By Malakkallu Express:November 30, 2014
സ്‌കൂള്‍ കലോത്സവം കുളമാക്കരുത്
എല്ലാ കലാ-കായിക-സാംസ്‌കാരിക സംരംഭങ്ങളേയും നെഞ്ചേറ്റി വിജയിപ്പിച്ച ചരിത്രനഗരിയാണ് കോഴിക്കോട്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു ഈ നഗരം ഇതിനകം ആറുതവണ ആതിഥ്യമരുളിയിട്ടുമുണ്ട്. 1957,78,83,94,2002,10 എന്നീ വര്‍ഷങ്ങളില്‍. ഇത്തവണയും ആ മഹാഭാഗ്യം യാദൃച്ഛികമായാണെങ്കിലും കോഴിക്കോടിനു തന്നെ കൈവന്നിരിക്കുന്നു. 117 പവനുള്ള സ്വര്‍ണക്കപ്പില്‍ ഏറ്റവുമധികം ഉമ്മവെച്ചതും കോഴിക്കോട് ജില്ല തന്നെ. വിദ്യാഭ്യാസ, കലാരംഗത്തെ ഉദ്യോഗസ്ഥന്മാരും കലാകാരന്മാരുമടക്കം 10000ത്തോളം പേര്‍ ജനുവരി 15 മുതല്‍ 21 വരെ നീണ്ടുനില്ക്കുന്ന കലോത്സവങ്ങളില്‍ പങ്കെടുക്കാനെത്തും. സര്‍ഗപ്രതിഭയുടെ കൗമാരഭാവങ്ങള്‍ പൂത്തുലയുന്നത് കാണാനും ആശീര്‍വാദിക്കാനുമെത്തുന്ന ലക്ഷക്കണക്കിനു കലാസ്വാദകര്‍ വേറെയും. ഇവരെയൊക്കെ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള ഹൃദയവിശാലത ആതിഥേയ നഗരത്തിനുണ്ടെങ്കിലും സ്ഥലപരിമിതി വലിയ പ്രശ്‌നം തന്നെയാണ്. ഇത്തവണ കലോത്സവം എറണാകുളത്ത് നടത്താനായിരുന്നു തീരുമാനം. മെട്രോ നിര്‍മാണം മൂലം ഇപ്പോഴുള്ള ഗതാഗതപ്രശ്‌നം കണക്കിലെടുത്താണ് വേദി കോഴിക്കോട്ടേക്ക് മാറ്റിയത്. ആലപ്പുഴ പരിഗണിച്ചിരുന്നെങ്കിലുംപ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം ഉപേക്ഷിച്ചു. 2010ല്‍ കോഴിക്കോട്ട് അവസാനമായി നടന്ന കലോത്സവത്തിലെ പ്രധാനവേദി മാനാഞ്ചിറ മൈതാനമായിരുന്നു. നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിനു സൗകര്യപ്പെടുത്തിയിരുന്ന മൈതാനം കലോത്സവത്തിനു നല്കുന്നതിനെതിരെ അന്നും പ്രതിഷേധം ഉയര്‍ന്നിരുന്നതാണ്. "മന്ത്രി എം കെ മുനീറിനു കലോത്സവ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്നതിനു വേണ്ടിയാണ് മാനാഞ്ചിറ സ്‌ക്വയര്‍ തന്നെ പ്രധാനവേദിയാക്കുന്നതെന്ന ആക്ഷേപം പക്ഷെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയേണ്ടിവരും. മേളക്ക് വര്‍ണപ്പൊലിമ പകരാന്‍ സാധിക്കുമെന്നതായിരിക്കാം മാനാഞ്ചിറ തെരഞ്ഞെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക." മേലില്‍ ഒരു പരിപാടിക്കും മൈതാനം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും തദടിസ്ഥാനത്തില്‍ 70 ലക്ഷം രൂപ ചെലവിട്ട് അടുത്തിടെ പുല്ലുവെച്ചു പിടിപ്പിക്കുകയും ചെയ്തു. മാനാഞ്ചിറ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കോര്‍പ്പറേഷന്‍ മേയര്‍ പറയുന്നത് ഈഗോയോ മുന്‍വിധിയോ കൊണ്ടാണെന്ന് നഗരവാസികളൊന്നും കരുതുന്നില്ല. മാത്രമല്ല ഇവിടെ പ്രധാനവേദിയാക്കിയാല്‍ നഗരം വാഹനപ്പെരുക്കത്താല്‍ വീര്‍പ്പുമുട്ടുകയും ചെയ്യും. മിക്ക സ്‌കൂളുകളും വിശിഷ്യ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ സ്വന്തം വാഹനങ്ങളിലാണ് മത്സരാര്‍ഥികളെ കൊണ്ടുവരുന്നത്. മക്കളെ കാറില്‍ എത്തിക്കുന്ന രക്ഷിതാക്കളുമുണ്ട്. ഈ വാഹനങ്ങളൊക്കെ എവിടെ പാര്‍ക്കുചെയ്യും എന്നതു മാത്രമല്ല പ്രശ്‌നം. ഇപ്പോള്‍ തന്നെ നിരന്തരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കോഴിക്കോട്ട് അതും മാനാഞ്ചിറയുടെ പരിസരത്ത് എന്താവും സ്ഥിതി? മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനും പരസഹസ്രം കാണികള്‍ക്ക് അവ ആസ്വദിക്കാനും സാധിക്കാത്ത സ്ഥിതിവരും. മാനാഞ്ചിറ സ്‌ക്വയറിനു പകരം സ്വപ്‌നനഗരിയോ ബീച്ചിലെ മറ്റൈന്‍ ഗ്രൗണ്ടോ ക്രിസ്ത്യന്‍ കൊളെജ് ഗ്രൗണ്ടോ പ്രധാനവേദിയാക്കിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് കുറെയൊക്കെ പരിഹാരമാവും. ഇതുപക്ഷെ മേളയുടെ നടത്തിപ്പിനു ചെറിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കും. കലോത്സവത്തിന്റെ സംഘാടനത്തിനു ഇനി 50 ദിവസം പോലും ബാക്കിയില്ല. ഒരു വര്‍ഷം മുമ്ബേ തുടങ്ങേണ്ട ഒരുക്കങ്ങളാണ് കുറഞ്ഞദിവസംകൊണ്ട് പൂര്‍ത്തിയാക്കേണ്ടത്. പ്രഖ്യാപിച്ച ഉടന്‍ തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ല. ഏറ്റവും പ്രധാനം ജില്ലാ ഭരണകൂടത്തെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിക്കുക എന്നതു തന്നെയാണ്. ഐ എ എസ് തലത്തിലുള്ള ഉദ്യോഗസ്ഥന്മാരുടെ നേതൃത്വവും ഇതിനാവശ്യമാണ്. മന്ത്രി എം കെ മുനീറിനു കലോത്സവ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്നതിനു വേണ്ടിയാണ് മാനാഞ്ചിറ സ്‌ക്വയര്‍ തന്നെ പ്രധാനവേദിയാക്കുന്നതെന്ന ആക്ഷേപം പക്ഷെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയേണ്ടിവരും. മേളക്ക് വര്‍ണപ്പൊലിമ പകരാന്‍ സാധിക്കുമെന്നതായിരിക്കാം മാനാഞ്ചിറ തെരഞ്ഞെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇനി സ്വപ്‌നനഗരിയായാലും മുനീര്‍ തന്നെ തലപ്പത്ത് തുടരട്ടെയെന്ന് ബന്ധപ്പെട്ട എം എല്‍ എ എ പ്രദീപ്കുമാര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം കളിച്ച് രാജ്യത്തെ ഏറ്റവും വലിയ കലാമേളയെ കുളമാക്കാതിരിക്കാന്‍ എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. കലോത്സവത്തിലെ സംഘാടകസമിതികളില്‍ കയറിപ്പറ്റാനുള്ള കടിപിടി ശക്തമായി തുടരുന്നുവരോടും അതു തന്നെയാണ് അഭ്യര്‍ഥിക്കാനുള്ളത്.
Varthamanam Daily

