
നീലേശ്വരം: കയ്യൂര്‍ രക്തസാക്ഷി പള്ളിക്കാല്‍ അബൂബക്കറിന് ജന്മനാട്ടില്‍ സ്മാരക സ്തൂപം ഉയരുന്നു. ജന്മി നാടുവാഴിത്വത്തിനും വൈദേശികാധിപത്യത്തിനുമെതിരെ തൂക്കുമരം കയറിയ കയ്യൂര്‍ രക്തസാക്ഷികളിലൊരാളായ പള്ളിക്കാല്‍ അബൂബക്കറിന് നീലേശ്വരം നഗരസഭയിലെ പാലായിലാണ് സ്മാരക സ്തൂപം പണിയുന്നത്. മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്ന എന്‍ ജി കമ്മത്തിന്റെ നാമധേയത്തില്‍ പാലായിയിലുള്ള മന്ദിരത്തിന് സമീപമാണ് സ്തൂപം നിര്‍മിക്കുന്നത്. ചരിത്രത്തില്‍ ഇടംനേടിയ പാലായി വിളകൊയ്ത്ത് സമരത്തിലെ പ്രതി കൂടിയായിരുന്നു അബൂബക്കര്‍. പാലായിയിലെ ആദ്യകാല പാര്‍ടി വളണ്ടിയര്‍ കൂടിയായിരുന്നു. നാലേകാല്‍ മീറ്റര്‍ ഉയരവും രണ്ടര മീറ്റര്‍ ചുറ്റളവിലുമാണ് നിര്‍മാണം നടക്കുന്നത്. പാലായിയിലെ രമേശന്‍ കടവത്ത് രൂപകല്‍പന ചെയ്ത സ്തൂപം ശില്‍പി രാജന്‍ ബങ്കളമാണ് ചെങ്കല്ലില്‍ കൊത്തിയെടുക്കുന്നത്. പാലായിയിലെ പാര്‍ടി വളര്‍ച്ചയ്ക്ക് വിത്തുപാകി ചരിത്രത്തിലിടം നേടിയ പള്ളിക്കാല്‍ അബൂബക്കറിന് ജന്മനാട്ടില്‍ ഉചിതമായ സ്മാരകം വേണമെന്ന നാട്ടുകാരുടെ സ്വപ്നമാണ് സിപിഐ എം നേതൃത്വത്തില്‍ നിര്‍മിക്കുന്ന സ്തൂപം. സിപിഐ എം നീലേശ്വരംഏരിയാസമ്മേളനത്തോടനുബന്ധിച്ച് സ്തൂപം ഉദ്ഘാടനം ചെയ്യും.
deshabhimani