By Malakkallu Express:December 02, 2014
ദുരന്തത്തിന് 30 വയസ്; വേദനിപ്പിക്കുന്ന ഓര്‍മകളുമായി ഭോപ്പാല്‍
ഭോപ്പാല്‍ • ലോകം കണ്ട ഏറ്റവും വലിയ വ്യവസായിക ദുരന്തമായ ഭോപ്പാല്‍ ദുരന്തത്തിന് ഇന്ന് 30 വര്‍ഷം. അമേരിക്കന്‍ ബഹുരാഷ്ട്ര കന്പനിയായ യുണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്‍റെ ഭോപ്പാല്‍ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചേ്ചാര്‍ച്ചയില്‍ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. ദുരന്തത്തിന്‍റെ ബാക്കിപത്രംപോലെ ഇപ്പോഴും ജന്മമെടുക്കുന്ന കുരുന്നകള്‍ ജീവിക്കുന്നു. ദുരന്തത്തിനിരയായവര്‍ നീതി തേടുന്പോഴും കുറ്റവാളികള്‍ക്ക് ഉചിതമായ ശിക്ഷ നല്‍കാന്‍ ഇനിയും ഭരണകൂടത്തിനായിട്ടില്ല. 2001ല്‍, ദുരന്തം ഉണ്ടായി 17 വര്‍ഷങ്ങള്‍ക്കു ശേഷം യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനെ ഡൗ കെമിക്കല്‍ കന്പനി വാങ്ങി.1984 ഡിസംബര്‍ രണ്ട്. രാത്രി പത്തര. പകലത്തെ അധ്വാനം കഴിഞ്ഞ് ഭോപ്പാല്‍ നഗരത്തില്‍ ഉറങ്ങാന്‍ കിടന്നവരെ ഉണര്‍ത്തിയത് സുപ്രഭാതമല്ല; വിഷവാതകമായിരുന്നു. ഇരുട്ടിനും കാറ്റിനുമൊപ്പം അതു പറന്നുവന്നു. യൂണിയന്‍ കാര്‍ബൈഡ് എന്ന ബഹുരാഷ്ട്ര കന്പനിയുടെ ഭോപ്പാലിലുള്ള കീടനാശിനി പ്ളാന്‍റില്‍ നിന്നു ചോര്‍ന്ന മീഥല്‍ൈ ഐസോ സയനേറ്റ് (എംഐസി) എന്ന വിഷവാതകമായിരുന്നു അത്. ജീവന്‍ രക്ഷിക്കാന്‍ പിടഞ്ഞോടിയവരെ പിറകെ കൂടി മരണം ശ്വാസംമുട്ടിച്ചു. 2259 പേര്‍കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രാഥമിക കണക്ക്. പിന്നീട് ഒൗദ്യോഗിക കണക്ക് 3789 പേര്‍ എന്നായി. എണ്ണായിരത്തോളം പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുമുണ്ട്. ഏഴു ലക്ഷത്തിനു മീതെയായിരുന്നു അന്ന് നഗര ജനസംഖ്യ.മീഥല്‍ൈ ഐസോ സയനേറ്റ് ഉപയോഗിച്ച് സെവിന്‍ എന്ന കീടനാശിനി ഉണ്ടാക്കുന്ന പ്ളാന്‍റായിരുന്നു ഭോപ്പാലിലേത്. രാത്രി പതിനൊന്നരയോടെ പ്ളാന്‍റിലെ ജീവനക്കാര്‍ക്കു കണ്ണെരിച്ചില്‍ അനുഭവപ്പെട്ടതോടെയാണ് എവിടെയോ വാതക ചോര്‍ച്ച ഉണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും എംഐസി. ടാങ്കിന്‍റെ താപനിലയും മര്‍ദവും ക്രമാതീതമായി കൂടി മുകളിലുള്ള കോണ്‍ക്രീറ്റ് സ്ളാബ് ശബ്ദത്തോടെ ഇളകാന്‍ തുടങ്ങിയിരുന്നു.ഉറങ്ങിക്കിടന്നിരുന്ന ജനങ്ങള്‍ കണ്ണുനീറ്റലും ശ്വാസതടസ്സവും കാരണം പരിഭ്രാന്തരായി വീടുകളില്‍ നിന്നു പുറത്തു ചാടി. ചുമയും ഛര്‍ദിയും അവരെ തളര്‍ത്തി. കിട്ടിയ വാഹനത്തില്‍ നഗരം വിടാന്‍ മനുഷ്യര്‍ പരക്കംപാഞ്ഞു. ഛര്‍ദിച്ചുതളര്‍ന്ന ഹതഭാഗ്യര്‍ കുഴഞ്ഞുവീണു.മണിക്കൂറുകള്‍ക്കുള്ളില്‍ റോഡുകളും വീടുകളും റയില്‍വേ പ്ളാറ്റ്‌ഫോമുകളും മനുഷ്യരുടെയും കന്നുകാലികളുടെയും ജഡങ്ങള്‍ കൊണ്ടു നിറഞ്ഞു. നേരം വെളുക്കുന്പോഴേക്കും നഗരം ഗ്യാസ് ചേംബറായി കഴിഞ്ഞിരുന്നു. ആയിരക്കണക്കിനാളുകള്‍ അന്ധരായി. ദുരന്തത്തെ കഷ്ടിച്ച് അതിജീവിച്ച ലക്ഷങ്ങള്‍ മരിച്ചുജീവിക്കാന്‍ വിധിക്കപ്പെട്ടവരായി. ഗര്‍ഭം അലസല്‍, ചാപിള്ളകളെ പ്രസവിക്കല്‍, പേശികള്‍ക്കു ബലക്ഷയം, കുടല്‍ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഈ ദുരന്തം സൃഷ്ടിച്ച നരകയാതനകള്‍ക്കു കയ്‌യും കണക്കുമില്ല. 42 ടണ്‍ മീഥല്‍ൈ ഐസോ സയനേറ്റാണ് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ടാങ്കില്‍ ദ്രവരൂപത്തില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ വെള്ളം കയറിയതാണ് അപകടകാരണമെന്നായിരുന്നു വിശദീകരണം.ഭോപ്പാല്‍ ദുരന്തം ചിത്രത്തിലും മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഭോപ്പാല്‍ വാതക ദുരന്തം പ്രമേയമാക്കിയ ഭോപ്പാല്‍: എ പ്രയര്‍ ഫോര്‍ റെയ്ന്‍ എന്ന ചിത്രം ഈ വെള്ളിയാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. കഴിഞ്ഞ മാസം ഏഴിന് ചിത്രം യുഎസില്‍ റിലീസ് ചെയ്തിരുന്നു. ദുരന്തത്തിന്‍റെ നാള്‍വഴി: 1984 ഡിസംബര്‍ രണ്ട്: നേരം പുലരാനിരിക്കെ ഭോപ്പാല്‍ നഗരത്തില്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ആയിരങ്ങള്‍ മരിക്കുന്നു 1984 ഡിസംബര്‍ ഏഴ്: യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ അറസ്റ്റ് ചെയ്ത് 25,000 രൂപ ജാമ്യത്തില്‍ വിടുന്നു. 1987 ഡിസംബര്‍ ഒന്ന്: എട്ട് ഉന്നതോദ്യോഗസ്ഥര്‍ക്കെതിരെ സിബിഎെയുടെ കുറ്റപത്രം. കേസ് സിജെഎം കോടതിയില്‍ 1988 നവംബര്‍: ആന്‍ഡേഴ്സന്‍ മുങ്ങുന്നു 1991 ഒക്‌ടോബര്‍: 47 കോടിയുടെ ഒത്തുതീര്‍പ്പു കരാര്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അംഗീകരിക്കുന്നു 1992 മേയ്: പ്രതികളില്‍ ഇന്ത്യക്കാരായ ഒന്‍പതുപേരെ വിദേശ പ്രതികളില്‍നിന്നു മാറ്റി വേറെ വിചാരണ ചെയ്‌യാന്‍ വിധി 1993: ഭോപ്പാല്‍ കേസ് വിഭജിക്കപ്പെടുന്നു. ആന്‍ഡേഴ്സനെ കണ്ടെത്താനുള്ള കേസ് സിജെഎം കോടതിയിലേക്കും ക്രിമിനല്‍ നടപടിക്രമങ്ങള്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്കും. 2014: പിടികിട്ടാപ്പുള്ളിയായ വാറന്‍ ആന്‍ഡേഴ്സന്‍ മരണത്തിനു കീഴടങ്ങി. ദുരന്തത്തിന് ഇരകളായി, രോഗികളായി ഭോപ്പാല്‍ നിവാസികള്‍ ഇപ്പോഴും ജീവിക്കുന്നു.
manorama

