By Malakkallu Express:November 22, 2014
അന്‍ഡ്രോയ്ഡ് ടാബ്‌ലെറ്റുമായി വിപണിയില്‍ തിരിച്ചെത്താന്‍ നോക്കിയ
നോക്കിയ എന്ന പേര് ടെക് ലോകത്തു നിന്നു മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന സമയമാണിത്.
മൈക്രോസോഫ്റ്റുമായി നടത്തിയ വില്‍പ്പനയോടെ നോക്കിയ യുഗം തന്നെ അവസാനിച്ചുവെന്നു കരുതിയവരും ഏറെ. എന്നാല്‍ ഇന്ന് നോക്കിയ അവരുടെ ട്വിറ്റര്‍ പേജില്‍ നടത്തിയ ട്വീറ്റ് സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി ഒരു അന്‍ഡ്രോയ്ഡ് ടാബ്‌ലെറ്റുമായി എത്തിയിരിക്കുകയാണ് നോക്കിയ. എന്‍ 1 എന്നാണ് നോക്കിയ അവരുടെ അന്‍ഡ്രോയ്ഡ് ടാബിനു നല്‍കിയിരിക്കുന്ന പേര്. മൈക്രോസോഫ്റ്റുമായുള്ള കരാര്‍ പ്രകാരം 2016വരെ നോക്കിയ്ക്കിനി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പ്രവേശിക്കാനാവില്ല. അതാവും പുതിയ ടാബുമായി പരീക്ഷിക്കാന്‍ നോക്കിയയെ പ്രേരിപ്പിച്ചത്. ഒറ്റ നോട്ടത്തില്‍ ഐ പാഡ് മിനിയുടെ അതേ സാദൃശ്യമാണ് എന്‍ 1നും. ഐ പാഡ് മിനിയുടേതിനു സമാനമായി 7.9 ഇഞ്ച് സ്‌ക്രീനും 2048x 1536 റെസല്യൂഷനുമാണുള്ളത്. ഏറ്റവും പുതിയ അന്‍ഡ്രോയ്ഡ് വേര്‍ഷനായ ലോലിപോപ്പാണ് ഈ ടാബ്‌ലെറ്റിലുള്ളത്. 2.3 ജിഗാ ഹെര്‍ട്‌സ് ഇന്റല്‍ ആറ്റം പ്രൊസ്സസറിനൊപ്പം 2 ജി.ബി റാമും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ടാബിന്റെ വേഗതയേയും പ്രവര്‍ത്തന ക്ഷമതയേയും കുറിച്ചുആകുലപ്പെടേണ്ട കാര്യമില്ല. ഇപ്പോഴിറങ്ങുന്ന ടാബുകളിലെ ക്യാമറ അത്ര പോരെന്ന് മിക്കവര്‍ക്കും പരാതിയുണ്ട്. അതിനും നോക്കിയ എന്‍ 1 പരിഹാരമുണ്ടാക്കിയിട്ടുണ്ട്. പിന്നില്‍ 8 മെഗാ പിക്‌സലും മുന്നില്‍ 5 മെഗാപിക്‌സല്‍ കാമറയുമാണ് നല്‍കിയിട്ടുള്ളത്. വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്.5300 എം.എ.എച്ച് ബാറ്ററിയുടെ കരുത്തു ചോരാന്‍ പ്രയാസവുമാണ്. ഈ ടാബില്‍ ഇന്റേണല്‍ മെമ്മറി മാത്രമേയുള്ളൂ. 32 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. ഇവയ്‌ക്കെല്ലാം പുറമേ നോക്കിയ നേരത്തെ അവതരിപ്പിച്ച സെഡ് ലോഞ്ചര്‍ സംവിധാനവും ഇതിലുണ്ടാകും. ഈ ടാബലെറ്റ് ആദ്യം ചൈനയിലാണ് ലഭ്യമാകുകയെന്നാണ് നോക്കിയ അറിയിച്ചത്. 249 ഡോളറാണ് ചൈനയിലെ വില. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലേക്കും ഉടന്‍ തന്നെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

