By Malakkallu Express:October 01, 2015
കീഴടങ്ങിയ പാക് ഉദ്യോഗസ്ഥന്റെ റിവോള്‍വര്‍ ഇനി എന്‍ഡിഎയ്ക്ക്
ന്യൂഡല്‍ഹി: ഇന്ത്യാ പാക് യുദ്ധത്തില്‍ കീഴടങ്ങിയ പാകിസ്താന്‍ നാവിക ഉദ്യോഗസ്ഥന്റെ റിവോള്‍വര്‍ വൈസ് അഡ്മിറല്‍ എം. ആവതി (റിട്ട) നാഷണല്‍ ഡിഫന്‍സ് അക്കാദമിക്ക് സമ്മാനിച്ചു. ബ്രിട്ടീഷ് നിര്‍മ്മിത 0.38 വെബ്‌ലി റിവോള്‍വറാണ് വൈസ് അഡ്മിറല്‍ എന്‍.ഡി.എ കമാന്‍ഡാന്റ് ജി. അശോക് കുമാറിന് കൈമാറിയത്.
ആവതിയുടെ കൈവശമുണ്ടായിരുന്ന ഈ റിവോള്‍വര്‍ നാവികസേനാ മ്യൂസിയമായിരുന്ന ഐ.എന്‍.എസ് വിക്രാന്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു. ഇനിയിത് എന്‍.ഡി.എയിലെ മ്യൂസിയത്തിലായിരിക്കും സൂക്ഷിക്കുക.
1971 ലെ പാകിസ്താനെതിരായ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഐ.എന്‍.എസ് കാമോര്‍ത്തയുടെ കമാന്‍ഡിങ് ഓഫീസറായിരുന്നു ആവതി. രണ്ടാഴ്ചയോളം ബംഗാള്‍ ഉള്‍ക്കടലില്‍ പാക് നാവികസേനയെ ചെറുത്തുനിന്ന് ഓടിച്ചതിന് അദ്ദേഹത്തിന് വീര്‍ചക്ര ബഹുമതിയും ലഭിച്ചിട്ടുണ്ട്.
1932 നും 1962നും ഇടയിലാണ് ഈ വിഭാഗത്തില്‍പെട്ട വെബ് ലി റിവോള്‍വറുകള്‍ നിര്‍മ്മിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഏറെ പ്രചാരത്തിലിരുന്ന ഈ കൈത്തോക്ക് ഇപ്പോഴുംചില രാജ്യങ്ങളില്‍ പോലീസ് സേന ഉപയോഗിക്കുന്നുണ്ട്.

