By Malakkallu Express:November 21, 2014
അവഗണന മാത്രം സഹിച്ച് ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍
ഉദുമ: ബേക്കല്‍ കോട്ടയിലും പള്ളിക്കര ബീച്ച് പാര്‍ക്കിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തുന്ന നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്നു. പഴയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയിട്ടും അധികൃതരുടെ ശ്രദ്ധ അതില്‍ പതിഞ്ഞിട്ടില്ല. ഈ സ്റ്റേഷന്‍ വികസനത്തിന്റെ ചൂളം വിളി കാത്തിരിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ടൂറിസം വികസനത്തിനു ഏറെ ഉപയോഗപ്പെടുത്താവുന്ന സ്റ്റേഷനാണ് ഈ അവഗണന. 1906 ല്‍ സ്ഥാപിച്ച ജില്ലയിലെ ആദ്യ റെയില്‍വേ സ്റ്റേഷനായ പള്ളിക്കര റെയില്‍വേ സ്റ്റേഷന്‍ പിന്നീട് പേരു മാറ്റി ബേക്കല്‍ ഫോര്‍ട്ട് എന്നാക്കുകയായിരുന്നു. ആദ്യ കാലത്ത് 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ ഗേറ്റും സിഗ്നല്‍ സംവിധാനങ്ങളും സ്റ്റേഷന്‍ മാസ്റ്ററും ക്ലര്‍ക്കും ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഇപ്പോള്‍ ഒരു ക്ലര്‍ക്കില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. പാസഞ്ചറുകള്‍ക്കു പുറമെ മലബാര്‍ എക്‌സ്പ്രസ്സിനു മാത്രമാണ് ഇപ്പോഴിവിടെ സ്റ്റോപ്പുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ പാടെ തഴഞ്ഞ ഈ റെയില്‍വേസ്റ്റേഷനില്‍ വെയിലത്തും മഴയത്തുമാണ് യാത്രക്കാര്‍ ട്രെയിനുകളെ കാത്തിരിക്കുന്നത്. യാത്രക്കാര്‍ക്കു പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യംങ്ങള്‍ പോലും ഇവിടെ വേണ്ടത്രയില്ല. കുടിവെള്ളത്തിനു പോലും 300 മീറ്റര്‍ അകലെയുള്ള കടകളെ ആശ്രയിക്കേണ്ട ഗതികേടാണ്. ഇരിപ്പിടമോ മറ്റു സൗകര്യങ്ങളോ തീരെയില്ല. രണ്ടാം പ്ലാറ്റ്‌ഫോമിനു തീരെ ഉയരമില്ലാത്തതിനാല്‍ പ്രായമായവരും കുട്ടികളും ട്രെയിനില്‍ കയറാന്‍ ഏറെ ബുദ്ധിമുട്ടുന്നു. രാവിലെയും വൈകുന്നേരവും മാത്രമേ ഇപ്പോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കാറുള്ളൂ. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനോടു കാട്ടുന്ന കടുത്ത വിവേചനത്തിനെതിരേ പലപ്പോഴും നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രംഗത്ത് വന്നിരുന്നെങ്കിലും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി അധികൃതര്‍ അവരെ പിന്തിരിപ്പിക്കുകയായിരുന്നു. പുതുതായി സ്ഥാപിച്ച റെയില്‍വേ സ്റ്റേഷനില്‍ തന്നെ യാത്രക്കാര്‍ക്കു വിശ്രമ സങ്കേതമൊരുക്കാനും രണ്ടാം നമ്ബര്‍ പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടാനും ചെന്നെ മെയില്‍, എഗ്മോര്‍ തുടങ്ങിയ ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കാനും അടിയന്തിരമായി കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും യാത്രക്കാരും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്

