By Malakkallu Express:August 03, 2015
പുലിയുടെ ട്രാക്ക് ലിസ്റ്റ്
ഇളയദളപതി വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുലിയുടെ ട്രാക്ക് ലിസ്റ്റ് പുറത്തിറങ്ങി. ആഗസ്റ്റ് രണ്ടിന് നടക്കാനിരിക്കുന്ന ഓഡിയോ ലോഞ്ചിന് മുന്നോടിയായി ദേവിശ്രീ പ്രസാദാണ് ഗാനത്തിന്റെ ട്രാക്ക് ലിസ്റ്റ് പുറത്തുവിട്ടത്. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിജയ്, ശ്രുതി ഹാസന്‍, ജാവേദ് അലി, പൂജ എ വി, ശങ്കര്‍മഹാദേന്‍, എം എം മാനസി, സൂരജ് സന്തോഷ്, എ എല്‍ ആര്‍ കാര്‍ത്തികേയന്‍, ചിന്‍മയി, അനിത, മനോ, പ്രിയദര്‍ശിനി, ടിപ്പു തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വൈരമുത്തു വരികളെഴുതിയിരിക്കുന്നു. വിജയ്‌യും ശ്രുതി ഹാസനും ചേര്‍ന്ന് പാടുന്ന ഗാനത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ഗാനത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 11 ലക്ഷം ആളുകള്‍ ഗാനത്തിന്റെ ടീസര്‍ യൂട്യൂബിലൂടെ മാത്രം കണ്ടുകഴിഞ്ഞു. ഇംസായ് അരശന്‍ ഇരുപത്തിമൂന്നാം പുലികേശി, ഇരുമ്ബുകോട്ടൈ മുരട്ടുസിങ്കം, ഒരു കന്നിയും മൂന്ന് കളവാണിയും തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ചിമ്ബുദേവന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് പുലി.
ചൈനീസ് സ്റ്റണ്ട്കൊറിയോഗ്രാഫറായ സാങ് ലിങ് ആഡാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തത് എന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇളയദളപതി ഇരട്ടവേഷത്തിലെത്തുന്ന ഫാന്റസി കോമഡി ത്രില്ലറായ ചിത്രത്തില്‍ വിജയ്‌യെ കൂടാതെ പ്രഭു, സുധീപ്, ശ്രീദേവി, ശ്രുതി ഹാസന്‍, ഹന്‍സിക മോട്ട്‌വാനി, നന്ദിത, വിജയ് കുമാര്‍, തമ്ബി രാമയ്യ, ആടുകളം നരേന്‍, ഇമാന്‍ അണ്ണാച്ചി, റോംബോ ശങ്കര്‍, ജാസ്പര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി തമിഴിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പുലി. ചിമ്ബുദേവന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. എസ് കെ ടി സ്റ്റുഡിയോയുടെ ബാനറില്‍ ഷിബു തമീന്‍സും പി ടി ശെല്‍വകുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ദീപാവലിക്ക് തീയേറ്ററുകളിലെത്തും.

