Headlines
By Malakkallu Express:November 15, 2014

ട്രാക്‌സ്യൂട്ടും ജഴ്‌സിയും ഇക്കുറിയും ഇല്ല; അനാഥരെപ്പോലെ സംസ്ഥാനമത്സരത്തിന് കാസര്‍കോട്

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മറ്റ് ജില്ലയില്‍നിന്നുള്ള കായിക താരങ്ങള്‍ ട്രാക്‌സ്യൂട്ടിലും ജഴ്‌സിയിലും അണിനിരക്കുമ്പോള്‍ കാസര്‍കോടിന്റെ കുട്ടികള്‍ക്ക് ഇക്കുറിയും സങ്കടത്തോടെ തലതാഴ്‌ത്തേണ്ടിവരും. കാസര്‍കോടിന്റെ താരങ്ങള്‍ക്ക് ഇവ വാങ്ങാന്‍ അധികൃതര്‍ പണം വകയിരുത്താത്തതിനാലാണിത്. എറണാകുളത്ത് 20-ന് തുടങ്ങുന്ന കായികമേളയില്‍ ജില്ലയില്‍നിന്നുള്ള താരങ്ങള്‍ സ്വന്തം ചെലവില്‍ ഒരുക്കുന്ന പരിമിതമായ സൗകര്യങ്ങളുമായായിരിക്കും മത്സരിക്കേണ്ടിവരിക.
കായികതാരങ്ങളെ നാഥനില്ലാത്ത നിലയില്‍ മത്സരത്തിനിറക്കുന്നതിനെതിരെ നേരത്തേതന്നെ പ്രതിഷേധം ഉയര്‍ന്നതാണ്. എന്നാല്‍, താരങ്ങള്‍ക്ക് ജഴ്‌സി വാങ്ങാനുള്ള പദ്ധതിക്ക് അംഗീകാരം കിട്ടുന്നില്ലെന്നും അതിനാല്‍ അക്കാര്യം ഇക്കുറിയും പദ്ധതി തയ്യാറാക്കുമ്പോള്‍ ആലോചിച്ചില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി പറഞ്ഞു.
ക്ലസ്റ്റര്‍ ഗെയിംസിന്റെ ഭാഗമായി ഇക്കുറി കാസര്‍കോട്ട് ക്രിക്കറ്റ്, വോളിബോള്‍, ലോണ്‍ ടെന്നീസ്, ചെസ്സ്, ഷട്ടില്‍, ബോള്‍ ബാഡ്മിന്റണ്‍ എന്നിവ നടത്തുന്നുണ്ട്. വോളിയില്‍ കാസര്‍കോട് ടീം മത്സരിക്കാന്‍ അര്‍ഹത നേടിയിട്ടുണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്. അവര്‍ക്ക് ജഴ്‌സി വാങ്ങുന്നതിനും പരിശീലനം നല്‍കുന്നതിനും അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
ജില്ലാ സ്‌കൂള്‍ കായികമേള നടത്തിപ്പിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സഹകരിക്കുന്നില്ലെന്ന പരാതിയും മൈതാനത്ത് ഉയര്‍ന്നുകേട്ടു.
source-http://www.mathrubhumi.com/

Filed under .

0 comments for "ട്രാക്‌സ്യൂട്ടും ജഴ്‌സിയും ഇക്കുറിയും ഇല്ല; അനാഥരെപ്പോലെ സംസ്ഥാനമത്സരത്തിന് കാസര്‍കോട്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas