By Malakkallu Express:December 08, 2014
യുഎസ് ആക്രമണത്തില്‍ അല്‍ക്വയ്ദ നേതാവ് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: നോര്‍ത്ത് വസിറിസ്ഥാനിലെ ദത്താഖേല്‍ മേഖലയില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം(ഡ്രോണ്‍) നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അല്‍ക്വയ്ദ ഓപ്പറേഷന്‍സ് മേധാവി ഉമര്‍ ഫറൂക്ക് കൊല്ലപ്പെട്ടു. 
ശനിയാഴ്ച സൌത്ത് വസിറിസ്ഥാന്‍ മേഖലയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മറ്റൊരു അല്‍ക്വയ്ദ ഉന്നതനായ അഡ്നാന്‍ ഷുക്രുജിമാ കൊല്ലപ്പെട്ടിരുന്നു. അടുത്തടുത്ത ദിവസങ്ങളില്‍ അല്‍ക്വയ്ദയുടെ രണ്ട് ഉന്നതര്‍ കൊല്ലപ്പെട്ടത് സംഘടനയ്ക്ക് തിരിച്ചടിയായി. ദത്താഖേലില്‍ ഇന്നലെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഫറൂക്കിനു പുറമേ നാല് ഭീകരര്‍കൂടി കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇതേസമയം, അഫ്ഗാനിസ്ഥാനില്‍ നടന്ന മറ്റൊരു യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്ബതു താലിബാന്‍കാര്‍ക്കു ജീവഹാനി നേരിട്ടു. ദത്താഖേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉമര്‍ ഉസ്താദ്, ഉസ്താദ് ഫറൂക്ക് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഫറൂക്ക് നേരത്തെ അല്‍ക്വയ്ദയുടെ പാക്കിസ്ഥാനിലെ വക്താവായി പ്രവര്‍ത്തിച്ചിരുന്നു. അല്‍ക്വയ്ദയില്‍ ഉന്നതപദവിയിലേക്ക്പ്രൊമോഷന്‍ ലഭിച്ച ആദ്യത്തെ പാക് സ്വദേശിയാണു ഫറൂക്ക്. ശനിയാഴ്ച സൌത്ത് വസിറിസ്ഥാനില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷുക്രുജിമ അല്‍ക്വയ്ദയുടെ ആഗോള സൈനിക ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ തലവനായിരുന്നു. ന്യൂയോര്‍ക്ക് സബ്്വേയില്‍ ആക്രമണത്തിനു ഗൂഢാലോചന നടത്തിയതിന് അമേരിക്ക അന്വേഷിച്ചുവന്നിരുന്ന ഭീകരനാണ്. താലിബാന്‍ നേതാവിനെ പാക്കിസ്ഥാനു കൈമാറി പെഷവാര്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന മൂന്നു താലിബാന്‍കാരെ പാക്കിസ്ഥാനു കൈമാറി. മുന്‍ താലിബാന്‍ നേതാവ് ഹക്കീമുള്ള മെഹ്സൂദിന്റെ വിശ്വസ്തനായിരുന്ന ലത്തീഫ് മെഹ്സൂദിനെയും ജാഫര്‍, അസീസ് എന്നീ ഗാര്‍ഡുമാരെയുമാണു പാക്കിസ്ഥാനിലെത്തിച്ചതെന്ന് ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു. ഹക്കീമുള്ള മെഹ്സൂദ് നേരത്തെ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ അറസ്റ്റിലായ പ്രമുഖ താലിബാന്‍ നേതാക്കളെ വിട്ടുകിട്ടണമെന്നു നേരത്തെ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നതാണ്.

