By Malakkallu Express:November 30, 2014
ജീവിതം തന്നെ സിനിമ
സൗമ്യവും മൃദുലവുമാണ് വിനീത് ശ്രീനിവാസന്റെ സംഭാഷണവും സമീപനവും. ചെറിയ വാക്കുകള്‍, വളരെ സാവധാനം പക്ഷേ തീര്‍ക്കുന്നത് ആശയങ്ങളുടെ വലിയ ലോകം. ശാന്തമായ മനസുകളില്‍ നിന്നാണ് വിസ്ഫോടനാത്മകമായ സിനിമകള്‍ ഉണ്ടാകുന്നതെന്നതിന്ലോകപ്രശസ്തരായ പല സിനിമാക്കാരും ഉദാഹരണമാണ്. ആ വഴിയേ നടക്കുന്ന വിനീത് സംസാരിക്കുന്നു. ''രണ്ട് തരം സിനിമകളാണ് എന്നിലെ പ്രേക്ഷകന് ഇഷ്ടം. ഒന്ന് വളരെ തരളവും മൃദുവുമായ സിനിമകള്‍. അവ നമ്മളെ അതിലേക്ക് പിടിച്ചാഴ്ത്തും. അനന്യസൗന്ദര്യമുള്ള, പ്രണയം നിറഞ്ഞ, ഭാവനയുടെ കാണാത്ത കടല്‍ത്തീരങ്ങളിലേക്ക് നമ്മളെ കൈപിടിച്ച് കൂട്ടിക്കൊണ്ട് പോകുന്ന സിനിമകള്‍. ആ സിനിമകള്‍ ഒരു വട്ടം കണ്ടാല്‍ മതി, മനസിന്റെ കുടാരത്തില്‍ എന്നെന്നേക്കുമായി അവ കയറിപ്പറ്റിയിട്ടുണ്ടാവും. ഉദാഹരണം പറയാനാണെങ്കില്‍ ഒത്തിരിയുണ്ട്. ഞാനേറ്റവുമധികം പറഞ്ഞുകേട്ടിട്ടുളള ഉദാഹരണം മലയാളത്തില്‍ തൂവാനത്തുമ്ബികളാണ്. രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നത് ത്രില്ലറുകളാണ്. സിനിമയ്ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ഉദ്വേഗതയാണ് ത്രില്ലറുകളുടെ മെച്ചം. ത്രില്ലടിപ്പിച്ച് കൊല്ലുന്ന എത്രയോ സിനിമകളുണ്ട്. സെന്‍സിബിളായ ഒരു ഫിലിമേക്കര്‍ക്ക് മാത്രമാണ്നല്ല ത്രില്ലറുകള്‍ ഉണ്ടാക്കാന്‍ പറ്റുന്നത്. ലോകത്തിലെ എല്ലാ മികച്ച സിനിമകളിലും ത്രില്ലറിന്റെ അംശങ്ങളുണ്ടെന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല. റാഷമോണ്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം.'' കുട്ടിക്കാലം മുതലേ വിനീത് മലയാളസിനിമകള്‍ കണ്ടിരുന്നു. ചെന്നൈയില്‍ പഠിക്കുമ്ബോള്‍ വഴികളെല്ലാം ഡി.വി.ഡി ഷോപ്പുകളിലേക്കായിരുന്നു.പ്ലസ് വണ്ണിലായിരിക്കുമ്ബോഴാണ് ഗൗരവമായി സിനിമകള്‍ കാണുന്ന ഒരു പ്രേക്ഷകന്‍ എന്നില്‍ രൂപപ്പെടുന്നതിന്റെ തുടക്കം. അന്ന് ചെന്നൈയില്‍ കോയമ്ബത്തൂരായിരുന്നു താമസം. കോയമ്ബേടില്‍ നിന്ന് മയിലാപ്പൂരിലേക്ക് അമ്ബത് മിനിട്ട് ബസ് യാത്രയുണ്ട്. പിന്നെ ആള്‍വാര്‍പേട്ട്. ഇവിടെ രണ്ടിടത്ത് നിന്നുമാണ് ഡി.വി.ഡികള്‍ ശേഖരിക്കുക. ഞാനങ്ങനെ പലഭാഷകളിലുളള സിനിമകള്‍ ആര്‍ത്തിയോടെ കാണുന്നത് കണ്ട് ഒരു ദിവസം അച്ഛന്‍ എന്നോട് പറഞ്ഞത് സീരിയസായി സിനിമകള്‍ കാണാന്‍ തുടങ്ങിയെങ്കില്‍ സിനിമാപാരഡൈസോ, ഗുഡ് ബാഡ് അഗ്ളി, ലോറന്‍സ് ഒഫ് അറേബ്യ എന്നീ ചിത്രങ്ങള്‍ കാണണമെന്നാണ്. എന്റെ കാഴ്ചാശീലങ്ങളെ മാറ്റി മറിച്ച സിനിമകളായിരുന്നു ഇവയെന്ന് പറയാം. 'ദില്‍ ചാഹ്താ ഹേ' കണ്ടതിന് ശേഷമാണ് ഒരു സിനിമയെടുക്കണമെന്ന് ഞാന്‍ മനസിലുറപ്പിച്ചത്. ചെന്നൈയിലെ സത്യം സിനിമാകോംപ്ലക്സിലെ സ്റ്റുഡിയോ ഫൈവ് എന്ന കൊച്ചുതിയേറ്ററിലാണ് സിനിമ കണ്ടത്. അന്ന് ലഗാനൊക്കെ റിലീസായ സമയമാണ്. അമീര്‍ഖാനോടുള്ള ആരാധന ഉളളിലങ്ങനെ കത്തി നില്‍ക്കുകയാണ്. ആ സിനിമ ടൈറ്റില്‍സ് മുതല്‍ എന്നെ കയറിപ്പിടിച്ചു കളഞ്ഞു. അതിന്റെ സംഗീതം, സിങ്ക് സൗണ്ട് ഇതൊക്കെ എന്നെ വിസ്മയിപ്പിച്ചു. അതിലെ നായകന്‍മാരൊക്കെ ഒരു സാധാരണ ടീഷര്‍ട്ടൊക്കെയിട്ട് തിരശീലയില്‍ വന്ന് പെരുമാറുകയാണ്. എങ്ങനെയാണിതെന്ന് അന്നൊന്നും മനസിലായില്ല. ആ സിനിമയുണ്ടാക്കിയ പോലൊരു സ്വാധീനം പിന്നീട് മറ്റൊരു സിനിമയും ഉണ്ടാക്കിയിട്ടില്ല. കുറേക്കാലം കഴിഞ്ഞപ്പോള്‍ അതിന്റെ തിരക്കഥ എഴുതിയിരിക്കുന്ന രീതിയെപ്പറ്റി ഞാന്‍ ചിന്തിച്ചു. മലയാളത്തിലെനിക്ക് ഏറെ ഇഷ്ടമുളള ഫിലിം മേക്കര്‍മാരിലൊരാളായിരുന്നു വേണുനാഗവളളി. 'സര്‍വകലാശാല'യും 'സുഖമോദേവി'യുമൊക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രങ്ങളുമാണ്. കഥ പറയുന്ന രീതിയെ പൊളിച്ചാണ് വേണുനാഗവളളി ഓരോ തിരക്കഥയും എഴുതിയിരിക്കുന്നത്. ഇതിനേക്കാളൊക്കെമുമ്ബേ ഞാന്‍ മലയാള സിനിമകള്‍ കണ്ടു തുടങ്ങി. കുട്ടിക്കാലം മുതലേ കണ്ടത് മലയാളം സിനിമകള്‍ തന്നെയാണ്. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളസിനിമകള്‍ എനിക്ക് ഫേവറിറ്റാണ്. ആദ്യമൊക്കെ കുടുംബത്തോടൊപ്പമാണ് സിനിമകള്‍ കാണാന്‍ പൊയ്ക്കൊണ്ടിരുന്നത്. അമ്മയും അമ്മൂമ്മയും അനുജനുമാണ് സംഘത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്. കുറച്ചുകൂടി മുതിര്‍ന്നതിന് ശേഷമാണ് സുഹൃത്തുക്കള്‍ക്കൊപ്പം തിയേറ്ററുകളില്‍ പോയിത്തുടങ്ങിയത്. നാടോടിക്കാറ്റ് അടക്കമുളള സിനിമകള്‍ തലശേരിയില്‍ നിന്നാണ് കണ്ടത്. അച്ഛന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളില്‍ പലതും തലശേരിയിലാണ് കണ്ടത് . ആദ്യകാഴ്ചയിലതിന്റെ ഹ്യൂമറൊന്നുമങ്ങോട്ട് ശരിയായി ആസ്വദിക്കാന്‍ പറ്റിയിരുന്നില്ലെങ്കിലും ഇപ്പോഴാസിനിമ ശരിക്കും മനസിലാകുന്നുണ്ട്. പത്മരാജന്‍ സാറിന്റെ സിനിമകളും തിയേറ്ററിലാണ് കണ്ടത്. സന്ദേശം, സര്‍വകലാശാല, ഇന്നലെ, ചിന്താവിഷ്ടയായ ശ്യാമള ഇങ്ങനെ പോകും എന്റെ ഇഷ്ടചിത്രങ്ങളുടെ പേരുകള്‍. സിനിമയെക്കുറിച്ച് പറയുമ്ബോള്‍ ജീവിതം തന്നെയാവണം എന്നും സിനിമ കെട്ടിപ്പൊക്കേണ്ട അടിസ്ഥാനമെന്നാണ് എനിക്ക് തോന്നുന്നത്.
kaumudi

