By Malakkallu Express:October 08, 2016
18 കാരന്റെ ശരീരത്തിലെ 18 സെ.മീ നീളമുള്ള ‘വാല്‍’ മുറിച്ചു മാറ്റി.
നാഗ്പൂര്‍;നാഗ്പൂരില്‍ 18 കാരന്റെ ശരീരത്തില്‍ നിന്ന് 18 സെന്റീമീറ്റര്‍ നീളമുള്ള 'വാല്‍' നീക്കം ചെയ്തു. നാഗ്പൂരിലെ ഗവണ്‍മെന്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ ചെയ്ത് വാല്‍ നീക്കിയത്. ശരീരത്തിലെ വാലിന്റെ അസാധാരണമായ വളര്‍ച്ച 18കാരന് കടുത്ത വേദനയുണ്ടാക്കി. തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്തത്. ഇതുവരെ നീക്കം ചെയ്ത വാലുകളില്‍ ഏറ്റവും നീളമേറിയത് ഇതാണെന്നാണ് റിപ്പോര്‍ട്ട്.
കുട്ടിയുടെ ശരീരത്തില്‍ വാല്‍ വളരുന്നതായി വീട്ടുകാര്‍ അറിഞ്ഞെങ്കിലും നാണക്കേടും അന്ധവിശ്വാസവും കാരണം ആശുപത്രിയില്‍ പോകാതിരുന്നതാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുടെ സംഘത്തലവന്‍ ഡോ. പ്രമോദ് ഗിരി പറഞ്ഞു. കഴിഞ്ഞയാഴ്ച വേദനകൊണ്ട് പുളഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ 18കാരനെ ആശുപത്രിയിലെത്തിച്ചത്.
വാല്‍ വളരാന്‍ തുടങ്ങി അത് ശരീരത്തിന്റെ പിന്‍ഭാഗത്ത് സമ്മര്‍ദ്ദമുണ്ടാക്കിയതോടെ കുട്ടി ശാരീരികമായും മാനസികമായും തകര്‍ന്നതായി ഡോ. ഗിരി പറഞ്ഞു. കുട്ടിക്ക് സ്വാതന്ത്ര്യമായി ഇരിക്കാനോ ഉറങ്ങാനോ സാധിച്ചിരുന്നില്ല. ഇത്തരത്തില്‍ വാല്‍ ഉണ്ടാകുന്നത് ന്യൂറോ ഡെവലപ്‌മെന്റ് അബോനോര്‍മാലിറ്റി കൊണ്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം കേസുകള്‍ വളരെ അപൂര്‍വ്വമാണ്, മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് തങ്ങള്‍ക്ക് അറിയാവുന്നതില്‍ ഏറ്റവും നീളമുള്ള വാലാണിതെന്നാണ് ഡോക്ടര്‍ ഗിരി വ്യക്തമാക്കി.
source-newsmalabar

