By Malakkallu Express:December 07, 2014
ജില്ലാസമ്മേളനം ഉദുമ ഒരുങ്ങുന്നു
ചട്ടഞ്ചാല്‍: സിപിഐ എം ജില്ലാസമ്മേളനം വന്‍ വിജയമാക്കുന്നതിന് ഉദുമ ഏരിയയില്‍ വിപുലമായ തയ്യാറെടുപ്പ്. സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏരിയയിലെ എല്ലാ ഗ്രാമങ്ങളിലും നിരന്നുകഴിഞ്ഞു. ജനുവരി ഒമ്പതുമുതല്‍ 11 വരെ കോളിയടുക്കത്ത് ചേരുന്ന പ്രതിനിധി സമ്മേളനവും ചട്ടഞ്ചാലില്‍ നടക്കുന്ന റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. സമ്മേളനത്തിന്റെ സന്ദേശവുമായി ബോര്‍ഡുകളും പോസ്റ്ററുകളും നാടെങ്ങും നിരന്നു. സമ്മേളന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പ്രധാനകേന്ദ്രങ്ങളില്‍ മനോഹരമായ കുടിലുകള്‍ ഉയര്‍ന്നു.പ്രധാന സംഘാടകസമിതിക്ക് പുറമെ പ്രാദേശിക സംഘാടക സമിതികളും രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ഉദുമ ഏരിയയിലെ 132 ബ്രാഞ്ചിലും പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ചു. ശനിയാഴ്ചയോടെ ഇവയുടെ രൂപീകരണം പൂര്‍ത്തിയായി. ബ്രാഞ്ച് അതിര്‍ത്തിയിലെ കുടുംബങ്ങളുടെ സംഗമമായിരുന്നു സംഘാടകസമിതി രൂപീകരണം. പാര്‍ടി സമ്മേളനം വന്‍ വിജയമാക്കാന്‍ ഗ്രാമീണജനത ആവേശത്തോടെ മുന്നോട്ടുവരുന്ന കാഴ്ചയാണ് എല്ലായിടത്തുമുണ്ടായത്. ജില്ലാ, ഏരിയാ, ലോക്കല്‍ നേതാക്കള്‍ സമ്മേളന പരിപാടികള്‍ വിശദീകരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകള്‍ കയറിയിറങ്ങി സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളെ അറിയിക്കാനും പ്രാദേശിക സംഘാടകസമിതികള്‍ തീരുമാനിച്ചു. സമ്മേളനത്തിനാവശ്യമായ ഫണ്ടും ഇതോടൊപ്പം ശേഖരിക്കും.
ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ഏരിയയിലെ എല്ലാ ലോക്കലിലും ഓരോ അനുബന്ധ പരിപാടിയും കായികമത്സരവും സംഘടിപ്പിക്കും. പാലക്കുന്നില്‍ പാര്‍ടി രൂപീകരണത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സെമിനാര്‍ നടന്നു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. 15ന് ചട്ടഞ്ചാല്‍ ലോക്കലിലെ തെക്കിലില്‍ "സ്ത്രീശാക്തീകരണം നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. പള്ളിക്കര ബേക്കലില്‍ 18ന് "മതന്യൂനപക്ഷവും ഇടതുപക്ഷവും' സെമിനാര്‍ നടക്കും. ടി കെ ഹംസ, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ സംസാരിക്കും. 22ന് "ഇന്ത്യന്‍ ദേശീയത നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. 26ന് മാങ്ങാട് യുവജന- വിദ്യാര്‍ഥി സംഗമം നടക്കും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, സോഫിയ മലപ്പുറം എന്നിവര്‍ സംസാരിക്കും. 14ന് മാങ്ങാട് കമ്പവലി മത്സരവും നടക്കും.
deshabhimani

