Headlines
By Malakkallu Express:October 01, 2015

കാസര്‍കോടിന് 24.58 കോടിയുടെ പദ്ധതി



കാസര്‍കോട്: സര്‍വശിക്ഷാ അഭിയാന് ഈവര്‍ഷം അനുവദിച്ച 24.58 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാ മോണിറ്ററിങ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ സമിതി അംഗീകാരം നല്കി. ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള ആണ്‍കുട്ടികള്‍ക്കൊഴികെയുള്ള എല്ലാ കുട്ടികള്‍ക്കും രണ്ടുജോഡി സൗജന്യ യൂണിഫോം നല്കുന്നതിന് രണ്ടുലക്ഷം രൂപയും മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകം വിതരണംചെയ്യുന്നതിന് 2.10 കോടി രൂപയും അനുവദിച്ചു. അവധിക്കാല അധ്യാപകപരിശീലനത്തിനും ക്ലസ്റ്റര്‍ പരിശീലനത്തിനുമായി 77.64 ലക്ഷം രൂപയാണ് നീക്കിവെച്ചത്.
ബി.ആര്‍.സി.യിലെയും സി.ആര്‍.സി.യിലെയും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കായി 3.97 കോടി രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന രീതിയില്‍ 150തില്‍ കൂടുതല്‍ കുട്ടികളുള്ള എല്‍.പി. സ്‌കൂളിലും 100ല്‍ കൂടുതല്‍ കുട്ടികളുള്ള യു.പി. സ്‌കൂളുകിലും ഓരോ അധ്യാപകരെ അധികമായി നിയമിക്കും. യു.പി. സ്‌കൂളുകളില്‍ മൂന്ന് പാര്‍ട്ട് ടൈം അധ്യാപകരെക്കൂടി നിയമിക്കും. ഇതിനായി അധ്യാപകരുടെ ശമ്പളയിനത്തില്‍ 11.78 കോടി രൂപ അനുവദിച്ചു.
സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അധ്യാപകര്‍ക്ക് പഠനസാമഗ്രികള്‍ നിര്‍മിക്കുന്നതിനും എസ്.എസ്.എ. ഗ്രാന്റ് നല്കും. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലുള്ള അധ്യാപകര്‍ക്ക് ഒരാള്‍ക്ക് 500 രൂപ നിരക്കില്‍ 13.73 ലക്ഷം രൂപയാണ് ഇതിനായി പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സ്‌കൂളുകള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റിനത്തില്‍ 40.59 ലക്ഷം രൂപയാണ് പദ്ധതിയിലുള്ളത്. ജില്ലയിലെ രണ്ട് ഗവ. യു.പി. സ്‌കൂളുകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും. എ.സി.കെ.എന്‍.എസ്. യു.പി.എസ്. മേലാങ്കോട്ട്, കാഞ്ഞങ്ങാട്, ഗവ. യു.പി. സ്‌കൂള്‍ കാസര്‍കോട് എന്നീ വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 4.21 ലക്ഷം രൂപ അനുവദിച്ചു. പ്രത്യേകാവകാശമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 81 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
പഠനപരിപോഷണ പരിപാടികള്‍ക്കായി 15.84 ലക്ഷം രൂപ, സ്‌കൂള്‍ മോണിറ്ററിങ് സമിതിഅംഗങ്ങളുടെയും പി.ടി.എ.യുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അംഗങ്ങളുടെയും പരിശീലനത്തിനായി 18 ലക്ഷം രൂപ, വിദ്യാലയങ്ങളില്‍ നൂതന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടത്തുന്നതിന് 20.24 ലക്ഷം രൂപയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്‌കൂളില്‍ പ്രവേശനം നേടാത്ത കുട്ടികളെ പ്രവേശിപ്പിച്ച് പ്രത്യേക പരിശീലനം നല്കുന്നതിന് 2.39 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനാണ് എസ്.എസ്.എ. ലക്ഷ്യമിട്ടിട്ടുള്ളത്. ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷാനടത്തിപ്പിനുമായി 2.89 ലക്ഷം രൂപയുടെ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കാനും ഉദ്ദേശിച്ചിട്ടുണ്ട്.

2014-15 വര്‍ഷം നടപ്പാക്കിയ ഫോക്കസ് പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം വര്‍ധിപ്പിക്കാനും അനാദായകരമായ വിദ്യാലയങ്ങളെ ആദായകരമാക്കാനും തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാലയങ്ങളില്‍ നടപ്പാക്കിയ പദ്ധതിയാണ് ഫോക്കസ്. 23 വിദ്യാലയങ്ങളാണ് ഈ പ്രവര്‍ത്തനത്തിലൂടെ ആദായകരമായി തീര്‍ന്നത്.
ജില്ലാ മോണിറ്ററിങ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ സമിതി ചെയര്‍മാന്‍ പി.കരുണാകരന്‍ എം.പി. അധ്യക്ഷതവഹിച്ചു. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ !(ഉദുമ), കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്‌മോഹന്‍, ഡി.ഡി.ഇ. സൗമിനി കല്ലത്ത്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി.കൃഷ്ണകുമാര്‍, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എം.ബാലന്‍, പ്രോഗ്രാം ഓഫീസര്‍മാരായ യതീഷ്‌കുമാര്‍ റായ്, ബി.ഇബ്രാഹിം, അയൂബ്ഖാന്‍ എന്നിവര്‍ സംസാരിച്ചു.

Filed under .

0 comments for "കാസര്‍കോടിന് 24.58 കോടിയുടെ പദ്ധതി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas