Headlines
By Malakkallu Express:October 08, 2016

കാസര്‍കോടിന്റെ വികസനപ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് ടേബിള്‍ ടോക്ക്

കാസര്‍കോട്: കാസര്‍കോടിന്റെ സമഗ്ര വികസനത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്ത് ടേബിള്‍ ടോക്ക് നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് വികസന സംവാദ പരിപാടി സംഘടിപ്പിച്ചത്. തദ്ദേശീയരായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് ജില്ലയിലെ പല വികസന പദ്ധതികളും മുടങ്ങുന്നതിന് കാരണമെന്ന് സംവാദം ഉദ്ഘാടകനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ചൂണ്ടിക്കാട്ടി. കാസര്‍കോട് വികസന പാക്കേജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ്, നബാര്‍ഡ് പാക്കേജ്, ത്രിതല പഞ്ചായത്ത് വികസന പദ്ധതികള്‍ എന്നിവയുടെ നിര്‍വ്വഹണത്തിന് ഉദ്യോഗസ്ഥരില്ലാത്തതാണ് പ്രധാന പ്രശ്‌നം. ജില്ലയുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും എ.ജി.സി. ബഷീര്‍ പറഞ്ഞു.

ജില്ലയുടെ ബാലാരിഷ്ടതകള്‍ മാറേണ്ട സാഹചര്യം അതിക്രമിച്ചുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. സ്വതന്ത്രവും സ്വസ്ഥവുമായ ജീവിതസാഹചര്യം സാധ്യമാകുമ്പോള്‍ മാത്രമേ വികസനം കൈവരിക്കാനാവുകുയുളളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മറ്റ് ജില്ലകള്‍ക്കൊപ്പം കാസര്‍കോടും എത്തുന്നതിന് നാടിന്റെ സമാധാനം അത്യാവശ്യമാണ്. സാധാരണ മനുഷ്യന്റെ സമാധാനജീവിതം തകിടം മറിക്കുന്നതൊന്നും സംഭവിച്ചുകൂടാ. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മയുളള സ്ഥാപനങ്ങളുടെ കുറവും ജില്ലയുടെ വികസന സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താത്തതുമാണ് കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 80 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ജില്ലയുടെ തീരദേശത്തെയും റാണിപുരം പോലുളള ഹില്‍ ടൂറിസം പദ്ധതികളെയും ചരിത്ര സാംസ്‌കാരിക പൈതൃകങ്ങളെയും ബന്ധിച്ചിപ്പിച്ചുളള ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് കലക്ടര്‍ പറഞ്ഞു. വലിയപറമ്പയുടെ കായല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. വികസനത്തിന് സ്ഥല ലഭ്യത ഏറ്റവും കൂടുതലുളള ജില്ലയാണ് കാസര്‍കോട് എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ 16നും 30നും ഇടയില്‍ പ്രായമുള്ളവരാണ് കുറ്റകൃത്യങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുന്നതെന്നും ഇവരില്‍ ഭൂരിപക്ഷത്തിനും മൂല്യബോധമുള്ള വിദ്യാഭ്യാസം ലഭിക്കാത്തതാണ് മുഖ്യപ്രശ്‌നമെന്നും ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളുടെ എണ്ണവും കുറവാണ്. ഇതുമൂലം ഇവര്‍ ചൂഷണം ചെയ്യപ്പെടുന്നു. 70 ശതമാനം കുട്ടികള്‍ക്ക് ബിരുദതലം വരെ മൂല്യബോധത്തോടെ പഠിക്കാനുളള സാഹചര്യം ഉണ്ടാവണം. എല്ലാ ജാതി മതസ്ഥരും ഒന്നിച്ച് ചേരുന്ന സാംസ്‌കാരിക സംഗമങ്ങള്‍ക്കുള്ള പൊതുവേദികള്‍ ജില്ലാ ആസ്ഥാനത്തൊരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര വികസനം ജില്ലയുടെ പ്രധാന വ്യവസായ സാധ്യതയായി കാണണമെന്ന് ബി.ആര്‍.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ ടി.കെ. മന്‍സൂര്‍ പറഞ്ഞു. ബജറ്റ് ഹോട്ടലുകളും ഹോം സ്റ്റേകളും കൂടുതലായി ആരംഭിക്കണം. ബീച്ചും ഹില്‍ സ്റ്റേഷനും കായല്‍ പരപ്പും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന മറ്റൊരു ടൂറിസം കേന്ദ്രം ദക്ഷിണേന്ത്യയിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
1.5 ലക്ഷം ഹെക്ടറില്‍ കൃഷി നടത്തുന്ന ജില്ലയില്‍ സ്വന്തമായി ജില്ലാകൃഷിത്തോട്ടം ഇല്ലാത്തത് വൈരുദ്ധ്യമാണെന്ന് സി.പി.സി.ആര്‍.ഐയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. സി തമ്പാന്‍ പറഞ്ഞു. തെങ്ങ്, റബ്ബര്‍, കവുങ്ങ് എന്നിവയുടെ ഉല്‍പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനും വൈവിധ്യവല്‍ക്കരണത്തിനും നടപടിയുണ്ടാകണം. ഗുണമേന്മയുളള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കണം. പ്രാദേശിക ഭരണ കൂടങ്ങള്‍ തയ്യാറാക്കുന്ന കാര്‍ഷിക വികസന പദ്ധതികള്‍ ജില്ലയിലെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബദിയടുക്ക മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാത, മലയോര ഹൈവെ, കുടിവെള്ള പദ്ധതികള്‍, ജൈവസര്‍ട്ടിഫിക്കേഷന്‍ പരിശോധനാ ലാബ്, നീലേശ്വരം-പളളിക്കര മേല്‍പാലം, ഉദുമ സ്പിന്നിംഗ് മില്‍, കാസര്‍കോട്-മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങള്‍, വൈദ്യുത പദ്ധതികള്‍, ഐ.ടി. പാര്‍ക്ക്, പെരിയ എയര്‍സ്ട്രിപ്, തടയണകള്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്‌മോഹന്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തോടൊപ്പം സ്ത്രീകള്‍ക്ക് കായിക പരിശീലനവും ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്തംഗം പി. സി. സുബൈദ പറഞ്ഞു. കാര്‍ഷികരംഗത്ത് ശക്തമായ ഇടപെടല്‍ അനിവാര്യമാണ്.
ജില്ലയില്‍ ഭാഷാ അക്കാദമിയും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ മാതൃകയില്‍ കലാകേന്ദ്രവും സ്ഥാപിക്കണമെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ജൈവ ജില്ലയായി പ്രഖ്യാപിച്ചിട്ടും കീടനാശിനികളും രാസവളങ്ങളും വ്യാപകമായി ഇപ്പോഴും ജില്ലയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുറെ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കേണ്ടതുണ്ട്.
ജില്ലയുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിന് കള്‍ച്ചറല്‍ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കണമെന്ന് ചരിത്രകാരന്‍ ഡോ. സി ബാലന്‍ പറഞ്ഞു. കോട്ടകളെയും ചരിത്ര പൈതൃകങ്ങളെയും ക്ഷേത്രങ്ങളിലെ ചുവര്‍ ചിത്രങ്ങളും ദാരുശില്‍പങ്ങളും സംരക്ഷിക്കണം. നാടന്‍ കലകളുടെ പ്രോത്സാഹനത്തിന് നാടന്‍കലാ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലെ കുട്ടികളുടെ സ്‌കൂളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി. കൃഷ്ണകുമാര്‍ പറഞ്ഞു. പരീക്ഷാഭവന്റെ പ്രാദേശികകേന്ദ്രം ജില്ലയില്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ആര്‍. പ്രശാന്ത്, ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ കണ്‍വീനര്‍ എ.കെ. ശ്യാംപ്രസാദ്, ഫാറൂഖ് ഖാസ്മി, ഷംസുദ്ദീന്‍ ചെമ്പരിക്ക, അശോകന്‍ കുനിയേരി, വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ. വര്‍ഗ്ഗീസ് മോഡറേറ്ററായിരുന്നു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി. സുഗതന്‍ സ്വാഗതവും പ്രസ്‌ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം നന്ദിയും പറഞ്ഞു.

Filed under .

0 comments for "കാസര്‍കോടിന്റെ വികസനപ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് ടേബിള്‍ ടോക്ക്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas