Headlines
By Malakkallu Express:August 03, 2015

ഗള്‍ഫ് പണത്തിന് ബാങ്കുകളുടെ മല്‍സരം

കൊച്ചി • വിദേശ മലയാളി അക്കൗണ്ടുകളിലായി കേരളത്തില്‍ കഴിഞ്ഞ സാമ്ബത്തികവര്‍ഷം എത്തിയ സുമാര്‍ 1.1 ലക്ഷം കോടി രൂപയില്‍ കാല്‍ക്കോടിയിലേറെ നേടി എസ്ബിടി ഒന്നാം സ്ഥാനവും 23214.18 കോടി നേടി ഫെഡറല്‍ ബാങ്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇക്കൊല്ലം രണ്ടു ബാങ്കുകളും എന്‍ആര്‍ഐ നിക്ഷേപത്തില്‍ 30% വരെ വര്‍ധന പ്രതീക്ഷിക്കുന്നു. വിദേശ മലയാളി നിക്ഷേപത്തിന്റെ മുക്കാല്‍പങ്കും വരുന്നതു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്. കഴിഞ്ഞ വര്‍ഷം നേടിയ 26613.29 കോടി വിദേശ നിക്ഷേപത്തെക്കാള്‍ 8000 കോടിയെങ്കിലും ഇക്കൊല്ലം അധികം നേടണമെന്നാണ് എസ്ബിടിയുടെ ലക്ഷ്യം- 34000 കോടിയോളം രൂപ നിക്ഷേപം. ഫെഡറല്‍ ബാങ്കും ഇക്കൊല്ലം 30% വര്‍ധന പ്രതീക്ഷിക്കുന്നു - 30000 കോടിയിലേറെ രൂപ.ഗള്‍ഫിലെ മലയാളി നിക്ഷേപം നേടാന്‍ ഇവ രണ്ടും ഉള്‍പ്പെടെ ബാങ്കുകള്‍ നടത്തുന്നതു വിപുലമായ തയാറെടുപ്പുകള്‍. നാട്ടിലെ ബാങ്കുകള്‍ എന്ന പരിഗണന മലയാളികള്‍ക്കുള്ളതു നിക്ഷേപം ലഭിക്കാന്‍ സഹായകമാകുന്നുണ്ടെങ്കിലും അതിനു പുറമേയാണു പ്രതിനിധി ഓഫിസുകളും മണി എക്സ്ചേഞ്ച് കേന്ദ്രങ്ങളും റിലേഷന്‍ഷിപ് ഉദ്യോഗസ്ഥരും വഴി ബാങ്കുകള്‍ ഗള്‍ഫില്‍ നടത്തുന്ന പരിശ്രമം. എസ്ബിടിയുഎഇയിലും ഒമാനിലും മണി എക്സ്ചേഞ്ചുകളില്‍ അവരുടെ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ഒമാനിലെ ഗ്ലോബല്‍ മണി എക്സ്ചേഞ്ച് (32 ബ്രാഞ്ച്) യുഎഇയിലെ സിറ്റി എക്സ്ചേഞ്ച് (20 ബ്രാഞ്ച്) എന്നിവ ഉദാഹരണം. പ്രതിനിധി ഓഫിസുകള്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്. റിലേഷന്‍ഷിപ് മാനേജര്‍മാര്‍ ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണുന്നു. പണം ഇന്ത്യയിലെത്തിയാല്‍ സാധാരണ എഫ്ഡി പോലെ പലിശ ലഭിക്കുകയും ചെയ്യും. 17 ലക്ഷം എന്‍ആര്‍ഐ അക്കൗണ്ടുകളാണ് എസ്ബിടിക്ക്. ഫെഡറല്‍ ബാങ്കിനു വിദേശ രാജ്യങ്ങളിലുള്ള 78 റുപ്പീ ഡ്രോയിങ് കേന്ദ്രങ്ങളില്‍ നാലെണ്ണം ഒഴികെ എല്ലാം ജിസിസി രാജ്യങ്ങളിലാണ്. വിദേശ കറന്‍സി നിക്ഷേപിച്ചാല്‍ സെക്കന്‍ഡുകള്‍ക്കകം പണം നാട്ടിലെ അക്കൗണ്ടില്‍ എത്തുമെന്നു മാത്രമല്ല, രൂപയില്‍ എത്ര തുകയുണ്ടെന്ന് അറിയുകയും ചെയ്യാം. മികച്ച വിനിമയ നിരക്കും ലഭിക്കുന്നു. 10 ലക്ഷം എന്‍ആര്‍ഐ അക്കൗണ്ടുകളുണ്ട്. വിദേശ മലയാളി നിക്ഷേപത്തില്‍ മൂന്നാം സ്ഥാനം (14456.8 കോടി) എസ്ബിഐക്കും നാലാം സ്ഥാനം (9309 കോടി) സൗത്ത് ഇന്ത്യന്‍ ബാങ്കിനുമാണ്. എന്‍ആര്‍ഐ നിക്ഷേപം സ്വരൂപിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും പൊതുവായി ചിലതുണ്ട്. ആകെ നിക്ഷേപത്തിന്റെ 75 ശതമാനവും അക്കൗണ്ടുകളില്‍ 85 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. അതില്‍ത്തന്നെ യുഎഇയാണു മുന്നില്‍. ഗള്‍ഫ് കഴിഞ്ഞാല്‍ അമേരിക്കയാണ്. യുകെയും ഓസ്ട്രേലിയയും കാനഡയും ജര്‍മനിയും അതിനു പിറകില്‍. കേരള ബാങ്കുകളുടെ ഇന്ത്യയിലെ ആകെ എന്‍ആര്‍ഐ നിക്ഷേപത്തിന്റെ 90 ശതമാനവും മലയാളികളില്‍ നിന്നുള്ള കേരള അക്കൗണ്ടുകളില്‍ മാത്രമാണ്. അതില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വരവില്‍ ഭൂരിപക്ഷവും മലബാര്‍ മേഖലയില്‍ നിന്നോ കൊച്ചിയും തൃശൂരും ഉള്‍പ്പെടുന്ന മേഖലയില്‍ നിന്നോ ആണെങ്കില്‍ അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പണം വരവു കൂടുതലും മധ്യതിരുവിതാംകൂറിലാണ്. ഏറ്റവും കൗതുകകരമായ കാര്യം ഗള്‍ഫ് പണത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും വരുന്നതു വര്‍ക്കല, ചാവക്കാട് പോലുള്ള ചെറിയ പട്ടണങ്ങളിലെ (സെമി അര്‍ബന്‍) അക്കൗണ്ടുകളിലേക്കാണെന്നതാണ്. ഏറ്റവും കുറവ് പണം വരവ് ഗ്രാമീണ മേഖലയിലാണ്. എസ്ബിടിക്കു കഴിഞ്ഞ വര്‍ഷം ലഭിച്ച നിക്ഷേപത്തില്‍ 19728 കോടിയും ഫെഡറല്‍ ബാങ്കിനു ലഭിച്ച 17659 കോടിയും ഇത്തരം സെമി അര്‍ബന്‍ മേഖലയില്‍ നിന്നായിരുന്നു.ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ 80 ശതമാനത്തിലേറെ ഇങ്ങനെ ലഭിക്കുന്ന നിക്ഷേപത്തില്‍ നിന്നാണ്. മൂലധനത്തില്‍ നിന്നു കൊടുക്കുന്ന വായ്പ 20 ശതമാനത്തില്‍ താഴെ മാത്രം.

Filed under .

0 comments for "ഗള്‍ഫ് പണത്തിന് ബാങ്കുകളുടെ മല്‍സരം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas