By Malakkallu Express:November 30, 2014
ജില്ലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് 92 ക്വാറികള്‍
കാസര്‍കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് 92 ക്വാറികള്‍. ഇതുവഴി ലെവി, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാറിന് വന്‍ തുകയാണ് നഷ്ടമാകുന്നത്. കാസര്‍കോട് ജില്ലാ പരിസ്ഥിതി സമതി 23 പഞ്ചായത്തുകളില്‍നിന്ന് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടതനുസരിച്ചാണ് അനധികൃത ക്വാറികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിനുപുറമേ ലൈസന്‍സില്ലാതെ ക്രഷറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പശ്ചിമഘട്ട മലനിരകളെ തകര്‍ത്താണ് അനധികൃതഖനനം നടക്കുന്നത്. പരാതികള്‍ നിരവധി നല്കിയിട്ടും അധികൃതര്‍ മെല്ലെപ്പോക്കുനയം സ്വീകരിക്കുകയാണെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. ജില്ലയില്‍ ഏതാണ്ട് 250-ഓളം ക്വാറികളും 50 ക്രഷറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ കോടോം ബേളൂര്‍-21, ബളാല്‍-നാല്, ബേഡഡുക്ക-23, വോര്‍ക്കാടി-14, മടിക്കൈ-രണ്ട്, എന്‍മകജെ-നാല്, പുത്തിഗെ-ആറ്, കള്ളാര്‍-അഞ്ച്, കയ്യൂര്‍ ചീമേനി-ആറ്, പൈവളികെ-അഞ്ച്, കുറ്റിക്കോല്‍-രണ്ട് എന്നിങ്ങനെയാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം. ഇതിനുപുറമെ ജില്ലാ പരിസ്ഥിതിസമതി നടത്തിയ അന്വേഷണത്തില്‍ പുല്ലൂര്‍-പെരിയ-ഒമ്ബത്,വെള്ളൂര്‍-നാല്, കുറ്റിക്കോല്‍-ആറ്, പനത്തടി-നാല് എന്നിങ്ങനെ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കിനാനൂര്‍-കരിന്തളം-മൂന്ന്, ബളാല്‍-ഒന്ന്, ചെമ്മനാട്-മൂന്ന് എന്നീ ക്രമത്തില്‍ ലൈസന്‍സില്ലാതെ ക്രഷറുകളും പ്രവര്‍ത്തിക്കുന്നു. ജിയോളജിവകുപ്പിന്റെ അനുമതിയുള്ള 70 എണ്ണവും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുള്ള 19 എണ്ണവും എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്ള 20 എണ്ണവും പഞ്ചായത്തിന്റെ ഡി ആന്‍ഡ് ഒ ലൈസന്‍സുള്ള 10 എണ്ണവുമാണ് ജില്ലയിലുള്ളത്. നിലവില്‍ ലൈസന്‍സുള്ളതും എന്നാല്‍, ജൈവവൈവിധ്യ ബോര്‍ഡിന്റെ അനുമതിയില്ല എന്ന കാരണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ച ക്വാറികള്‍ക്കുമാത്രമേ കേരളാ ഗവണ്‍മെന്റ് 2014 ആഗസ്തില്‍ ഒരുവര്‍ഷത്തേക്കുകൂടി താത്ക്കാലിക പ്രവര്‍ത്തനാനുമതി നല്കിയുള്ളൂ. ഈ ഉത്തരവിന്റെ മറവില്‍ നിര്‍ത്തിവെപ്പിച്ച മറ്റ് അനധികൃത ക്വാറികളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അനധികൃത ക്വാറികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജിയോളജി, പഞ്ചായത്ത്, റവന്യൂ അധികൃതര്‍ക്ക് പലതവണ പരാതി നല്കിയിട്ടും നടപടിയുണ്ടായില്ലെന്ന് പരിസ്ഥിതിസമിതി ആരോപിക്കുന്നു. ചില പഞ്ചായത്തുകള്‍ സ്റ്റോപ്‌മെമ്മോ നല്കിയശേഷം തുടര്‍നടപടികളില്ലാതെ അവസാനിപ്പിക്കുന്നു. പശ്ചിമഘട്ട മലനിരകള്‍ 100-150 അടിവരെ കുത്തനെ താഴ്ത്തിയാണ് ഖനനം. പാറയ്ക്കുമുകളിലെ മണ്ണ് നാലുമുതല്‍ അഞ്ചുമീറ്റര്‍ വരെ താഴ്ചയില്‍ നീക്കം ചെയ്യുകയും ചെയ്യും. ഇതുമൂലം ജൈവ-വൈവിധ്യങ്ങളും ജലസ്രോതസുകളും വ്യാപകമായി നശിക്കുന്നു. ജില്ലയില്‍ 20 ക്വാറികള്‍ക്ക് മാത്രമേ പെട്രോളിയം ആന്‍ഡ് എക്സ്പ്ളൊസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ അനുമതിയുള്ളുവെങ്കിലും മുഴുവന്‍ ക്വാറികളിലും നിത്യേന നൂറുകണക്കിന് സ്‌ഫോടനം നടക്കുന്നുണ്ട്. ആരാണ് ക്വാറി മുതലാളിമാര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്നതെന്നും എവിടെനിന്ന് ലഭിക്കുെന്നന്നും ഇത് എവിടെ സൂക്ഷിക്കുെന്നന്നും പരിശോധിച്ച് കണ്ടെത്തി നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരിസിഥിതിസമിതി ആവശ്യപ്പെട്ടു.
mathrubhoomi

