By Malakkallu Express:November 23, 2014
നോക്കിയ, നൊസ്റ്റാള്‍ജിയ
ഒരുകാലത്ത് മൊബൈല്‍ഫോണിന്റെ പര്യായമായിരുന്നു നോക്കിയ എന്ന ഫിന്നിഷ് കമ്ബനി. നോക്കിയ ഫോണുകള്‍ ഏവരും അഭിമാനത്തോടെ പോക്കറ്റില്‍ പേറി. കാലം മാറി, സ്മാര്‍ട്ട്‌ഫോണ്‍ യുഗം എത്തി. പുതുമകളും പുത്തന്‍ സങ്കേതങ്ങളുമൊരുക്കിയ ചുഴലിക്കാറ്റില്‍ മൊബൈല്‍ഫോണുകള്‍ അടിമുടി മാറി. നോക്കിയയ്ക്ക് ചുവടുതെറ്റിയത് അവിടെയാണ്. പുതിയ കാലത്തിനൊപ്പം അവര്‍ക്ക് ഓടിയെത്താനായില്ല. നിലനില്‍പ്പിനുള്ള അവസാനശ്രമമെന്ന നിലയ്ക്ക് 2011 ല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനായി മൈക്രോസോഫ്റ്റുമായി നോക്കിയ കൈകോര്‍ത്തു. അതും വലിയ സഹായം ചെയ്തില്ല. ഒടുവില്‍ നോക്കിയയുടെ ഫോണ്‍ വിഭാഗം കഴിഞ്ഞ ഏപ്രിലില്‍ മൈക്രോസോഫ്റ്റ് സ്വന്തമാക്കി. ഇപ്പോഴിതാ, ഇനി നോക്കിയ ഫോണ്‍ ഇല്ലയെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നു . നോക്കിയ ലൂമിയ എന്ന ഫോണ്‍പരമ്ബര ഇനി 'മൈക്രോസോഫ്റ്റ് ലൂമിയ' എന്നാകും അറിയപ്പെടുക. നോക്കിയ ചരിത്രത്തിന്റെ ഭാഗമാകുന്നു എന്നര്‍ഥം. നോക്കിയ എന്ന ബ്രാന്‍ഡിന്റെ തിരോധാനം പലര്‍ക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന വാര്‍ത്തയാണ്. കാരണം, മൊബൈല്‍ വിപണിയില്‍ ആദ്യകാലത്ത് വലിയ പരിഷ്‌ക്കരണങ്ങളും നവീനതയും കൊണ്ടുവന്ന കമ്ബനിയാണ്
നോക്കിയ. മൈബൈല്‍ ബ്രാന്‍ഡുകളില്‍നിന്ന് നോക്കിയ ഒഴിവാകുമെങ്കിലും മൊബൈലിന്റെ ചരിത്രത്തില്‍നിന്ന് നോക്കിയയ്ക്ക് പോകാനാകില്ല. മൊബൈലിന്റെ ചരിത്രത്തില്‍ നോക്കിയയുടെ ചില പാദമുദ്രകളാണ് ചുവടെ - 1. നോക്കിയ മൊബിര സെനറ്റര്‍ ( Nokia Mobira Senator ) ലോകത്തെ ആദ്യ കാര്‍ ഫോണ്‍ ആണ് 1982 ല്‍ നോക്കിയ പുറത്തിറക്കിയ മൊബിര സെനറ്റര്‍. ഏതാണ്ട് 10 കിലോഗ്രാം ആയിരുന്നു ഭാരം. 2. മൊബിര സിറ്റിമാന്‍ ( Mobira Cityman ) കൈയില്‍ പിടിച്ചുപയോഗിക്കാവുന്ന ആദ്യ നോക്കിയ മൊബൈല്‍ ഫോണ്‍ ആയിരുന്നു മൊബിര സിറ്റിമാന്‍. 1987 ലാണ് ഇത് നോക്കിയ അവതരിപ്പിച്ചത്. മൊബിര സിറ്റിമാന്‍ 900 മോഡലിന്റെ ഭാരം 800 ഗ്രാം ആയിരുന്നു, വില 5,456 ഡോളറും! അന്നത്തെ സോവിയറ്റ് നേതാവ് മിഖായല്‍ ഗോര്‍ബച്ചേവ് ഈ ഫോണ്‍ ഉപയോഗിക്കുന്ന ചിത്രം പുറത്തുവന്നതോടെ, ഇതിന് 'ഗോര്‍ബോ' എന്ന വിളിപ്പേരും കിട്ടി. 3. നോക്കിയ 1011 ( Nokia 1011 ) നോക്കിയയുടെ ആദ്യ ജി.എസ്.എം.ഡിജിറ്റല്‍ ഫോണ്‍ ആണ് 1992 ല്‍ പുറത്തിറക്കിയ നോക്കിയ 1011. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 90 മിനിറ്റ് ഉപയോഗിക്കാന്‍ പറ്റുന്ന ഉപകരണമായിരുന്നു ഇത്. 99 ഫോണ്‍ നമ്ബറുകള്‍ സേവ് ചെയ്ത് സൂക്ഷിക്കാനും സാധിക്കുമായിരുന്നു. എന്നാല്‍, ആധുനിക മൊബൈലുകളില്‍ കാണപ്പെടുന്ന നിറമോ, ക്യാമറയോ, ബ്ലൂടൂത്തോ ഒന്നും നോക്കിയ 1011 ല്‍ ഉണ്ടായിരുന്നില്ല. 4. നോക്കിയ 2110 ( Nokia 2110 ) നോക്കിയ 2100 ശ്രേണിയിലെ ഈ മോഡല്‍ 1994 ലാണ് നോക്കിയ അവതരിപ്പിച്ചത്. അഡ്രസ്സ് ബുക്ക്, മള്‍ട്ടിപ്പിള്‍ റിങ്‌ടോണ്‍, സ്‌നേക്ക് എന്ന ക്ലാസിക്കള്‍ ഗെയിമും ഉള്ള നോക്കിയ 2110 മോഡല്‍ വന്‍ ജനപ്രീതി നേടി. ലോകമെമ്ബാടും 200 ലക്ഷം ഫോണുകള്‍ വിറ്റഴിഞ്ഞു. 5. നോക്കിയ 9000 കമ്മ്യൂണിക്കേറ്റര്‍ ( Nokia 9000 Communicator ) 1996 ലാണ് 9000 കമ്മ്യൂണിക്കേറ്റര്‍ രംഗത്തെത്തിയത്. ഈമെയില്‍, വെബ്ബ്ബ്രൗസിങ്, ഫാക്‌സ്, വേഡ് പ്രോസസിങ്, സ്‌പ്രെഡ്ഷീറ്റ് ഫീച്ചറുകള്‍ തുടങ്ങിയവയൊക്കെയുള്ള മോഡലായിരുന്നു ഇത്. ബ്ലാക്ക്ബറി സ്മാര്‍ട്ട്‌ഫോണുകള്‍ രംഗത്തെത്തുന്നതിന് മുമ്ബായിരുന്നു ഇതെന്നോര്‍ക്കുക. 800 ഡോളറായിരുന്നു വില. പക്ഷേ, കാലത്തിന് മുമ്ബേയെത്തിയ ഒന്നായിപ്പോയി കമ്മ്യൂണിക്കേറ്റര്‍. അതിനാല്‍, വിപണിയില്‍ അതിന് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയില്ല. 1998 ല്‍ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാതാവ് നോക്കിയ ആയിരുന്നു. 6. നോക്കിയ 3210 ( Nokia 3210 ) നോക്കിയയുടെ സുവര്‍ണകാലത്ത് രംഗത്തെത്തിയ മോഡലാണ് നോക്കിയ 3210. ആറ് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമായ ഈ ഫോണില്‍ പിക്ച്ചര്‍ മെസേജിങ് സാധ്യമായിരുന്നു. അധികം റിങ്‌ടോണുകളും ലഭ്യമായിരുന്നു. നാലര മണിക്കൂര്‍ ആയിരുന്നു ഇതിന്റെ ടോക്ക് ടൈം. വലിയ ജനപ്രീതി നേടി ഇത്. ലോകമെങ്ങും 16 കോടി എണ്ണം വിറ്റ 3210 ആയിരുന്നു നോക്കിയയുടെ ചരിത്രത്തിലെ ഏറ്റവും വിജയിച്ച മോഡല്‍. 7. നോക്കിയ 6650 ( Nokia 6650 ) 2002 ല്‍ നോക്കിയ രംഗത്തെത്തിച്ച നോക്കിയ 6650 മോഡലായിരുന്നു ലോകത്തെ ആദ്യ 3ജി ഫോണ്‍. 8. നോക്കിയ 1100 ( Nokia 1100 ) വിലകുറഞ്ഞ മോഡലായിരുന്നു 2003 ല്‍ രംഗത്തെത്തിയ നോക്കിയ 1100. വെറും 136 ഡോളര്‍ മാത്രം വിലയുണ്ടായിരുന്ന ഈ മോഡല്‍, ലോകമെമ്ബാടും 20 കോടി എണ്ണം വിറ്റഴിഞ്ഞു. 9. എന്‍-ഗേജ് ( N-Gage ) ഗെയിമുകളെ പ്രണയിക്കുന്നവരെക്കൂടി മുന്നില്‍ കണ്ട് രൂപംനല്‍കിയ സെല്‍ഫോണ്‍ ആണ് 2003 ല്‍ രംഗത്തെത്തിയ എന്‍-ഗേജ്. 299 ഡോളര്‍ വിലയുണ്ടായിരുന്ന ഈ മോഡല്‍ 30 ലക്ഷം എണ്ണം വിറ്റു. 2007 ല്‍ നോക്കിയയ്ക്ക് ഇരട്ട തിരിച്ചടി നേരിട്ടു. ബാറ്ററി തകരാര്‍ മൂലം 460 ലക്ഷം ഫോണുകള്‍ കമ്ബനിക്ക് തിരിച്ചുവിളിക്കേണ്ടിവന്നു. ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചു. നോക്കിയയുടെ കൈയില്‍നിന്ന് മൊബൈല്‍ വിപണി നഷ്ടപ്പെട്ടത് ഐഫോണിന്റെ വരവോടെയാണ്. 10. 5800 എക്‌സ്പ്രസ്സ് മ്യൂസിക് ( 5800 Xpress Music ) 2008 ല്‍ പുറത്തിറക്കിയ ഈ മോഡല്‍ നോക്കിയയുടെ ആദ്യ പൂര്‍ണടച്ച് സ്മാര്‍ട്ട്‌ഫോണ്‍ ആയിരുന്നു. പക്ഷേ, അപ്പോഴേക്കും ഐഫോണും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡും രംഗം കൈയടക്കാന്‍ തുടങ്ങിയിരുന്നു. രണ്ടുവര്‍ഷത്തിനകം നോക്കിയ 3,500 ജീവനക്കാരെ പിരിച്ചുവിട്ടു. വില്‍പ്പനയില്‍ വലിയ തിരിച്ചടി നേരിട്ടു. 11. നോക്കിയ ലൂമിയ 800 ( Nokia Lumia 800 ) 2011 ല്‍ നോക്കിയ ആദ്യ വിന്‍ഡോസ് ഫോണ്‍ പുറത്തിറക്കി. ലൂമിയ 800 ആയിരുന്നു ആ മോഡല്‍. മൈക്രോസോഫ്റ്റുമായി സഹകരിച്ച് ആദ്യമിറങ്ങിയ നോക്കിയ ഫോണ്‍ ആയിരുന്നു ഇത്. (കടപ്പാട് : മാഷബിള്‍)

