By Malakkallu Express:December 21, 2014
ഹൈകോടതി തകര്‍ത്തത് ഗതാഗത വകുപ്പിലെ വമ്ബന്‍ ക്രമക്കേട്
തിരുവനന്തപുരം: സൂപ്പര്‍ ക്ളാസ് ദേശസാത്കരണ വിഷയത്തിലെ ഹൈകോടതി ഇടപെടലില്‍ തകര്‍ന്നത് ഗതാഗതവകുപ്പിലെ വമ്ബന്‍ ക്രമക്കേട്. സ്വകാര്യ ബസുടമകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനാകുംവിധം ദേശസാത്കരണം അട്ടിമറിക്കാന്‍ മന്ത്രിമാര്‍ അടക്കം നടത്തിയ വഴിവിട്ട നീക്കങ്ങളാണ് കോടതി ഇടപെടലില്‍ തകര്‍ന്നത്.
സംസ്ഥാനത്തെ 241 സ്വകാര്യ സൂപ്പര്‍ ക്ളാസ് പെര്‍മിറ്റുകളും കെ.എസ്.ആര്‍.ടി.സി സ്വന്തമാക്കുമെന്ന സ്ഥിതി വന്നതോടെ ആഡംബര ബസുകള്‍ കോണ്‍ട്രാക്‌ട് കാരേജുകളായി ഓടിച്ച് തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ് ബസുടമകള്‍. ദേശസാത്കരണം അട്ടിമറിക്കാന്‍ മുന്നില്‍ നിന്ന കോട്ടയത്തെ പ്രമുഖ ബസ് കമ്ബനി മുണ്ടക്കയത്തുനിന്ന് തിരുവനന്തപുരത്തേക്ക് ആഡംബര ബസ് സര്‍വിസ് തുടങ്ങി. മലബാറിലെ വിവിധ സ്ഥലങ്ങളിലേക്കും ഇത്തരം സര്‍വിസുകളുണ്ട്.
1999ല്‍ ഇടത് സര്‍ക്കാര്‍ കേരള മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്ത് സ്വകാര്യ സൂപ്പര്‍ ക്ളാസുകള്‍ കെ.എസ്.ആര്‍.ടി.സിക്കായി നീക്കിവെച്ചിരുന്നു. ഇതിനെതിരായ ഹരജിയില്‍ ചട്ടംകൊണ്ട് കാര്യമില്ളെന്നും 99ാം വകുപ്പുപ്രകാരം ദേശസാത്കരിക്കണമെന്നും 2003ല്‍ ഹൈകോടതി നിര്‍ദേശിച്ചു. 2013 ജൂലൈയില്‍ ആര്യാടന്‍ മുഹമ്മദ്ഗതാഗതമന്ത്രിയായിരിക്കെ നിയമഭേദഗതിയിലൂടെ ദേശസാത്കരണം നടപ്പാക്കി. 2014 മാര്‍ച്ച് 17ന് സ്വകാര്യ ബസുകളുടെ കാലാവധി തീരുന്ന മുറക്ക് ഈ പെര്‍മിറ്റുകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍വിസ് നടത്താമെന്ന് ഹൈകോടതിയും ഉത്തരവിട്ടു. ഇതനുസരിച്ച് കഴിഞ്ഞ ജൂണ്‍ 21 മുതല്‍ ആഗസ്റ്റ് ഒമ്ബതുവരെ 41 സ്വകാര്യ സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തു. ഇതിനിടെ ആഗസ്റ്റ് 17ന് അപ്രതീക്ഷിതമായി സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടി നല്‍കാന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് ബസില്ല എന്നതായിരുന്നു ന്യായം. ബസുണ്ടെന്ന് കോര്‍പറേഷന്‍ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഇതോടെ കെ.എസ്.ആര്‍.ടി.സിയും താല്‍ക്കാലിക പെര്‍മിറ്റ് നേടിയ സ്വകാര്യ ബസുകളും ഒരേ റൂട്ടില്‍ മത്സരിച്ച് ഓടാന്‍ തുടങ്ങി. കഴിഞ്ഞ നവംബര്‍ 30ന് അവസാനിച്ച 135 ദിവസത്തിനിടെ 41 റൂട്ടുകളില്‍നിന്ന് 4.05 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടവും സംഭവിച്ചു. ഈ തീരുമാനത്തിന്‍െറ കാലാവധി നവംബര്‍ 17ന് അവസാനിച്ചിരുന്നു.
പുതിയ ബസുകള്‍ വന്നുതുടങ്ങിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഈ പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, സ്വകാര്യ സൂപ്പര്‍ ക്ളാസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് വീണ്ടും നീട്ടിനല്‍കാനാണ് ഗതാഗത വകുപ്പ് ശ്രമിച്ചത്. ദേശസാത്കരണം നടപ്പാക്കുമെന്ന് തൊഴിലാളി സംഘടനകള്‍ക്കും മറ്റും മന്ത്രി ഉറപ്പുനല്‍കിയതിന് തൊട്ടുപിന്നാലെ ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി പി. ചന്ദ്രശേഖരന്‍ സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ളാസ് പെര്‍മിറ്റ് നല്‍കില്ളെന്ന് ഹൈകോടതിയില്‍ പറയേണ്ടിവന്നതോടെ ഈ നീക്കങ്ങളെല്ലാം പൊളിഞ്ഞു. 2014ല്‍ 92 സ്വകാര്യ സൂപ്പര്‍ ക്ളാസുകളുടെ പെര്‍മിറ്റാണ് അവസാനിക്കുന്നത്. 2015ല്‍ 52, 2016ല്‍ 47, 2017ല്‍ 49, 2018ല്‍ ഒന്ന് എന്നിങ്ങനെയാണ് ഓരോ വര്‍ഷവും ഏറ്റെടുക്കേണ്ട സര്‍വിസുകളുടെ എണ്ണം. സ്വകാര്യ ഉടമകളുടെ സമാന്തര സര്‍വിസുകള്‍ക്ക് ഒത്താശ നല്‍കാനാണ് ഗതാഗത വകുപ്പ് ഇപ്പോള്‍ ശ്രമിക്കുന്നത്.

