Headlines
By Malakkallu Express:December 14, 2014

കിടമത്സരത്തില്‍ കിതച്ച്‌ ബി.എസ്‌.എന്‍.എല്‍

കോട്ടയം: കൃത്യമായ സേവനങ്ങള്‍ നല്‍കാത്തതിനാല്‍ ബി.എസ്‌.എന്‍.എല്‍. കേരള റീജണിലെ ഉപയോക്‌താക്കള്‍ കൂട്ടത്തോടെ സ്വകാര്യടെലികോം കമ്പനികളിലേക്കു ചേക്കേറുന്നു. രാജ്യത്ത്‌ ബി.എസ്‌.എന്‍.എല്ലിനു നമ്പര്‍ പോര്‍ട്ടബിലിറ്റി മുഖേന നഷ്‌ടമാകുന്ന ഉപയോക്‌താക്കളില്‍ ഏറിയകൂറും കേരളത്തില്‍ നിന്നാണ്‌. രാജ്യത്താകെ 10.22 കോടിയാണ്‌ ബി.എസ്‌.എന്‍.എല്‍. ഉപയോക്‌താക്കള്‍.

സംസ്‌ഥാനത്താകെ 2.65 കോടി മൊബൈല്‍ വരിക്കാരാണുള്ളത്‌. ഒന്നാമതുള്ള ഐഡിയയ്‌ക്ക്‌ 88 ലക്ഷവും രണ്ടാംസ്‌ഥാനത്തുള്ള ബി.എസ്‌.എന്‍.എല്ലിനു 71.5 ലക്ഷവും വരിക്കാരുണ്ട്‌. വോഡഫോണിനു 67 ലക്ഷവും എയര്‍ടെല്ലിനു 37.5 ലക്ഷവും ഉപയോക്‌താക്കളുണ്ട്‌.
പ്രതിമാസം 372 കോടി രൂപ വരുമാനം ഉള്ളതാണ്‌ കേരളത്തിലെ മൊബൈല്‍ മേഖല. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്‌,പാലക്കാട്‌ കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ്‌ ബി.എസ്‌.എന്‍.എല്ലില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക്‌ ശക്‌തം. ഈ ജില്ലകളില്‍ ബി.എസ്‌.എന്‍.എല്‍. ടവറുകളുടെ ബാറ്ററികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട്‌ മാസങ്ങളായി. മൂന്നു വര്‍ഷമായി ടവറുകള്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ ബി.എസ്‌.എന്‍.എല്‍. വാങ്ങാറില്ല. ബി.എസ്‌.എന്‍.എല്‍. അധികൃതരും സ്വകാര്യ ടെലികോം കമ്പനികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്ന്‌ ആക്ഷേപമുണ്ട്‌. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്‌ഥാനത്തെ ബി.എസ്‌.എന്‍.എല്‍ നെറ്റ്‌വര്‍ക്ക്‌ വളര്‍ന്നെങ്കിലും സാങ്കേതികവികസനത്തിനു തയാറായിട്ടില്ല. ടവര്‍ പങ്കുവയ്‌ക്കല്‍ നടപ്പിലാക്കിയതോടുകൂടിയാണ്‌ കേരളത്തില്‍ ബി.എസ്‌.എന്‍.എല്ലിന്റെ ശനിദശ ആരംഭിച്ചത്‌. ടവറില്‍ സ്വകാര്യകമ്പനികളുടെ പങ്കാളിത്തം വന്നതോടെ ബി.എസ്‌.എന്‍.എല്‍. കുത്തകയായി വച്ചിരുന്ന സ്‌ഥലങ്ങളിലും സ്വകാര്യ ടെലികോം കമ്പനികള്‍ കടന്നുകയറി.
mangalam malayalam online newspaper
ബി.എസ്‌.എന്‍.എല്ലില്‍ ഒരു വിഭാഗം എന്‍ജിനീയര്‍മാരും ചീഫ്‌ ജനറല്‍ മാനേജരും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളും സമരവും നെറ്റ്‌വര്‍ക്ക്‌ വിപുലീകരണത്തെ ബാധിച്ചു. ബി.എസ്‌.എന്‍.എല്ലില്‍ നിന്നുള്ള ഇന്റര്‍കണക്‌ടിവിറ്റി കൂട്ടിയിട്ടില്ല. സ്വകാര്യ കമ്പനികളിലെ ഉപയോക്‌താക്കളെ ബി.എസ്‌.എന്‍.എല്‍. നെറ്റ്‌വര്‍ക്കില്‍നിന്നു വിളിക്കുമ്പോഴും തിരിച്ചു വിളിക്കുമ്പോഴും കിട്ടാതെ വരുന്നതിന്റെയും ഇടയ്‌ക്കുവച്ച്‌ കട്ടാവുന്നതിന്റെയും കാരണം കണക്‌ടിവിറ്റിയുടെ പരിമിതി മൂലമാണ്‌. കണക്‌ടിവിറ്റി കൂടുമ്പോള്‍ ലഭിക്കുന്ന വരുമാനം പങ്കിടണമെന്നാണു നിയമം. എന്നാല്‍ തങ്ങളുടെ കൊള്ളലാഭം ബി.എസ്‌.എന്‍.എല്ലിനു നല്‍കാതിരിക്കാനാണ്‌ മറ്റു കമ്പനികള്‍ കണക്‌ടിവിറ്റി കുറക്കുന്നത്‌. അധികൃതരുടെ അറിവോടെ ബി.എസ്‌.എന്‍.എല്ലിന്റെ കണക്‌ടിവിറ്റി സ്വകാര്യ കമ്പനികളുടെ സാങ്കേതികവിഭാഗം മുറിച്ചുകളയാറുണ്ട്‌. ഇതാണ്‌ ബി.എസ്‌.എന്‍.എല്‍ ഫോണുകള്‍ കൂട്ടത്തോടെ തകരാറിലാകുവാന്‍ കാരണം. നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം വന്നതോടെ ഏറ്റവുംകൂടുതല്‍ ഉപയോക്‌താക്കളെ ബി.എസ്‌.എന്‍.എല്ലിനു ലഭിച്ചത്‌ ഐഡിയയില്‍ നിന്നായിരുന്നു. ഇതു തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ കണക്‌ടിവിറ്റി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നൂം സൂചനയുണ്ട്‌.

Filed under .

0 comments for "കിടമത്സരത്തില്‍ കിതച്ച്‌ ബി.എസ്‌.എന്‍.എല്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas