By Malakkallu Express:November 22, 2014
കേന്ദ്ര പദ്ധതി നിര്‍വഹണം: ജില്ലക്ക് മികച്ച നേട്ടം
കാസര്‍കോട്: കേന്ദ്രപദ്ധതികളുടെ നിര്‍വഹണത്തില്‍ മികച്ച പുരോഗതി കൈവരിച്ചതായി ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തി. പി കരുണാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന 16 ാം ലോക്സഭയുടെ ആദ്യ ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണു പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തത്. ഗ്രാമീണ തൊഴിലുറുപ്പ് പദ്ധതിയില്‍ ഈ വര്‍ഷം ഇതുവരെ 35 കോടി രൂപ ചെലവായി. കഴിഞ്ഞ വര്‍ഷം ആകെ 62 കോടി രൂപയായിരുന്നു ചെലവ്. 201415ല്‍ ലക്ഷ്യമിടുന്ന 100 കോടി ചെലവ് കൈവരിക്കണമെന്നും നീര്‍ത്തടാടിസ്ഥാനത്തിലുള്ള ആസ്തി നിര്‍മാണത്തിനു പഞ്ചായത്തുകള്‍ ശ്രദ്ധ ചെലുത്തണമെന്നും മോണിറ്ററിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ എംപി നിര്‍ദ്ദേശിച്ചു. കുറഞ്ഞ തുക ചെലവഴിച്ച മംഗല്‍പാടി, മൊഗ്രാല്‍പുത്തൂര്‍, മഞ്ചേശ്വരം, വലിയപറമ്ബ, വോര്‍ക്കാടി പഞ്ചായത്തുകളില്‍ പ്രത്യേക യോഗം ചേരാനും ഓരോ വാര്‍ഡിലും ഒരു പ്രവൃത്തിയെങ്കിലും ആരംഭിക്കാനും തീരുമാനമായി. 10 കോടി രൂപ വേതനയിനത്തില്‍ ബാക്കി നില്‍ക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ വ്യക്തമാക്കി. ഈ വിഷയം അടിയന്തരമായി സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ യോഗംതീരുമാനിച്ചു. ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ 100 ശതമാനം നേട്ടം കൈവരിച്ച ജില്ല, കാസര്‍കോടാണെന്ന് കലക്ടര്‍ മുഹമ്മദ് സഗീര്‍ വ്യക്തമാക്കി. 'നശ്രീ ബീമാ' യോജന പദ്ധതിയില്‍ 13,000 പേരെ ചേര്‍ത്തതായും ഈ പദ്ധതിക്കു തുടക്കം കുറിച്ച ആദ്യത്തെ ജില്ലയാണു കാസര്‍കോടെന്നും അദ്ദേഹം അറിയിച്ചു. ഐഎവൈ പദ്ധതിയില്‍ സംസ്ഥാന വിഹിതം ലഭ്യമാകുന്നതില്‍ താമസമുണ്ടാകുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറഞ്ഞു. സംയോജിത നീര്‍ത്തട പരിപാലന പദ്ധതി, പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന എന്നിവയില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ഫണ്ട് ലഭ്യമായത് ജില്ലക്കാണെന്നു ജില്ലാ ദാരിദ്ര നിര്‍മാര്‍ജന യൂണിറ്റ് പ്രൊജക്‌ട് ഡയറക്ടര്‍ കെ അനില്‍ ബാബു പറഞ്ഞു. പിഎംജിഎസ്വൈ സെക്കന്‍ഡ് എന്ന പേരില്‍ പുതിയ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും ഗുജറാത്തിലെ 'കഡ് ടെക്ക്' എന്ന കണ്‍സല്‍ട്ടിങ് സ്ഥാപനം തയ്യാറാക്കിയ 'ജില്ലാതല ഗ്രാമീണ റോഡു പ്ലാന്‍' രൂപരേഖ ഓരോ തദ്ദേശസ്ഥാപനത്തിനും പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും എക്സീക്യൂട്ടീവ് എന്‍ജിനിയര്‍ എം ശിവശങ്കരപിള്ള പറഞ്ഞു. 'സ്വച്ഛഭാരത് മിഷന്‍' നടപ്പാക്കുന്ന പദ്ധതികള്‍ യോഗത്തില്‍ ജില്ലാ കോഓഡിനേറ്റര്‍ അവതരിപ്പിച്ചു. സമയബന്ധിതമായും കാര്യക്ഷമമായുമുള്ള പദ്ധതി ഏകോപനത്തിനും നടത്തിപ്പിനും ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നു എംപി ആവശ്യപ്പെട്ടു. പരിമിതമായ സാഹചര്യങ്ങളിലും മികച്ച പുരോഗതി പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടായതില്‍ അദ്ദേഹം ഉദ്യോഗസ്ഥരെയും തദ്ദേശസ്ഥാപനങ്ങളേയും അഭിനന്ദിച്ചു. എഡിസി കെ എം രാമകൃഷ്ണന്‍ നന്ദി പറഞ്ഞു.
deshabhimani

