By Malakkallu Express:November 21, 2014
പൈതൃകപട്ടിക: ഇരട്ട സഹോദരിമാര്‍ യുനെസ്‌കോ അസംബ്ലിയിലേക്ക്
തൃക്കരിപ്പൂര്‍: യുനെസ്‌കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കലാരൂപങ്ങളെ തെരഞ്ഞെടുക്കാനുള്ള ഒമ്ബതാം ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിറ്റിയിലേക്ക് ഇരട്ട സഹോദരിമാരായ ആരതിയേയും ആതിരയേയും തെരഞ്ഞെടുത്തു. നവംബര്‍ 24 മുതല്‍ 28 വരെ പാരീസിലെ യുനസ്‌കോ ആസ്ഥാനത്താണ് യോഗം ചേരുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പൈതൃകപട്ടിക പരിശോധിച്ച് യുനസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കമ്മിറ്റി ചേരുന്നത്. യുനെസ്‌കോ അംഗീകാരമുള്ള തൃക്കരിപ്പൂര്‍ ഫോക്‌ലാന്റില്‍ നിന്നുള്ളവരാണ് ഈ ഇരട്ട സഹോദരികള്‍. ഫോക് ഡാന്‍സും മോഹിനിയാട്ടവും അഭ്യസിച്ച ആരതിയും ആതിരയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കൂടാതെ സ്വിറ്റ്‌സര്‍ലാന്റിലും ജനീവയിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍ ഇളമ്ബച്ചിയിലെ ഡോ വി ജയരാന്റെയും സാരഞ്ജിനിയുടെയും മക്കളായ ഇവര്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ എം.എ വിദ്യാര്‍ഥിനികളാണ്.

