ഭീമനടി: ഹാന്‍ഡ്ബോളില്‍ വിസ്മയം തീര്‍ക്കാന്‍ തായ്ലന്‍ഡിലേക്ക് കമ്പല്ലൂരിലെ പൊന്‍താരവും. 14 മുതല്‍ 22 വരെ തായ്ലന്‍ഡിലെ ഫുക്കേറ്റില്‍ നടക്കുന്ന നാലാമത് ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ ഹാന്‍ഡ്ബോളില്‍ ഇതിഹാസം തീര്‍ക്കാനാണ് നിരവധി സ്വര്‍ണമെഡലുകളുടെ അവകാശിയായ കമ്പല്ലൂര്‍ കൊല്ലാടയിലെ കെ വി നീതു വ്യാഴാഴ്ച ഇന്ത്യന്‍ ടീമിനൊപ്പം യാത്രതിരിക്കുന്നത്. പ്ലസ്ടുവരെ കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിച്ച നീതു അഞ്ചാംക്ലാസ് മുതലാണ് കമ്പല്ലൂരിന്റെ പരുപരുക്കന്‍ ഗ്രൗണ്ടില്‍ ഹാന്‍ഡ് ബോളിന്റെ ആദ്യപാഠം കുറിക്കുന്നത്. കായികാധ്യാപകനായ സോജന്‍ ഫിലിപ്പിന്റെ പരിശീലനത്തില്‍ തിളങ്ങിയ നീതു, വാരിക്കൂട്ടിയ മെഡലുകള്‍ക്ക് കണക്കില്ല. 2005 മുതലാണ് ദേശീയ ടീമില്‍ ഇടം നേടുന്നത്. 2005 മുതല്‍ മുംബൈയില്‍ നടന്ന ദേശീയ മിനി ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് ആദ്യമായി കേരള ടീമില്‍ അംഗമാകുന്നത്. 2007ല്‍ മണിപ്പൂരില്‍ നടന്ന സ്കൂള്‍ മത്സരത്തില്‍ പങ്കെടുത്ത നീതു അതേവര്‍ഷംതന്നെ ഉത്തര്‍പ്രദേശില്‍ നടന്ന ദേശീയ സബ്ജൂനിയര്‍ ഹാന്‍ഡ്ബോളിലും കേരളത്തെ പ്രതിനിധീകരിച്ചു.2008, 2009 വര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ്, 2010ല്‍ ഛത്തീസ്ഗഢില്‍ നടന്ന ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, 2011ല്‍ ഗോവയില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, 2011ല്‍ പഞ്ചാബിലെ ജലന്തറില്‍ നടന്ന ദേശീയ വനിതാവിഭാഗം ചാമ്പ്യന്‍ഷിപ്പ്, 2011ല്‍ ഹരിയാനയില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ്, 2011ല്‍ ചെന്നൈയില്‍ നടന്ന സൗത്ത്സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പ്, 2012 ഈറോഡില്‍ നടന്ന ദേശീയ സീനിയര്‍ സൗത്ത്സോണ്‍ ചാമ്പ്യന്‍ഷിപ്പ്, 2014ല്‍ ഗുജറാത്തില്‍ നടന്ന നാഷണല്‍ സീനിയര്‍ ബീച്ച് ചാമ്പ്യന്‍ഷിപ്പ്, 2014ല്‍ കൊറിയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ സീനിയര്‍ ടീം, 2014ല്‍ ഹരിയാനയില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെല്ലാം ടീം അംഗമായിരുന്നു. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായ കൊല്ലാടയിലെ കുപ്പാടക്കത്ത് കെ വി ബാലന്റെയും പുഷ്പലതയുടെയും രണ്ടുമക്കളില്‍ മൂത്തയാളാണ് തൃശൂര്‍ വിമലകോളേജില്‍ ഒന്നാംവര്‍ഷ പിജി വിദ്യാര്‍ഥിയായ നീതു. സഹോദരി കെ വി നവ്യ.
See more at: http://www.deshabhimani.com