By Malakkallu Express:December 08, 2014
ഡിഎല്‍എഫ് ഫ്ലാറ്റ് പൊളിച്ചുമാറ്റണം: ഹൈക്കോടതി
കൊച്ചി: ചെലവന്നൂര്‍ കായല്‍ കയ്യേറി ഡി എല്‍ എഫ് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ഇത്തരവിട്ടു. 2007-ല്‍ കൊച്ചി കോര്‍പ്പറേഷന്‍ നല്‍കിയ നിര്‍മ്മാണ അനുമതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും ഡി എല്‍ എഫിനെ ഹൈക്കോടതി വിലക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡി എല്‍ എഫിന് അനുമതി നല്‍കിയതില്‍ കൊച്ചി കോര്‍പ്പറേഷനെ ഹൈക്കോടതി വിമര്‍ശിച്ചു.
ഡി എല്‍ എഫ് കായല്‍ കൈയേറിയതായും തീരപരിപാലന ചട്ടങ്ങള്‍ ലംഘിച്ചതായും മൂന്നംഗ വിദഗ്ധ സമിതി നടത്തിയ കണ്ടെത്തലും ഹൈക്കോടതി പരിഗണിച്ചു. അതേസമയം ചെലവന്നൂര്‍ കായല്‍ തീരത്ത് അനധികൃതമെന്ന് കണ്ടെത്തിയ 19 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഡിഎല്‍ എഫിനെതിരായ ഹൈക്കോടതി ഉത്തരവ് ബാധകമായേക്കും. തീരപരിപാലന നിയമം ലംഘിച്ചാണ് വന്‍കിട നിര്‍മ്മാണ കമ്ബനികള്‍ ഫ്ലാറ്റ് നിര്‍മ്മിച്ചതെന്ന് സി എ ജി നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് നിര്‍ണായകമാണ്.

