Headlines
By Malakkallu Express:August 03, 2015

ഫ്രാന്‍സിലെ ഭക്ഷണപ്രിയരുടെ ഹൃദയം കവര്‍ന്ന്‌ അംബികയും രതിയും

കാസര്‍കോട്‌: ഫ്രാന്‍സ്‌ എന്ന സ്വപ്‌നരാജ്യത്ത്‌ രണ്ടാഴ്‌ചയോളം ചെലവിട്ടതിന്‍റെയും അവിടുത്തെ ഭക്ഷണപ്രിയരുടെ ഹൃദയം കവര്‍ന്നതിന്‍റേയും ആഹ്ലാദത്തിലാണ്‌ എടനീര്‍ സ്വദേശികളായ അംബികയും രതിയും. ആഴ്‌ചകള്‍ക്കുമുന്പ്‌ അപ്രതീക്ഷിതമായാണ്‌ കുടുംബശ്രീപ്രവര്‍ത്തകരായ അംബികയേയും രതിയേയും തേടി ഫ്രാന്‍സിലെ ഗാനറ്റ്‌ ഫോക്‌ലോര്‍ ഫെസ്‌റ്റിവെല്ലിന്‍റെ ക്ഷണമെത്തുന്നത്‌. യുനസ്‌കോയുടെ സഹകരണത്തോടെ നടത്തുന്ന ഫെസ്‌റ്റിവെല്ലില്‍ എത്തുന്നവര്‍ക്ക്‌ ഭക്ഷണം തയ്യാറാക്കുന്നതിനാണ്‌ ഇവര്‍ക്ക്‌ ക്ഷണം ലഭിച്ചത്‌. 32 രാജ്യങ്ങളില്‍ നിന്നായി നിരവധി ഫോക്‌ലോര്‍ കലാകാരന്‍മാര്‍ മാറ്റുരയ്‌ക്കുന്ന 41 വര്‍ഷം പാരന്പര്യമുളള ഉത്സവമാണ്‌ ഗാനറ്റ്‌ ഫോക്‌ലോര്‍ ഫെസ്‌റ്റിവെല്‍. ഇന്ത്യയ്‌ക്ക് പുറത്തേക്ക്‌ ആദ്യമായി ലഭിച്ച ഈ ക്ഷണത്തെ ഇവര്‍ നിറഞ്ഞ മനസ്സോടെയാണ്‌ സ്വീകരിച്ചത്‌. സമീപകാലത്ത്‌ കാഞ്ഞങ്ങാട്‌ നടന്ന തൈത്തിരീയം ഫോക്‌ലോര്‍ പരിപാടിയില്‍ ഇവരായിരുന്നു കലാകാരന്‍മാര്‍ക്ക്‌ ഭക്ഷണം ഒരുക്കിയിരുന്നത്‌. നാവില്‍ കൊതിയൂറുന്ന രുചി വൈവിധ്യങ്ങളുടെ മഹാമേള ഒരുക്കിയ ഇവര്‍ അവിടെയും ഏവരുടെയും ഹൃദയം കീഴടക്കിയിരുന്നു. അവിടെയുണ്ടായിരുന്ന ആളുകളാണ്‌ഇവരെക്കുറിച്ച്‌ ഗാനറ്റ്‌ ഫോക്‌ലോര്‍ ഫെസ്‌റ്റിവെല്‍ അധികൃതരോട്‌ പറഞ്ഞത്‌. അങ്ങിനെയാണ്‌ ഈ വനിതകളെ തേടി ഫ്രാന്‍സില്‍ നിന്ന്‌ ക്ഷണമെത്തിയത്‌. 10 ദിവസം നീണ്ടുനിന്ന പരിപാടികളാണ്‌ ഗാനറ്റില്‍ ഉണ്ടായിരുന്നത്‌. ഫെസ്‌റ്റിവെല്ലില്‍ എത്തുന്നവര്‍ക്ക്‌ ഭക്ഷണം ഒരുക്കുക എന്നതായിരുന്നു ഇവര്‍ക്ക്‌ ലഭിച്ച ദൗത്യം. ഓരേയൊരു വ്യവസ്‌ഥ മാത്രമേ ഫെസ്‌റ്റിവെല്‍ അധികൃതര്‍ ഇവര്‍ക്ക്‌ മുന്പില്‍ വെച്ചുളളൂ, ഭക്ഷണം തികച്ചും കേരളത്തനിമ ഉളളതായിരിക്കണം. രതിയും അംബികയും സന്തോഷത്തോടുകൂടിയാണ്‌ ഈ ദൗത്യം ഏറ്റെടുത്തത്‌. ബസുമതി അരി കൊണ്ടുളള ചോറും സാന്പാറും തോരനും സാലഡും കോഴികറിയും പായസവും പാകം ചെയ്‌ത് രതിയും അംബികയും വളരെപെട്ടെന്ന്‌ തന്നെ ഫ്രാന്‍സിന്‍റെ ഹൃദയം കീഴടക്കി. അവസാനദിവസമാണ്‌ ഇവര്‍ പായസം തയ്യാറാക്കിയത്‌. തയ്യാറാക്കി ചൂടാറുംമുന്പേ പായസം തയ്യറാക്കിയ പാത്രം കാലിയായത്‌ ഇവര്‍ സന്തോഷത്തോടെ ഓര്‍മ്മിക്കുന്നു. പായസത്തിന്‍റെ രുചിക്കൂട്ടിന്‍റെ രഹസ്യമറിയാനും പ്രശംസിക്കാനും ഒപ്പം നിന്ന്‌ ഫോട്ടോ എടുക്കാനും നിരവധി വിദേശികളാണ്‌ എത്തിയതെന്ന്‌ അംബികയും രതിയും ഒരേ സ്വരത്തില്‍ പറയുന്നു. ഫ്രാന്‍സിന്‍റെ രുചി തികച്ചും വ്യത്യസ്‌തമാണ്‌. എരിവുളള ഭക്ഷണങ്ങള്‍ അവര്‍ക്ക്‌ ഇഷ്‌ടമേയല്ല. ചുട്ടെടുത്ത മത്സ്യവും കോഴിയുമാണ്‌ അവരുടെ ഇഷ്‌ടവിഭവം. വേവിക്കാത്ത പച്ചക്കറികള്‍, വെണ്ണ, പലതരം ഇലകള്‍, ബ്രഡ്‌, പഴവര്‍ണ്മങ്ങള്‍, വ്യത്യസ്‌ത തരത്തിലുളള വൈനുകള്‍ എന്നിവയാണ്‌ അവരുടെ ഭക്ഷണ മെനുവില്‍ മുന്‍പന്തിയിലുളളതെന്ന്‌ രതി പറയുന്നു. ഫ്രാന്‍സില്‍ സ്‌ത്രീയും പുരുഷനും തുല്യരാണ്‌ ഏത്‌ അര്‍ദ്ധരാത്രിയിലും സ്‌ത്രീക്ക്‌ സഞ്ചരിക്കാനുളള സ്വാതന്ത്ര്യമുണ്ട്‌ . മറ്റുളളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയിലാണ്‌ അവരുടെ പ്രവൃത്തി. പൊതുഇടങ്ങള്‍ വൃത്തിയോടും വെടിപ്പോടും സൂക്ഷിക്കാനുളള അവരുടെ മനോഭാവം പ്രശംസനീയമാണ്‌. റോഡിലൂടെ നടന്നുപോകുന്ന കാല്‍നടക്കാരന്‍റെ സുരക്ഷിതത്വം ഡ്രൈവര്‍ തങ്ങളുടെ കടമയായി കാണുന്നതാണ്‌ അവരുടെ സംസ്‌ക്കാരം. നല്ലതിനെ പ്രശംസിക്കാനുളള അവരുടെ തുറന്ന മനസ്‌ഥിതിയില്‍ നിന്നും നാം ഏറെ പഠിക്കേണ്ടിയിരിക്കുന്നുവെന്ന്‌ അംബിക പറഞ്ഞു. ഫെസ്‌റ്റിവെല്ലില്‍ ഒരുതവണ കേരളത്തിലെ പാരന്പര്യതനിമയൂറുന്ന കേരളസാരി ധരിച്ചെത്തിയ അംബികയെയും രതിയെയും അവിടുത്തുകാര്‍ തികഞ്ഞ ആദരവോടെയാണ്‌ വരവേറ്റത്‌. അവര്‍ക്ക്‌ കേരളത്തിലെ വസ്‌ത്രധാരണ രീതിയോട്‌ തികഞ്ഞ ബഹുമാനമാണ്‌ ഉളളത്‌. ഇതിനുളള ഉദാഹരണമായി അംബിക ചൂണ്ടിക്കാട്ടുന്നത്‌ ഫ്രാന്‍സില്‍ നിന്നുളള വനിത കേരളവസ്‌ത്രധാരണരീതിയോടുളള ആദരവ്‌കൊണ്ട്‌ അംബികയുടെ ചൂരിദാര്‍ വാങ്ങി നിധിപോലെ സൂക്ഷിച്ചുവെച്ചുകൊണ്ടിരിക്കുന്നുവെന്ന വസ്‌തുതയാണ്‌. എടനീരിലെ ശ്രീലക്ഷ്‌മി കുടുംബശ്രീ അംഗങ്ങളാണ്‌ രതിയും അംബികയും . നിരവധി വര്‍ഷങ്ങളായി കാറ്ററിംഗ്‌ സര്‍വീസ്‌ രംഗത്തുളള ഇവര്‍ കേരളത്തിനകത്തും പുറത്തും നിരവധിയിടങ്ങളില്‍ ഭക്ഷ്യമേളകളില്‍ പങ്കാളികളായിട്ടുണ്ട്‌

Filed under .

0 comments for "ഫ്രാന്‍സിലെ ഭക്ഷണപ്രിയരുടെ ഹൃദയം കവര്‍ന്ന്‌ അംബികയും രതിയും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas