By Malakkallu Express:December 21, 2014
ദേവയാനി ഖോബ്രഗഡെയെ ചുമതലകളില്‍നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി: ജോലിക്കാരിയുടെ വിസയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കേസില്‍ അമേരിക്കയില്‍ നിയമനടപടി നേരിട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്‌ഥ ദേവയാനി ഖോബ്രഗഡെയെ പദവികളില്‍നിന്നും ഉത്തരവാദിത്വങ്ങളില്‍നിന്നും വിദേശകാര്യമന്ത്രാലയം ഒഴിവാക്കി. വിദേശകാര്യമന്ത്രാലയത്തിലെ വികസന -സഹകരണ വകുപ്പിലെ ഡയറക്‌ടര്‍ സ്‌ഥാനവും അവര്‍ക്കു നഷ്‌ടമായി. മുന്‍കൂര്‍ അനുമതി വാങ്ങാതെ മാധ്യമ പ്രസ്‌താവന നടത്തി എന്നാരോപിച്ചാണു നടപടി. എന്നാല്‍ മകള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ ശ്രമിച്ചതും ഭര്‍ത്താവ് യു.എസ്. പൗരനാണെന്നതു മറച്ചുവച്ചതിനുമാണു നടപടിയെന്നു സൂചനയുണ്ട്.
കഴിഞ്ഞ വര്‍ഷം സംഗീത റിച്ചാര്‍ഡ്‌സ് എന്ന വീട്ടുജോലിക്കാരി നല്‍കിയ പരാതിയെ തുടര്‍ന്നു ദേവയാനിയെ അമേരിക്കന്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു കൈയ്യാമംവച്ചത് ഇന്ത്യാ- അമേരിക്കന്‍ ബന്ധത്തെ ഉലച്ചിരുന്നു, എന്നാല്‍ ദേവയാനി യു.എസിലേക്കു കുടിയേറാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണു വേലക്കാരിയുടെ പരാതി ഉണ്ടായതെന്നാണു സര്‍ക്കാരിനു ലഭിച്ച വിവരം.
സര്‍വീസില്‍ ജൂണിയറായ ദേവയാനിക്ക് അമേരിക്കയില്‍ പോസ്‌റ്റിംഗ് ലഭിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ട്. മുംബെയിലെവിവാദത്തില്‍ കുടുങ്ങിയ ആദര്‍ശ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ ദേവയാനി ഫ്‌ളാറ്റ് വാങ്ങിയത് സംബന്ധിച്ചും സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്

