്തപ്പെടുന്നത്.

