Headlines
By Malakkallu Express:November 23, 2014

ആള്‍ദൈവങ്ങളെ അടക്കി നിര്‍ത്തണം

ഇന്ത്യയില്‍ ആള്‍ദൈവങ്ങളെ ചൊല്ലി ഇടയ്‌ക്കിടെ വിവാദങ്ങളുണ്ടാകാറുണ്ട്‌. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരം ധാരാളം സംഭവങ്ങള്‍ കണ്ടെത്താനാകും. മത-പൗരോഹിത്യത്തിന്‍റെ മറയ്‌ക്കുപിന്നില്‍ സ്വത്തു സന്പാദനവും ക്രിമിനല്‍ പ്രവൃത്തികളുമായി വാണരുളുന്ന ഇത്തരക്കാര്‍ അധികാരകേന്ദ്രങ്ങളില്‍ നേടിയെടുക്കുന്ന സ്വാധീനത്തിന്‍റെ ബലത്തില്‍ ചെയ്‌തു കൂട്ടുന്ന ദുഷ്‌പ്രവൃത്തികള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്‌. ദശകങ്ങള്‍ക്ക്‌ മുന്‍പ്‌ ഡല്‍ഹിയില്‍ വാണിരുന്ന ഇത്തരം ഒരു സന്യാസഗുരുവായിരുന്നു ധീരേന്ദ്ര ബ്രഹ്‌മചാരി. ന്യൂഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളുടെ അകത്തളങ്ങളില്‍ ധീരേന്ദ്ര നേടിയെടുത്ത സ്വാധീനം വളരെ വലുതായിരുന്നു. ദുരൂഹമായ ജീവിതം നയിച്ചയാളായിരുന്നു അദ്ദേഹം. അനവധി യോഗാശ്രമങ്ങള്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്‌ ആയുധക്കന്പനികളിലും പങ്കാളിത്തമുണ്ടായിരുന്നു. ധാരാളം സ്‌ഥലങ്ങളില്‍ സ്വത്ത്‌ വാരിക്കൂട്ടി. പിന്നീട്‌ അവയെല്ലാം അനധികൃതമായി സന്പാദിച്ചതാണെന്നു തെളിഞ്ഞു. ഇന്ദിരാഗാന്ധിയുടെ ഭരണകൂടത്തോട്‌ അടുത്തു നിന്നായിരുന്നു ധീരേന്ദ്ര ഈ സ്വത്തുസന്പാദനവും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും നടത്തിയത്‌. 20 വര്‍ഷം മുന്‍പ്‌ അദ്ദേഹത്തിന്‍റെ


മരണത്തിനിടയാക്കിയ വിമാനാപകടത്തിന്‍റെ പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ധീരേന്ദ്ര ബ്രഹ്‌മചാരിക്കു ശേഷം ചന്ദ്രസ്വാമിയായിരുന്നു അധികാരത്തിന്‍റെ അകത്തളങ്ങളില്‍ അവിശ്വസനീയ സ്വാധീനവുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്‌. അടുത്തകാലത്ത്‌ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന വിവാദ ആള്‍ദൈവമായിരുന്നു ആശാറാം ബാപു. സ്‌ഥലം ൈകയേറ്റം, കൂട്ടബലാല്‍സംഗം, ലൈംഗിക പീഡനം, കൊലപാതകം എന്നിങ്ങനെ നിരവധി കേസുകളാണ്‌ അറസ്‌റ്റിലാകുന്പോള്‍ ആശാറാമിന്‌ എതിരേ ഉണ്ടായിരുന്നത്‌. ആ ഗണത്തില്‍ പുതുതായി ഉള്‍പ്പെട്ടിരിക്കുകയാണ്‌ ഹരിയാനയിലെ ആള്‍ദൈവമായ രാം പാല്‍. ഹരിയാനയില്‍ ജൂനിയര്‍ എന്‍ജിനിയര്‍ ആയിരിക്കെ തൊഴിലില്‍ മികവില്ലാത്തതിനു പിരിച്ചുവിടപ്പെട്ടയാളാണ്‌ രാം പാല്‍. തങ്ങളുടെ ദുരിതം മാറ്റാത്ത ഒരു ദൈവത്തെയും ആരാധിക്കേണ്ടെന്ന ആഹ്വാനത്തോടെ സാധാരണ ജനങ്ങളെ കൈയിലെടുക്കുന്ന രാം പാലിനെയാണ്‌ പിന്നീട്‌ കാണാനായത്‌. അയാള്‍ ജനസമ്മതനായി മാറിയത്‌ വളരെ പെട്ടെന്നായിരുന്നു. പാവങ്ങളുടെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം രാം പാലിന്‍റെ വളര്‍ച്ചയും വളരെ വേഗമായിരുന്നു. വിശ്വാസികളെ പോലെ തന്നെ വിശ്വസ്‌തരായ അനുചരവൃന്ദത്തെയും രാം പാല്‍ വളര്‍ത്തിയെടുത്തു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഒത്താശയും രാം പാലിനു വേണ്ടുവോളമുണ്ടായിരുന്നു. വോട്ടുബാങ്കില്‍ മാത്രം കണ്ണു നട്ട രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക്‌ രാം പാലിന്‌ ഒപ്പമുള്ള അനുയായികള്‍ അധികാരത്തിലേക്കുള്ള കുറുക്കുവഴി കൂടിയായിരുന്നു. മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ്‌ ഹൂഡയുടെ ഭാര്യ ആശയെ പോലുള്ള അനുയായികള്‍ ഇത്തരം ബന്ധങ്ങള്‍ക്ക്‌ കരുത്തേകി. ഇങ്ങനെ വളര്‍ന്ന രാം പാല്‍ എട്ടു വര്‍ഷം മുന്‍പാണ്‌ തനിനിറം കാട്ടിയത്‌. മറ്റൊരു വിശ്വാസ സംഘവുമായി രാം പാലിന്‍റെ അനുയായികള്‍ നടത്തിയ സംഘട്ടനം എതിര്‍ചേരിയിലെ ഒരാളുടെ മരണത്തിനാണിടയാക്കിയത്‌. കഴിഞ്ഞ ജൂലൈയില്‍ കോടതിയില്‍ ഹാജരാകാന്‍ രാം പാല്‍ പോയപ്പോള്‍ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തിന്‍റെ പേരിലാണ്‌ ഇപ്പോള്‍ അയാളെ അറസ്‌റ്റ്‌ ചെയ്യാന്‍ ശ്രമം നടക്കുന്നത്‌. കീഴടങ്ങാനുള്ള കോടതിയുടെ നിര്‍ദേശം തള്ളിക്കളയാന്‍ മാത്രം ഇയാള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ധാരാളം പരാതികളുണ്ടായിട്ടും അതൊന്നും അന്വേഷിക്കാതെ പടര്‍ന്നു പന്തലിക്കാന്‍ ഇയാളെ അനുവദിച്ച സര്‍ക്കാര്‍ കോടതി ഉത്തരവു പാലിക്കാനോ അറസ്‌റ്റ്‌ നടത്താനോ സാധിക്കാതെ വിഷമിച്ചപ്പോള്‍ അനുയായികളുടെയും ഗുണ്ടകളുടെയും മധ്യത്തിലായിരുന്നു രാം പാല്‍. അയാളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനിടയില്‍ ആറു നിരപരാധികള്‍ക്കാണ്‌ ജീവന്‍ നഷ്‌ടമായത്‌. രാം പാലിന്‍റെ ആശ്രമം സ്‌ഥിതിചെയ്യുന്ന ഹിസാറില്‍ ഇപ്പോള്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്‌. ദിവസങ്ങള്‍ നീണ്ട പോലീസ്‌ നടപടിക്കൊടുവിലാണ്‌ രാംപാലിനെ അറസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞത്‌. ഇന്ത്യയില്‍ അനേകര്‍ക്ക്‌ വഴികാട്ടികളായി പ്രവര്‍ത്തിക്കുന്ന ധാരാളം ഗുരുക്കന്മാരുണ്ട്‌. സമൂഹത്തിനും തന്നില്‍ വിശ്വാസം അര്‍പിക്കുന്നവര്‍ക്കും നല്ല സന്ദേശം പകര്‍ന്നു നല്‍കുന്നവര്‍. ഇവരുടെ പേരു കളങ്കപ്പെടുത്തുകയാണ്‌ രാം പാലിനെ പോലുള്ള മനുഷ്യ ദൈവങ്ങളുടേ ചെയ്‌തികള്‍. ഇത്തരക്കാര്‍ വളരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ ഭരണകൂടമാണ്‌. ദുരൂഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്ന ദൈവവേഷക്കാരെ അടക്കിനിര്‍ത്താന്‍ സര്‍ക്കാരുകള്‍ അമാന്തിച്ചുകൂടാ.
source-mangalam editorial

Filed under .

0 comments for "ആള്‍ദൈവങ്ങളെ അടക്കി നിര്‍ത്തണം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas