By Malakkallu Express:November 21, 2014
മുത്തുവിളയിക്കാന്‍ റാണിപുരം തയ്യാര്‍
രാജപുരം: കോടമഞ്ഞ് പുതച്ചുകിടക്കുന്ന റാണിപുരത്ത് ഇനി പവിഴമുത്തുകള്‍ വിളയും. കാര്‍ഷികവിജ്ഞാനകേന്ദ്രത്തിന്റെ സഹകരണത്തോടെ റാണിപുരം സെന്റ് മേരീസ് ഇടവകയുടെ കീഴിലാണ് ശുദ്ധജല മുത്തുകൃഷി നടത്തുന്നത്. വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്ബിലിന്റെ നേതൃത്വത്തില്‍ 24 കര്‍ഷകരടങ്ങിയ യൂണിറ്റാണ് മുത്ത് കൃഷിചെയ്യുന്നത്. റാണിപുരം പള്ളിക്കുസമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലം ഇതിനായി തിരഞ്ഞെടുത്തു. ആദ്യഘട്ടമെന്നനിലയില്‍ 26 ബക്കറ്റുകളിലായി ന്യുക്ലിയസ് ഘടിപ്പിച്ച 130 കക്കകള്‍ നിക്ഷേപിച്ചു. 18 മാസത്തിനുശേഷം മുത്തിന് പൂര്‍ണവളര്‍ച്ചയെത്തും. മുത്തുകൃഷിയില്‍ മലയോരത്തിനഭിമാനമായ കെ.ജെ.മത്തച്ചന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ഷകര്‍ക്കൊപ്പമുണ്ട്. കൂടാതെ കൃഷിവിജ്ഞാനകേന്ദ്രത്തിലെ പഠനസംഘവും മുത്തുകൃഷിക്കാവശ്യമായ സഹായങ്ങള്‍ നല്കുന്നു. തണുപ്പുകൂടിയ കാലാവസ്ഥയായതിനാല്‍ റാണിപുരം കൃഷിക്ക് അനുയോജ്യമാണെന്ന് കെ.ജെ.മത്തച്ചന്‍ പറയുന്നു. ബക്കറ്റില്‍ ശേഖരിച്ച പി.എച്ച്. മൂല്യം ആറരയ്ക്കും ഒമ്ബതിനുമിടയിലുള്ള ശുദ്ധജലത്തില്‍ അകത്ത് ന്യൂക്ലിയസ് ഘടിപ്പിച്ച കക്ക നിക്ഷേപിക്കുന്നതാണ് കൃഷിയുടെ തുടക്കം. കക്കയ്ക്ക് ഭക്ഷണത്തിനായി സൈപ്രസ് പ്ലാങ്ക് എന്ന ജീവിയെ ബക്കറ്റിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വളര്‍ത്തും. കോര്‍ല എന്ന പായലാണ് സൈപ്രസ് പ്ലാങ്കിന്റെ ഭക്ഷണം. സൈപ്രസിനെ ഭക്ഷിക്കുന്ന കക്ക ക്രമേണ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു. പ്രോട്ടീന്‍ കക്കയ്ക്കുള്ളിലെ ന്യൂക്ലിയസുമായിച്ചേര്‍ന്ന് നാര്‍ക്രോട്ടിക് ആവുകയും 18 മാസത്തിനുശേഷം മുത്തായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. 25 ലിറ്റര്‍ വെള്ളത്തില്‍ പത്ത് കക്കകളെ വളര്‍ത്താനാവും. മുത്തിന്റ ഗുണമേന്മയനുസരിച്ച് 150 രൂപ മുതല്‍ 1,000 വരെ വില ലഭിക്കുന്നതായി കെ.ജെ.മത്തച്ചന്‍ പറയുന്നു. കക്കയ്ക്കുള്ളില്‍നിന്ന് മുത്ത് പുറത്തെടുത്തശേഷം കക്കയുപയോഗിച്ച് കരകൗശല വസ്തുക്കളും നിര്‍മിക്കാനാകും. കാട്ടുമൃഗങ്ങളുടെ ശല്യവും കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയുംമൂലം വലയുന്ന മലയോരകര്‍ഷകര്‍ മുത്തുകൃഷി പുതിയ വരുമാനത്തിന് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ്.
mathrubhoomi
mathrubhoomi

