
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അവരിലൂടെ മാതാപിതാക്കള്‍ക്കും ഓഹരിവിപണിയില്‍ താല്‍പ്പര്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഹെഡ്ജ് ഇക്വിറ്റീസ് പുറത്തിറക്കിയ ബുള്‍ ബാങ്കിന്‍റെ വിതണോദ്ഘാടനം ചോയ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിയ ജോസഫിന് ആദ്യ ബുള്‍ ബാങ്ക് നല്‍കി നടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. അമേരിക്കയിലെ ജനങ്ങളില്‍ 65 ശതമാനം പേരും ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്ബോള്‍ നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ കേവലം ഒരു ശതമാനം മാത്രമാണ് ഓഹരി നിക്ഷേപം നടത്തുന്നതെന്നു കേട്ടിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ പ്രവണത മാറണം. സമ്ബാദ്യശീലം പൊതുവില്‍ കുറഞ്ഞുവരുന്നതു കണക്കിലെടുത്താണു ചെറിയ സമ്ബാദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇങ്ങനെ ഒരാശയം രൂപപ്പെടുത്തിയതെന്നു ഹെഡ്ജ് ഇക്വിറ്റീസ് മാനെജിങ് ഡയറക്റ്റര്‍ അലക്സ് കെ. ബാബു പറഞ്ഞു. മാസം തോറും ചെറിയ തുകകള്‍ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനുകളെയാണ് (എസ്‌ഐപി) ഇവിടെ മാതൃകയാക്കുന്നത്. വന്‍കിട നിക്ഷേപകര്‍ക്കു മാത്രമുള്ളതാണ് ഓഹരിവിപണി എന്ന തെറ്റിദ്ധാരണയും നീക്കണം. ബുള്‍ ബാങ്കിലെ സമ്ബാദ്യം വിദ്യാര്‍ഥികള്‍ക്കു തെരഞ്ഞെടുക്കാവുന്നഓഹരികളില്‍ നിക്ഷേപിക്കാനാണു താല്‍പ്പര്യമെന്നും അലക്സ് കെ. ബാബു പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രക്ഷകര്‍ത്താവിന്‍റെ പേരില്‍ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കണം. ഇതിന്‍റെ നോമിനിയായി വിദ്യാര്‍ഥിയുടെ പേരു നല്‍കാം. തെരഞ്ഞെടുത്ത 200 സ്കൂളുകള്‍ വഴി ഒരു വര്‍ഷത്തിനുള്ളില്‍ 20,000 ബുള്‍ ബാങ്ക് സൗജന്യമായി വിതരണം ചെയ്യാനാണു ലക്ഷ്യം. സാധാരണയായി കുട്ടികളുടെ സമ്ബാദ്യത്തിന് പിഗ് ബാങ്കാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ടാണ് ബുള്‍ ബാങ്ക് എന്ന ആശയം രൂപപ്പെട്ടതെന്നും അലക്സ് ബാബു പറഞ്ഞു.